മക്കളുടെ സൗഹൃദങ്ങളില്‍ മാതാപിതാക്കളായ നിങ്ങള്‍ ഇടപെടാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
Mail This Article
കുട്ടികളുടെ ജീവിതത്തിലെ ഒട്ടു മിക്ക കാര്യങ്ങളിലും നേരിട്ട് ഇടപെടുന്നവരാണല്ലോ രക്ഷിതാക്കള്‍. മക്കളുടെ സൗഹൃദങ്ങളില്‍ മാതാപിതാക്കളായ നിങ്ങള്‍ ഇടപെടാറുണ്ടോ? മക്കളുടെ ചങ്ങാത്തങ്ങളില്‍ മാതാപിതാക്കളുടെ ഇടപെടല്‍ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
മാതാപിതാക്കളുടെ ഇടപെടലിന്റെ പ്രയോജനങ്ങള്‍
സൗഹൃദത്തിന്റെ മാതൃകയാകുന്ന മാതാപിതാക്കള്‍: മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ കുട്ടിയുടെ സൗഹൃദലോകത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്ന സഹാനുഭൂതിയും ബന്ധങ്ങളില്‍ പുലര്‍ത്തുന്ന ഊഷ്മളതയും സംഘര്‍ഷ പരിഹാര രീതികളുമെല്ലാം കുട്ടികള്‍ ഒപ്പിയെടുക്കുകയും അതവരുടെ സൗഹൃദങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഇത് സുദൃഢമായ, ആരോഗ്യകരമായ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ സഹായിക്കും. കുട്ടികളുടെ സൗഹൃദങ്ങളില്‍ ആരോഗ്യകരമായി ഇടപെടുന്ന രക്ഷിതാക്കള്‍ക്ക് ഇത്തരം കാര്യങ്ങള്‍ വളരെ വേഗത്തില്‍ കുട്ടികളുടെ ബന്ധങ്ങളിലും ഊട്ടിയുറപ്പിക്കാന്‍ അവരെ സഹായിക്കാനാകുമെന്ന് തോമസ് ജെ ബെര്‍ടന്റെ 'ഫ്രണ്ട്ഷിപ് ക്വാളിറ്റി ആന്‍ഡ് സോഷ്യല്‍ ഡവലപ്പ്‌മെന്റ്' എന്ന പഠനത്തില്‍ പറയുന്നു.
സൗഹൃദങ്ങളില്‍ കരുതലാകുന്ന മാതാപിതാക്കള്‍
കുട്ടികളുടെ ജീവിതത്തില്‍ ചില സൗഹൃദങ്ങളിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കണ്ടെത്താനും അത്തരം അപകടങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കാനും കുട്ടികളുടെ സൗഹൃദങ്ങളില്‍ സജീവമായി ഇടപെടുന്ന മാതാപിതാക്കള്‍ക്ക് സാധിക്കും. കുട്ടികള്‍ എങ്ങനെയുള്ള വ്യക്തികളുമായാണ് കൂട്ട് കൂടുന്നതെന്നു അറിഞ്ഞിരിക്കുന്നത് ഇത്തരം അപകട സാധ്യതകളെ മുന്‍കൂട്ടി കാണുവാന്‍ മാതാപിതാക്കളെ സഹായിക്കും. മാതാപിതാക്കളുടെ ഇത്തരം ഇടപെടല്‍ സൗഹൃദങ്ങളിലെ ആരോഗ്യകരമായ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുവാനും ഹാനികരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവയെ ഒഴിവാക്കുവാനും സഹായിക്കുന്നുവെന്ന് റൂബിന്‍, കെ എച്ച് ബുക്കോവ്‌സ്‌കി, പാര്‍ക്കര്‍ തുടങ്ങിയവരുടെ 'പിയര്‍ ഇന്റെറാക്ഷന്‍സ്, റിലേഷന്‍ഷിപ്‌സ് ആന്‍ഡ് ഗ്രൂപ്‌സ്' എന്ന പഠനത്തില്‍ വിവരിച്ചിട്ടുണ്ട്.
സാംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റം
സാംസ്‌കാരികമായ മൂല്യങ്ങളും മാതൃകകളും കൈമാറുന്ന മാതാപിതാക്കള്‍ കുട്ടികളുടെ സൗഹൃദങ്ങളിലും അത്തരം കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. അങ്ങനെ സൗഹൃദങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ തിരഞ്ഞെടുപ്പുകളെ ആരോഗ്യകരമായി സ്വാധീനിക്കാന്‍ മാതാപിതാക്കള്‍ക്കാവും. മാതാപിതാക്കള്‍ ഇത്തരത്തില്‍ പങ്കിട്ട കാര്യങ്ങള്‍ മൂല്യങ്ങളുള്ള സൗഹൃദങ്ങളുടെ രൂപീകരണത്തിന് കുട്ടികളെ സഹായിക്കും.
മാതാപിതാക്കളുടെ അമിതമായ ഇടപെടലിന്റെ ദോഷങ്ങള്‍
അനാവശ്യമായ ആശ്രിതത്വം: മാതാപിതാക്കളുടെ അമിതമായ ഇടപെടല്‍ കുട്ടികളില്‍ അനാവശ്യമായ ആശ്രയത്വബോധം സൃഷ്ടിക്കും. ഇത് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള കുട്ടിയുടെ കഴിവിനെ സാരമായി ബാധിക്കുമെന്ന് ലൗര്‍സെന്‍ ബിയുടേയും കോളിന്‍സ് എയുടെയും രക്ഷിതാക്കളും കൗമാരകാലഘട്ടത്തിലെ കുട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ വിവരിച്ചിട്ടുണ്ട്. സൗഹൃദങ്ങളില്‍ പോലും ഇത്തരം ആശ്രിതത്വം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ജീവിതത്തിലെ നിര്‍ണായകമായ സാഹചര്യങ്ങളെ ഒറ്റയ്ക്ക് അതിജീവിക്കാന്‍ പ്രയാസമായിരിക്കും.
സൗഹൃദങ്ങളുടെ സ്വാഭാവിക വളര്‍ച്ച തടയുന്നു : കുട്ടികളുടെ സൗഹൃദങ്ങളില്‍ അമിതമായി ഇടപെടുന്ന മാതാപിതാക്കള്‍ സൗഹൃദങ്ങളുടെ സ്വാഭാവികമായ വളര്‍ച്ചയെ ദോഷകരമായി സ്വാധീനിക്കും. ഇങ്ങനെ സൗഹൃദങ്ങളുടെ ജൈവികമായ വികാസത്തെ തടസ്സപ്പെടുത്തുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ പരസ്പരം വളര്‍ന്ന് വരേണ്ട ചങ്ങാത്തങ്ങള്‍ ആഴമുള്ളതാകാന്‍ ബുദ്ധിമുട്ടാണ്. ഇത് പരസ്പര ബന്ധങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
രക്ഷിതാക്കളുടെ പ്രതീക്ഷകളും കുട്ടികളിലുണ്ടാകുന്ന സമ്മര്‍ദ്ദവും : കുട്ടികളുടെ സൗഹൃദങ്ങളില്‍ അതിര് കടന്ന് ഇടപെടുന്ന മാതാപിതാക്കള്‍ അവര്‍ക്കിഷ്ടപ്പെട്ട പ്രത്യേക സുഹൃദ്ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് കുട്ടികളെ നിര്‍ബന്ധിക്കാന്‍ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള ഇത്തരം അനാവശ്യ സമ്മര്‍ദ്ദം കുട്ടികള്‍ക്കിടയിലെ ബന്ധങ്ങളെ വഷളാക്കുകയും അവരെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കുട്ടികളുടെ സൗഹൃദങ്ങളില്‍ മാതാപിതാക്കള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍
തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കാം : കുട്ടികളുടെ സൗഹൃദങ്ങളില്‍ അമിതമായി കൈ കടത്തുന്നതിനേക്കാള്‍ അവരുമായി തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ഭയമില്ലാതെ, കുട്ടികള്‍ക്ക് അവരുടെ സൗഹൃദങ്ങളിലെ ഉത്കണ്ഠകള്‍, അനുഭവങ്ങള്‍, സന്തോഷങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ സുഖപ്രദമായ ഒരു അന്തരീക്ഷം മാതാപിതാക്കള്‍ സൃഷ്ടിക്കണം.
പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കട്ടെ: കുട്ടികളുടെ സൗഹൃദങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരത്തിന് രക്ഷിതാക്കള്‍ കഴിയുന്നതും ഇടപെടാതിരിക്കുന്നതാണ് അഭികാമ്യം. കുട്ടികള്‍ക്കുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുപകരം, അവരുടെ പ്രശ്നപരിഹാര കഴിവുകള്‍ പരിപോഷിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. അങ്ങനെ കുട്ടികളുടെ സൗഹൃദത്തിലേക്ക് അനാവശ്യമായി വലിഞ്ഞു കയറുന്നത് ഒഴിവാക്കുന്നതിനും അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരെ പ്രാപ്തരാക്കുന്നതിനും മാതാപിതാക്കള്‍ക്ക് സാധിക്കും.
വൈവിധ്യമാര്‍ന്ന സൗഹൃദങ്ങള്‍ ഉണ്ടാകട്ടെ: വൈവിധ്യമാര്‍ന്ന സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടിയുടെ സാമൂഹിക വലയം വിശാലമാക്കുന്നതിന് മാതാപിതാക്കള്‍ക്ക് സാധിക്കും. വൈവിധ്യമാര്‍ന്ന വ്യക്തിത്വങ്ങളോടും പശ്ചാത്തലങ്ങളോടും ഉള്ള എക്‌സ്‌പോഷര്‍ കുട്ടിയുടെ സാമൂഹിക അനുഭവങ്ങളെ സമ്പന്നമാക്കുകയും മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതിന് സഹായിക്കുകയുംചെയ്യും.