പരീക്ഷത്തലേന്ന് ഉറക്കമിളയ്ക്കരുത്; പഠിച്ചത് ഓർക്കണമെങ്കിൽ 6 മണിക്കൂർ ഉറക്കം അനിവാര്യം
Mail This Article
∙ വിഷമം തോന്നുന്ന ചില പാഠങ്ങൾ കൂട്ടായി പഠിക്കുകയോ ഓർമ ടെക്നിക്കുകൾ പങ്കുവയ്ക്കുകയോ ചെയ്യാം. 10–15 മിനിറ്റ് മതി. കൂട്ടുകാർക്കൊപ്പം ഒരുമിച്ചിരുന്ന് പഠിക്കുകയോ ഓൺലൈനായി ചെയ്യുകയോ ആകാം.
∙ നിനക്കെന്താ ആ കൊച്ചിനെപ്പോലെ ആയാൽ എന്ന ചോദ്യത്തിലൂടെ ചില മാതാപിതാക്കൾ കുട്ടികളെ ആകെ തളർത്തും. മക്കളെ തമ്മിലോ മറ്റു കുട്ടികളുമായോ താരതമ്യം ചെയ്തു കുത്തുവാക്കു പറയുന്നത് ഒരു ഗുണവും ചെയ്യില്ല. പ്രത്യേകിച്ച് പരീക്ഷാ ദിനങ്ങളിൽ ഇത് പൂർണമായും ഒഴിവാക്കണം. നീ പറ്റുന്നതു പോലെ ചെയ്യൂ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. നിനക്ക് ഇതു സാധിക്കും എന്ന് ആത്മവിശ്വാസം പകരണം.
∙ പരീക്ഷാത്തലേന്നും അരമണിക്കൂർ വ്യായാമമോ ഓടിച്ചാടി കളികളോ വേണം. എങ്കിലേ തലച്ചോർ കൂടുതൽ ഊർജസ്വലമാകൂ. ചടഞ്ഞുകൂടിയിരിക്കരുത്. മൊബൈൽ ഗെയിമുകളും വിഡിയോ കാണലും ഒഴിവാക്കാം. മൊബൈൽ ഉപയോഗിക്കുന്നെങ്കിൽ പഠിക്കാൻ മാത്രം.
∙ പഠിക്കുമ്പോൾ ശ്രദ്ധകിട്ടാൻ ‘മനോനിറവ് ശ്വസനം’ പരിശീലിക്കാം. ശാന്തമായി നിവർന്ന് ഇരുന്ന് സ്വാഭാവിക ശ്വാസോച്ഛ്വാസത്തിൽ 10 മിനിറ്റ് ശ്രദ്ധിക്കാം. മറ്റു ചിന്തകൾ കടന്നു വരുമ്പോഴെല്ലാം അതിനെ മനഃപൂർവം മാറ്റി, ശ്വസനത്തിൽ മാത്രം ശ്രദ്ധയൂന്നാം.
∙ പരീക്ഷാത്തലേന്ന് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ഈ കാഴ്ച കാണണം: ചോദ്യക്കടലാസ് കിട്ടുമ്പോൾ എല്ലാം എളുപ്പമുള്ള ചോദ്യങ്ങൾ, നന്നായി പരീക്ഷയെഴുതിയ ശേഷം ചിരിയോടെ നാം ഹാൾ വിടുന്നു.
∙ ഓരോ പരീക്ഷയും കഴിയുന്നയുടൻ തന്നെ ചോദ്യക്കടലാസ് വിലയിരുത്തി മാർക്ക് കൂട്ടി നോക്കേണ്ട. കഴിഞ്ഞ പരീക്ഷയെ അവിടെ വിട്ട് അടുത്തതിനായി ഒരുക്കം തുടങ്ങുക.
∙പരീക്ഷയാണെന്നു കരുതി ഉറക്കവും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചാൽ ആകെ പ്രശ്നമാകും. തലച്ചോർ നന്നായി പ്രവർത്തിക്കണമെങ്കിലും പഠിച്ചത് ഓർക്കണമെങ്കിലും 6 മണിക്കൂർ രാത്രിയുറക്കം അനിവാര്യം.