റിയൽ എസ്റ്റേറ്റ് വിട്ടൊരു കളിയില്ല, 2024ൽ സമ്പത്തിന്റെ 50 ശതമാനത്തിലധികം ഭൂമിയിലും ഫ്ലാറ്റിലും
Mail This Article
അടിസ്ഥാന സൗകര്യ വികസനം നടക്കുന്ന ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ കുതിച്ചുയരുകയാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ്. മൂലധന വിലമതിപ്പിനും വാടക വരുമാനത്തിനും ഉള്ള സാധ്യതയാണ് റിയൽ എസ്റ്റേറ്റിനെ ആകർഷകമായ ദീർഘകാല നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിലും റിയൽ എസ്റ്റേറ്റിനെ വിശ്വസിക്കാവുന്ന ആസ്തിയായി കാണുന്നുണ്ട്.
പ്രതീക്ഷ മറികടക്കുന്ന നിക്ഷേപം
ശക്തമായ വളർച്ചയുടെയും രാഷ്ട്രീയ സ്ഥിരതയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപം 2024ൽ 890 കോടി ഡോളറിലെത്തി. മുന്‍ വർഷത്തെ 580 കോടി ഡോളറിൽ നിന്ന് 51 ശതമാനം വർധനവാണ് ഇത്. പ്രമുഖ ആഗോള വാണിജ്യ റിയൽ എസ്റ്റേറ്റ്, നിക്ഷേപ മാനേജ്മെന്റ് കമ്പനിയായ ജെഎൽഎല്ലിന്റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഇടപാടുകളുടെ എണ്ണത്തിൽ 47 ശതമാനം വർദ്ധനവുണ്ടായി
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി), അനാറോക്ക് എന്നിവ നടത്തിയ സർവേ പ്രകാരം, ഇന്ത്യക്കാർക്ക് നിക്ഷേപത്തിന് ഏറ്റവും ഇഷ്ടപ്പെടുന്ന ആസ്തി വിഭാഗമാണ് റിയൽ എസ്റ്റേറ്റ്. അപ്പാർട്ട്മെന്റുകൾ ആണ് ഇതിൽ കൂടുതൽ വില്പന നടക്കുന്നത്. 14 നഗരങ്ങളിലായി 24-നും 78-നും ഇടയിൽ പ്രായമുള്ള 7,615 പേരിൽ 59 ശതമാനം പേരും റിയൽ എസ്റ്റേറ്റിനെയാണ് ഏറ്റവും ഇഷ്ടപ്പെടുന്ന ആസ്തി വിഭാഗമായി തിരഞ്ഞെടുത്തത്. വാങ്ങുന്നവരിൽ 67 ശതമാനം പേരും സ്വന്തം ഉപയോഗത്തിനായി റിയൽ എസ്റ്റേറ്റ് വാങ്ങുമ്പോൾ 33 ശതമാനം പേർ നിക്ഷേപം നടത്തുന്നുവെന്നും സർവേയിൽ പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 35 ശതമാനം പേർ 45 മുതൽ 90 ലക്ഷം രൂപ വരെയുള്ള ബജറ്റ് വിഭാഗത്തിനും 28 ശതമാനം പേർ 90 ലക്ഷം മുതൽ 1.5 കോടി രൂപ വരെ വിലയുള്ള വീടുകൾക്കും മുൻഗണന നൽകി. സ്ഥലം, നിർമാണ ഗുണനിലവാരം, യൂണിറ്റ് വലുപ്പം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 53 ശതമാനത്തിലധികം വീട് വാങ്ങുന്നവർ നിലവിലെ വിലകളിൽ അസംതൃപ്തരാണെന്ന് സമ്മതിച്ചു.
വാടക കൂടുന്നത് കാരണം
2029 ഓടെ റസിഡൻഷ്യൽ വിപണി 1.04 ലക്ഷം കോടി ഡോളറിലെത്തുമെന്നും 25.6 ശതമാനം സിഎജിആറിൽ വളരുമെന്നും ഉള്ള പ്രവചനങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചക്ക് കാരണമാകുന്നുണ്ട്. അൾട്രാ ലക്ഷ്വറി പ്രോപ്പർട്ടികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും ഗണ്യമായ നിക്ഷേപങ്ങളുമാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. വർഷം ചെല്ലുംതോറും വാടക കൂടുന്നതിനാൽ ഒരു വീട് സ്വന്തമായും, മറ്റൊന്ന് വാടകയ്ക്കും എന്ന രീതിയിൽ ഇന്ത്യയിലെ മധ്യ വർഗം വാങ്ങിക്കുന്നു. നഗരങ്ങൾ പ്രാന്തപ്രദേശങ്ങളിലേക്ക് വളരുന്നത് മൂലം അത്തരം മേഖലയിലേക്ക് ഫ്ലാറ്റുകൾ കൂടുതലായി വരുന്നു. വിരമിക്കൽ കാലത്ത് വാടക വരുമാനം കൊണ്ട് ജീവിക്കാം എന്ന ചിന്തയിൽ വാടകക്ക് കൊടുക്കാൻ ഫ്‌ളാറ്റുകൾ വാങ്ങിയിടുന്നവരുമുണ്ട്.
റിയൽ എസ്റ്റേറ്റ് വിശ്വസനീയം
ഇന്ത്യയിലെ ഓഹരി വിപണി ഉയർന്നതും റിയൽ എസ്റ്റേറ്റ് മേഖലക്ക് ഗുണകരമായി. മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപം പിൻവലിച്ച് അതുകൊണ്ടു ഫ്ളാറ്റുകളോ, വീടുകളോ വാങ്ങിയാൽ 10 കോടി വരെയുള്ളവക്ക് നികുതി അടക്കേണ്ട എന്നുള്ളതും റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവേകി. ഓഹരി വിപണിയിലെ നിക്ഷേപം എപ്പോഴും വിശ്വസനീയമല്ല എന്ന ചിന്താഗതിയിൽ അത് പിൻവലിച്ചു ഫ്‌ളാറ്റുകൾ വാങ്ങുന്നവരുമുണ്ട്.
ഇ കൊമേഴ്‌സ് സ്വാധീനം
വെയർ ഹൗസിങ് മേഖലയിലും വൻ കുതിച്ചുചാട്ടം ഉണ്ടായി. ഇ കോമേഴ്‌സ് രംഗത്തെ മത്സരം മുറുകുമ്പോൾ വെയർ ഹൗസിങ് ഡിമാൻഡ് കുതിച്ചുയരുകയാണ്. ഓരോ ദിവസം ചെല്ലും തോറും 10 നിമിഷ ഡെലിവറി ഡിമാൻഡ് നഗരങ്ങളിൽ കൂടുന്നതോടെ കൂടുതൽ വെയർ ഹൗസുകൾ ആവശ്യമായി വരുന്നു. ഇതുവരെ കാണാത്ത ഡിമാൻഡ് ആണ് വെയർ ഹൗസുകളിൽ കൂടുന്നത്. 17 ശതമാനമാണ് ഈ വർഷം ഈ മേഖല വളർന്നിരിക്കുന്നത്. തേർഡ് പാർട്ടി ലോജിസ്റ്റിക്സ് കമ്പനികൾ മൊത്തത്തിലുള്ള ലീസിങിൽ ഏകദേശം 35 ശതമാനം വിഹിതവുമായി ആധിപത്യം നിലനിർത്തുന്നു. എഞ്ചിനീയറിങ്, ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) വിഭാഗങ്ങളിൽ നിന്നുള്ള കമ്പനികൾ സ്ഥലം ഏറ്റെടുക്കുന്നത് 32 ശതമാനമാണ്.
സ്റ്റാറ്റസ് സിംബൽ
ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ റെക്കോർഡ് ഭേദിച്ച ഇടപാടുകൾക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്.
ആഡംബര പൂർണമായ ജീവിത സൗകര്യങ്ങളും കമ്മ്യൂണിറ്റി ജീവിത രീതികളും ഇഷ്ടപ്പെടുന്നവർ ആഡംബര പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കാൻ മത്സരിക്കുകയാണ്. പാർക്കിംങ്, സ്വകാര്യ ക്ലബ്ബ് ഹൗസുകൾ, എലൈറ്റ് കമ്മ്യൂണിറ്റികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ പ്രധാന ആകർഷണങ്ങളായി മാറിയിരിക്കുന്നതിനാൽ നഗരങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾ ഒരു സ്റ്റാറ്റസ് സിംബൽ ആണ്. ആഡംബര ഭവനം വാങ്ങുമ്പോൾ, ആഡംബര കാർ നൽകുന്ന ഓഫറുകൾ മെട്രോ നഗരങ്ങളിൽ സാധാരണമാണ്. നെറ്റ്‌വർക്കിങിനുള്ള അവസരങ്ങളും, ബിസിനസ് ചർച്ചകൾക്കുമുള്ള വേദികളും ക്ലബ്ബ് ഹൗസുകൾ നൽകുന്നതിനാൽ ആവശ്യമില്ലെങ്കിൽ പോലും ആഡംബര പാർപ്പിട സമുച്ചയം സ്വന്തമാക്കുന്നവരുടെ എണ്ണം കൂടുകയാണ്. DLF, Oberoi, Lodha എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഡെവലപ്പർമാർ ഇതുകൊണ്ടാണ് ആഡംബര വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നോയിഡ, ബെംഗളൂരു തുടങ്ങിയ ഇടത്തരം വിപണികൾ പോലും പ്രീമിയം ഭവന പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ്. CBRE-യുടെ ഇന്ത്യ മാർക്കറ്റ് മോണിറ്റർ Q3 2024 - റസിഡൻഷ്യൽ അനുസരിച്ച്, 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലക്ഷ്വറി വിഭാഗത്തിലെ വിൽപ്പന ഏകദേശം 38 ശതമാനം വർദ്ധിച്ചു.
79 ശതമാനം സമ്പന്നരായ ഇന്ത്യക്കാരും സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നതിനാൽ ഉയർന്ന നിലവാരത്തിലുള്ള പ്രോപ്പർട്ടി നിക്ഷേപങ്ങളിൽ ആത്മവിശ്വാസം ശക്തമാണ്. റിയൽ എസ്റ്റേറ്റ് വിപണി പക്വത പ്രാപിക്കുന്നത് തുടരുന്നതിനാൽ, പരമ്പരാഗത മേഖലകൾക്കപ്പുറത്തുള്ള അസറ്റ് ക്ലാസുകളിലെ നിക്ഷേപങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഡാറ്റാ സെന്ററുകൾ, വെയർഹൗസിംങ്, സ്റ്റുഡന്റ് ഹൗസിങ്, ലൈഫ് സയൻസസ്, ഹെൽത്ത് കെയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിക്ഷേപകർ വൈവിധ്യവൽക്കരണം തേടുകയും വികസിക്കുന്ന വിപണി സാധ്യതകൾ മുതലെടുക്കുകയും ചെയ്യുന്നതിനാൽ ഈ വളർന്നുവരുന്ന മേഖലകൾ അധിക നിക്ഷേപം ആകർഷിക്കാൻ സാധ്യതയുണ്ട്.