ADVERTISEMENT

മാതാപിതാക്കളുടെ ജീവിതം പലപ്പോഴും കുട്ടികളുടെ ജീവിതവുമായി ഇഴ ചേര്‍ന്ന് കിടക്കുകയാണ്. മക്കള്‍ വിജയങ്ങള്‍ കയ്യെത്തി പിടിക്കുന്നത് അവരുടെ സന്തോഷത്തിന്റെ ആധാരമാകാറുമുണ്ട്. മക്കളെയോര്‍ത്തു സ്വപ്നങ്ങള്‍ കാണുകയും അവരത് സാക്ഷാത്ക്കരിക്കുമ്പോള്‍ അഭിമാനം കൊണ്ട് ശിരസ്സുയരുകയും ചെയ്യുന്ന മാതാപിതാക്കളെ നമുക്കറിയാം. എന്നാല്‍ മക്കളെ ഓര്‍ത്തു സ്വപ്നങ്ങള്‍ മെനയുന്ന ചില മാതാപിതാക്കള്‍ അവരറിയാതെ തന്നെ കുട്ടികള്‍ക്ക് തടവറ തീര്‍ക്കാറുമുണ്ട്. അത്തരം അവസ്ഥയാണ് പേരന്റല്‍ പ്രൊജക്ഷന്‍. 

മാതാപിതാക്കള്‍ അവരുടെ നിറവേറ്റപ്പെടാത്ത സ്വപ്നങ്ങളും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും ഭയങ്ങളും നിരാശയുമെല്ലാം കുട്ടികളിലേക്ക് പകരുകയും അവര്‍ക്ക് സാധിക്കാതെ പോയ സ്വപ്നങ്ങള്‍ കയ്യെത്തി പിടിക്കുന്നതിനായി കുട്ടികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഏറ്റവും അപകടകരമായ ഒരവസ്ഥയാണത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് കൈമോശം വന്നു പോയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി കുട്ടികള്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് പേരന്റല്‍ പ്രൊജക്ഷന്‍. വളരെ സങ്കീര്‍ണ്ണമായ ഈ പ്രശ്‌നത്തെ ഏറ്റവും ലളിതമായി മനസിലാക്കാന്‍ ശ്രമിക്കാം. 

പേരന്റല്‍ പ്രൊജക്ഷന്റെ അപകടങ്ങള്‍
രക്ഷിതാക്കള്‍ തീര്‍ക്കുന്ന തടവറ : ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ നഷ്ട സ്വപ്നങ്ങള്‍ക്ക് വേണ്ടി ജീവിക്കേണ്ടി വരുമ്പോള്‍ കുട്ടിയുടെ വ്യക്തിത്വവും സ്വപ്നങ്ങളുമാണ് ഹോമിക്കപ്പെടുന്നത്. പലപ്പോഴും ഈ സങ്കീര്‍ണ്ണമായ പ്രതിഭാസം പല മാതാപിതാക്കളും അറിയാതെ പോകുന്നു എന്നതാണ് വാസ്തവം. അങ്ങനെ അവരറിയാതെ തന്നെ സ്വന്തം കുട്ടികള്‍ക്ക് അവരുടെ നഷ്ടസ്വപ്നങ്ങളുടെയും ഭയങ്ങളുടെയും ഒരു തടവറ നിര്‍മ്മിക്കുന്നു. സ്വന്തം വ്യക്തിത്വം തിരിച്ചറിയാതെ, കഴിവുകള്‍ കണ്ടെത്താനാവാതെ മറ്റൊരാളുടെ (മാതാപിതാക്കളുടെ) പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ ഇരകളായി കുട്ടികള്‍ ജീവിതം ഹോമിക്കുന്നു.

വികലമായ വ്യക്തിത്വവും ദുരഭിമാനവും : മാതാപിതാക്കളുടെ ഇച്ഛയ്ക്കൊത്ത് രൂപപ്പെടുന്നതിനാല്‍ പലപ്പോഴും സ്വന്തമായി വിലയുള്ളവനായി കാണാന്‍ കുട്ടിക്ക് സാധിക്കില്ല. കാരണം അവന്റെ വ്യക്തിത്വം മറ്റൊരാളുടെ ആഗ്രങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും കടിഞ്ഞാണിലാണ്. കുട്ടിയുടെ ആത്മാഭിമാനത്തിലും സ്വത്വബോധത്തിലും വിള്ളലുകള്‍ ഉണ്ടാവുകയും ഭീകരമായ ഐഡന്റിറ്റി ക്രൈസിസിലേക്ക് കുട്ടി വീണ് പോവുകയും ചെയ്യും. മറ്റൊരാളുടെ ആഗ്രഹത്തിനൊത്ത് രൂപീകരിക്കപ്പെടുന്ന കുട്ടികളില്‍ അനാവശ്യമായ ദുരഭിമാനവും തന്റെ വ്യക്തിത്വത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടും സൃഷ്ടിക്കപ്പെടുന്നുവെന്ന് ജോണ്‍ ബോള്‍ബിയുടെ 'അറ്റാച്ച്‌മെന്റ് ആന്‍ഡ് ലോസ്' എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളില്‍ ചെലുത്തുന്ന അമിതമായ സമ്മര്‍ദ്ദം : രക്ഷിതാവ് തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും ചെയ്യാത്ത വിധത്തില്‍ മികവ് പുലര്‍ത്താന്‍ കുട്ടികളുടെമേല്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയേക്കാം. കാരണം അവര്‍ക്ക് കഴിയാതിരുന്നത് ഏത് വിധേനയും മക്കളിലൂടെ കയ്യെത്തി പിടിച്ചു സായൂജ്യമടയുകയാണ് അവരുടെ ലക്ഷ്യം. കുട്ടികളില്‍ ചെലുത്തുന്ന ഈ അമിതമായ സമ്മര്‍ദ്ദം മൂലം സ്വന്തം കഴിവുകള്‍ പോലും തിരിച്ചറിയാനോ പരിപോഷിപ്പിക്കുവാനോ സാധിക്കാത്ത ഒരവസ്ഥയില്‍ കുട്ടികള്‍ എത്തും. ഫലമോ, മാതാപിതാക്കളുടെ പ്രതീക്ഷക്ക് നേര്‍വിപരീതമായി പല വിധ മാനസീക പ്രശ്‌നങ്ങളും ഏറ്റവും മോശം പ്രകടനവുമായിരിക്കും കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്നത്. 

1253445187
Representative Image. Photo Credit : Ajichan / iStockPhoto.com

കുട്ടികളുടെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള രക്ഷാകര്‍ത്വസ്‌നേഹം 
മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള സ്‌നേഹവും വാത്സല്യവും കുട്ടിയുടെ അനുസരണത്തേയും വിജയത്തേയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. കുട്ടികളുടെ പരിശ്രമങ്ങളെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ മാതാപിതാക്കള്‍ക്ക് സാധിക്കില്ല. കാരണം അവര്‍ക്ക് സാധിക്കാതെ പോയ കാര്യങ്ങള്‍ അവരുടെ കുട്ടിയ്ക്കും സാധിച്ചില്ല. കുട്ടിയുടെ പരാജയങ്ങളില്‍ അഭിനന്ദിക്ക തക്ക ഒന്നും അവര്‍ക്ക് കാണാനാവില്ല.

ഓരോ വ്യക്തിയും വ്യത്യസ്തരാണെന്നും വ്യത്യസ്തമായ കഴിവുകളും കാഴ്ചപ്പാടുകളും ഉള്ളവരാണെന്നും മാതാപിതാക്കള്‍ തിരിച്ചറിയണം. മക്കള്‍ക്ക് വേണ്ടി തങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ തങ്ങളുടെ തന്നെ നഷ്ടസ്വപ്നങ്ങളുടെ പ്രതിഫലനമാണോ എന്ന് മാതാപിതാക്കള്‍ പരിശോധിക്കണം. രക്ഷിതാക്കള്‍ വളരെ അപകടകരമായ അവസ്ഥയിലാണ് ഉള്ളതെങ്കില്‍ മനഃശാസ്ത്രജ്ഞരുടെയോ മറ്റു വിദഗ്ദരുടെയോ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കുട്ടികളിലേക്ക് തങ്ങളുടെ കഴിഞ്ഞ കാലത്തിന്റെ മാറാപ്പുകള്‍ കുത്തി നിറക്കുന്നതിന് പകരം മാതാപിതാക്കള്‍ സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ആലീസ് മില്ലറുടെ പ്രസിദ്ധമായ 'ദ ഡ്രാമ ഓഫ് ദ ഗിഫ്റ്റഡ് ചൈല്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നു. 

1192488413
Representative Image. Photo Credit : Triloks / iStockPhoto,com

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് അവരുടെ സ്വപ്നങ്ങളല്ല. മറിച്ചു കുട്ടികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള വഴിയൊരുക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. മാതാപിതാക്കളുടെ നഷ്ട സ്വപ്നങ്ങളുടെ, ഭയങ്ങളുടെ ഒന്നും അടിമകളല്ല കുട്ടികളെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. മക്കളെപ്പറ്റി മാതാപിതാക്കള്‍ക്ക് സ്വപ്നങ്ങള്‍ ഉണ്ടാകരുത് എന്നല്ല, മറിച്ചു മാതാപിതാക്കളുടെ നഷ്ട സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കുട്ടികളെ കരുവാക്കരുത്എന്ന്ചുരുക്കം.

English Summary:

Breaking Free from Parental Projection: Protecting a Child's Identity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com