കൗമാര പ്രണയം: തന്ത്രപരമായി കൈകാര്യം ചെയ്തില്ലെങ്കിൽ ‘പണി പാളും’
Mail This Article
ഏഴാം ക്ലാസിൽ പഠിക്കുന്ന അനുവിന് സ്കൂളിൽ ഒരു ഗാങ്ങ് തന്നെയുണ്ട്. ദിവസവും വൈകിട്ട് അമ്മയുടെ ഫോണിലേക്ക് അനുവിന്റെ സഹപാഠിയും കൂട്ടുകാരിയുമായ മിയയുടെ വിളിയെത്തും. അനുവിന്റെ വീടിനടുത്താണ് മിയയുടെ ആൺസുഹൃത്തായ മനുവിന്റെ വീട്. സ്കൂൾ വിട്ട് കഴിഞ്ഞ് അമ്മയുടെ ഫോണെടുത്ത് മനുവിനെ വളരെ രഹസ്യമായി മിയ വിളിക്കും. എന്നാൽ, അമ്മ വരുന്നത് കാണുമ്പോൾ വേഗം അനുവിന്റെ അമ്മയുടെ ഫോണിലേക്ക് വിളിക്കും. ഇത്തരം രസകരമായ, എന്നാൽ മാതാപിതാക്കൾക്ക് അടിമുടി സമ്മർദ്ദം നൽകുന്ന കൗമാര പ്രണയങ്ങളെ കൈകാര്യം ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. പക്ഷേ, തന്ത്രപൂർവം അതിനെ കൈകാര്യം ചെയ്തില്ലെങ്കിൽ കുഴപ്പമാകുകയും ചെയ്യും.
കുട്ടിക്കാലം പോലെയല്ല, കൗമാരം ജീവിതത്തിൽ നിർണായകമാണ്. ആ പ്രായത്തിലൂടെ കടന്നുപോകുന്ന ഏതൊരു കുട്ടിക്കും അത് വെല്ലുവിളി നിറഞ്ഞ കാലഘട്ടം തന്നെയാണ്. എന്നാൽ, കൗമാരക്കാരേക്കാൾ മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് അവരുടെ രക്ഷിതാക്കൾ. കുട്ടികളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രണയങ്ങളും എല്ലാം മാതാപിതാക്കൾക്ക് വലിയ സമ്മർദമാണ് പലപ്പോഴും നൽകുന്നത്. കൗമാരപ്രായമെത്തി കഴിഞ്ഞാൽ കുട്ടികളുടെ പിന്നാലെ മാതാപിതാക്കളുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകും. മക്കൾ അത്രത്തോളം സുരക്ഷിതരായിരിക്കണമെന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ, സ്കൂളിൽ നടക്കുന്ന കാര്യങ്ങളും സ്കൂളിലെ കുഞ്ഞു കുഞ്ഞു പ്രണയങ്ങളും കുട്ടികൾ മാതാപിതാക്കളുമായി ചർച്ച ചെയ്യുകയാണെങ്കിൽ മാതാപിതാക്കളുടെ ടെൻഷൻ അത്രയും കുറഞ്ഞിരിക്കും.
വീട് കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഇടമാകട്ടെ
കൗമാരപ്രായം എത്തുമ്പോൾ എതിർ ലിംഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഈ പ്രായമെത്തുമ്പോൾ കുട്ടികൾക്ക് എതിർ ലിംഗത്തിൽപ്പെട്ടവരോട് ആകർഷണവും പ്രണയവും തോന്നിയില്ലെങ്കിലാണ് പ്രശ്നം. കൗമാരത്തിലേക്കു കാലൂന്നിയ മക്കൾക്ക് ഒരു ആൺസുഹൃത്തോ പെൺസുഹൃത്തോ ഉണ്ടെന്നതാണ് അവരെ സംബന്ധിച്ചിടത്തോളം സമാധാനം നൽകുന്നത്. എന്നാൽ, ഇന്ത്യയിൽ നേരെ മറിച്ചാണ്. പലപ്പോഴും കൗമാരപ്രണയം സംബന്ധിച്ച സംഭാഷണങ്ങൾ ലജ്ജയും സംശയവും നിറഞ്ഞതാണ്. പല കുട്ടികളും ഭയത്തോടെയാണ് അതിനെ കാണുന്നതും. എന്നാൽ, കുട്ടികൾക്ക് കുടുംബങ്ങളിൽ എന്തും തുറന്നു പറയാനുള്ള സാഹചര്യം മാതാപിതാക്കൾ സൃഷ്ടിച്ചെടുക്കേണ്ടതാണ്. കുട്ടികളുടെ വികാരങ്ങളും മനസ്സിലിരിപ്പുകളും അറിയാൻ അവരെ നല്ല സുഹൃത്താക്കുക എന്നത് മാത്രമാണ് ഏക പോംവഴി. കൂടാതെ, കുട്ടികൾ പറയുന്ന കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുക. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ പറഞ്ഞ് അവരെ കളിയാക്കാനുള്ള അവസരം സൃഷ്ടിക്കാതിരിക്കുക. ഇത്തരം കളിയാക്കലുകൾ കുട്ടികളെ തുറന്നു പറച്ചിലുകളിൽനിന്ന് അകറ്റും.
പ്രണയവും വശീകരണവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിക്കൊടുക്കുക
കൗമാരപ്രായത്തിലേക്ക് കാലൂന്നുന്ന കുട്ടികൾക്ക് സ്വാഭാവികമായും എതിർ ലിംഗത്തിൽപ്പെട്ടവരോടോ അതേ ലിംഗത്തിൽപ്പെട്ടവരോടോ ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ മോഹം തോന്നുന്നതും പ്രണയം തോന്നുന്നതും തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. പെട്ടെന്ന് തോന്നുന്ന ആകർഷണവും എന്തും ചെയ്യാനുള്ള ധൈര്യവുമെല്ലാം മോഹം തോന്നുമ്പോൾ ഉണ്ടാകുന്നതാണ്. പ്രണയം എന്നത് വളരെ പതിയെ സംഭവിക്കുന്നതാണ്. ഒരു വ്യക്തിയിൽ സന്തോഷവും വിശ്വാസവും എല്ലാം തോന്നുമ്പോൾ മാത്രമാണ് അത് പ്രണയത്തിന്റെ വഴിയായി മാറുന്നത്. എന്നാൽ, കൗമാരപ്രായം കഴിഞ്ഞാലും ജീവിതത്തിൽ ഒരുപാട് ചെയ്യാനും നേടാനുമെല്ലാമുണ്ട്. അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഉണ്ടാകുന്ന മിക്ക പ്രണയങ്ങൾക്കും വലിയ ആയുസ്സ് ഉണ്ടാകാറില്ല.
കുട്ടികളെ ബഹുമാനിക്കുക, അന്തസ്സോടെ പെരുമാറുക
പല തരത്തിലുള്ള വിശേഷങ്ങൾ ആയിരിക്കും സ്കൂളിൽനിന്നു വരുന്ന കുട്ടികൾക്ക് മാതാപിതാക്കളോടു പറയാനുണ്ടാകുക. ചിലത് കേൾക്കുമ്പോൾ ദേഷ്യം വരുമെങ്കിലും വളരെ ശാന്തതയോടെ പെരുമാറുക. ആത്മസംയമനത്തോടെ കാര്യങ്ങൾ കേട്ട് കുട്ടിക്ക് ആവശ്യമായ നിർദേശം നൽകുക. കുട്ടികൾ അവരുടെ കാര്യങ്ങൾ പറയുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതിരിക്കുക. അവരെ വിശദമായി പറയാൻ അനുവദിക്കുക. അവർ പറയുന്ന കാര്യങ്ങൾ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, അത് ശ്രദ്ധയോടെ കേൾക്കുക. അപ്പോൾ മാത്രമാണ് കുട്ടികൾക്ക് മാതാപിതാക്കളോട് കൂടുതൽ അടുപ്പം തോന്നുക. മക്കളോട് പറയുന്ന വാക്കുകൾ മൂർച്ചയുള്ളതാകട്ടെ, പക്ഷേ ഒരിക്കലും കുട്ടികൾക്ക് നേരെ നിങ്ങളുടെ സ്വരം അനാവശ്യമായി ഉയരരുത്.
കുട്ടികൾക്ക് നല്ലൊരു മാതൃകയാകാം
കുട്ടികൾ സോഷ്യൽ മീഡിയയിൽ റീൽസും ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയും വെബ് സീരീസും ഒക്കെ കാണാറുണ്ട്. പക്ഷേ, സിനിമയിലും വെബ് സീരീസുകളിലും കാണുന്നതല്ല യാഥാർഥ്യമെന്നും യഥാർഥ ജീവിതം അതിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും കുട്ടികൾ തിരിച്ചറിയണം. അക്കാര്യം കുട്ടികൾക്ക് മാതാപിതാക്കൾ ബോധ്യപ്പെടുത്തി കൊടുക്കണം. നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിലും ബന്ധങ്ങൾ നല്ല രീതിയിൽ കൊണ്ടു പോകുന്നതിലും മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം. അവർക്കു സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷം വീട്ടിൽ ഉണ്ടാകണം.
കുട്ടികൾക്ക് എന്തും പങ്കുവയ്ക്കാനുള്ള ഇടമായി വീടുകൾ മാറണം. സങ്കടവും സന്തോഷവും പ്രണയവും പ്രണയനൈരാശ്യവും എല്ലാം കുട്ടികൾ ആദ്യം പങ്കുവയ്ക്കുന്നത് വീട്ടിൽ ആയിരിക്കണം. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ മാതാപിതാക്കൾക്കു കഴിയണം. അപ്പോൾ വലിയ സമ്മർദങ്ങളില്ലാതെ കുട്ടികളുടെ കൗമാരക്കാലം കടന്നുപോകും.