മൂന്നു വയസ്സുകാരനെ മാന്യത പഠിപ്പിക്കാൻ കാമുകനൊപ്പം താമസിപ്പിച്ച് അമ്മ: കാണാതായ കുട്ടിക്കായി തിരച്ചിൽ
Mail This Article
മൂന്നു വയസ്സുകാരനായ മകനെ മാന്യനാക്കാനും മര്യാദ പഠിപ്പിക്കാനും ശ്രമിച്ചതിനെ തുടർന്ന് കുരുക്കിലായിരിക്കുകയാണ് അമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിനിയായ ഒരമ്മ. തെറ്റായ സ്വഭാവങ്ങൾ മാറ്റാനും എങ്ങനെ മാന്യനാകണമെന്ന് അനുഭവത്തിലൂടെ പഠിപ്പിക്കാനും വേണ്ടി ഏലിയാ വ്യു എന്ന കുഞ്ഞിനെ അമ്മയായ കത്രീന ബോർ അവരുടെ കാമുകനായ ജെസ്സേ വാങ്ങിനൊപ്പം പറഞ്ഞയക്കുകയായിരുന്നു. കാമുകന്റെ വീട്ടിൽ നിന്നും അതിനുശേഷം കുട്ടിയെ കാണാതാവുകയും ചെയ്തു. ഇപ്പോഴും ഏലിയായ്ക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്.
ജെസ്സേയും കത്രീനയും തമ്മിൽ ദീർഘകാലങ്ങളായി പ്രണയബന്ധത്തിലാണ്. ഏലിയായ്ക്ക് ജീവിതത്തിൽ വേണ്ട അച്ചടക്കം പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു മകനെ അയച്ചത് എന്ന് കത്രീന പറയുന്നു. കാണാതാവുന്നതിന് മുമ്പ് ഒരാഴ്ച കാലമായി ജെസ്സേയ്ക്കൊപ്പമായിരുന്നു കുഞ്ഞിന്റെ താമസം. ജീവിതത്തിൽ കൃത്യമായ നിയമങ്ങൾ പാലിക്കുന്ന ജെസ്സേയെ കണ്ട് പഠിച്ചാൽ മകൻ മികച്ച ഒരു വ്യക്തിയായി വളരും എന്ന ധാരണയാണ് കുഞ്ഞിനെ കാമുകനൊപ്പം പറഞ്ഞയക്കാൻ കത്രീനയെ പ്രേരിപ്പിച്ചത്. പ്രാർത്ഥന, അച്ചടക്കം തുടങ്ങിയ ശീലങ്ങളെല്ലാം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. കൃത്യമായ പോട്ടി ട്രെയിനിങ് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും ഉദ്ദേശം ഉണ്ടായിരുന്നു.
ഫെബ്രുവരി 12 മുതൽ 20 വരെയാണ് ജെസ്സേയ്ക്ക് ഒപ്പം ഏലിയ താമസിച്ചത്. കുഞ്ഞിന് ആകെ ഉണ്ടായിരുന്ന ഒരേയൊരു കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുന്നതിനും നിയന്ത്രണങ്ങളുടെ ഭാഗമായി ജെസ്സേ ഈ കാലയളവിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെറ്റുകൾ ചെയ്താൽ ഒന്നോ രണ്ടോ മണിക്കൂർ നിൽക്കുക എന്നതായിരുന്നു ജെസ്സേ ഏലിയായ്ക്ക് നൽകിയിരുന്ന ഒരു ശിക്ഷ. ഇതിനുപുറമേ ശിക്ഷണ നടപടികളുടെ ഭാഗമായി കുട്ടിയെ തണുത്ത വെള്ളത്തിൽ കുളിപ്പിക്കുന്നതും പതിവായിരുന്നു. ഇത്തരം കടുത്ത ശിക്ഷകൾ നൽകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കത്രീന കുഞ്ഞിനെ കാമുകനൊപ്പം വിട്ടയച്ചത്.
ഫെബ്രുവരി 20ന് രാവിലെ ജെസ്സേയുടെ സ്വന്തം മകൻ സ്കൂളിൽ പോകാൻ ഒരുങ്ങുന്ന സമയത്ത് ഏലിയ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അതിനുശേഷം മൂന്നു മണിക്കൂർ നേരം ജെസ്സേ ഉറങ്ങി. ഈ സമയത്താണ് കുഞ്ഞിനെ കാണാതായത്. എന്നാൽ വാതിൽ സുരക്ഷിതമായി പൂട്ടിയിരുന്നുവെന്നും കുട്ടി എങ്ങനെയാണ് പുറത്തു പോയതെന്ന് തനിക്കറിയില്ല എന്നുമണ് ജെസ്സേയുടെ വിശദീകരണം. കുട്ടിയെ വേണ്ടവിധം ശ്രദ്ധിച്ചില്ല എന്ന കാരണത്തിന് കത്രീനയെയും ജെസ്സേയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ തിരോധാനത്തിന് ഉത്തരവാദി ജെസ്സേ ആണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലുകൾ ഊർജ്ജിതമായി നടന്നുവരുന്നു.