അമിത കോപത്തോടെ കുട്ടികളോടു പ്രതികരിക്കാറുണ്ടോ? ഗുണത്തെക്കാൾ ദോഷമാകും ഫലം
Mail This Article
എല്ലാ കാര്യങ്ങളോടും ഒരേ രീതിയില്‍, വളരെ വൈകാരികമായി പ്രതികരിക്കുന്ന രക്ഷിതാക്കള്‍ സത്യത്തിൽ കുട്ടികളുലുണ്ടാക്കുന്നത് ആശയക്കുഴപ്പമാണ്. കാര്യങ്ങളുടെ പ്രാധാന്യമനുസരിച്ച് പ്രതികരിക്കുന്നതിലൂടെ, പ്രധാനപ്പെട്ടതും നിസ്സാരവുമായ സംഭവങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുകയാണ്. വളരെയധികം നിരാശയും വിഷമവും തോന്നുന്ന സാഹചര്യങ്ങളില്‍ കോപത്തോടെയോ അമിത വൈകാരികതയോടെയോ പ്രതികരിക്കുന്നത് കുടുംബജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.ജീവിതത്തിലെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ കഴിവിനെ അത് സാരമായി ബാധിക്കുകയും ചെയ്യും.
വൈകാരിക പ്രകടനത്തിന് ആരോഗ്യകരമായ ഒരു മാതൃക നല്‍കിക്കൊണ്ട് മാതാപിതാക്കള്‍ അവരുടെ വികാരങ്ങള്‍ തുറന്നു പങ്കുവയ്ക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടിയുടെ വൈകാരിക വളര്‍ച്ചയെ സഹായിക്കുക മാത്രമല്ല, മാതാപിതാക്കളുടെ സമ്മര്‍ദം കുറയുകയും ചെയ്യുന്നു. അതിനുമപ്പുറം, വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പോലും മാതാപിതാക്കളോടു തുറന്നു പറയാനുള്ള മാനസികാവസ്ഥ കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നു.
പറയുന്ന കാര്യങ്ങള്‍ വ്യക്തമായിരിക്കട്ടെ, അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ മടി വേണ്ട
കുട്ടികളില്‍ അനാവശ്യമായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ വ്യക്തമായ രീതിയില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണം. തങ്ങള്‍ എന്താണ് പറയുന്നതെന്ന് കൃത്യമായി കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഏറ്റവും വ്യക്തമായ ഭാഷയില്‍ കാര്യങ്ങള്‍ പറയണം. ഇങ്ങനെ ചെയ്യുന്നത് കുട്ടികളില്‍ അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും. ആശയങ്ങള്‍ വ്യക്തമായി പറയുമ്പോള്‍ കൃത്യമായ അതിരുകള്‍ വിവേകപൂര്‍വം സ്ഥാപിക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. മാതാപിതാക്കള്‍ നല്‍കുന്ന ഒരു നിര്‍ദ്ദേശം കുട്ടി അവഗണിക്കുകയാണെങ്കില്‍ വ്യക്തമായ ഓര്‍മപ്പെടുത്തല്‍ നല്‍കുകയും അനന്തരഫലങ്ങള്‍ കുട്ടിയെ ബോധ്യപ്പെടുകയും വേണം. കുട്ടികളുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതിനൊപ്പം അവരെ ശരിയായ ദിശയില്‍ വളര്‍ത്താനുള്ള ഉത്തരവാദിത്തവും മാതാപിതാക്കള്‍ക്കുണ്ട് എന്ന് മറക്കരുത്.
ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തിരുത്തലുകള്‍
കുട്ടികളെ തിരുത്തുമ്പോള്‍ പോലും അതിലൊരു പോസിറ്റീവ് ഘടകമുണ്ടാകണം. മാതാപിതാക്കള്‍ വിമര്‍ശനമുന്നയിക്കുന്നത് മക്കള്‍ക്കെതിരെയല്ല അവരുടെ ചില പ്രവൃത്തികള്‍ക്കെതിരാണ് എന്നു മറന്നു പോകരുത്. കുട്ടികളിലെ മോശം വാസനകളെയും ശീലങ്ങളെയും നീക്കിക്കളഞ്ഞ് ഏറ്റവും സുന്ദരമായ ശില്‍പം പുറത്തെടുക്കുന്നവരാണ് രക്ഷിതാക്കള്‍ എന്ന് പറയാറുണ്ട്. കുട്ടികളിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സഹായിക്കുകയാണ് വേണ്ടത്. ഇക്കാര്യം മനസ്സിലുള്ള മാതാപിതാക്കള്‍ക്ക്, തെറ്റുകള്‍ തിരുത്തുമ്പോള്‍ പോലും കുട്ടികളുടെ ആത്മവിശ്വാസം ചോര്‍ന്നു പോകാതെ അക്കാര്യം ചെയ്യാന്‍ സാധിക്കും. കുട്ടികളുടെ പോരായ്മകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ നന്മകളെയും കഴിവുകളെയും കണ്ണു തുറന്നു കാണാനും പ്രോത്സാഹിപ്പിക്കാനും ക്രിയാത്മകമായ സഹായം നല്‍കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ തെറ്റുകള്‍ തിരുത്തുന്നതിനൊപ്പം അവരുടെ ഗുണങ്ങളെ കാണാനും പ്രശംസിക്കാനും മാതാപിതാക്കള്‍ യാതൊരു പിശുക്കും കാണിക്കരുത്. ദൈനംദിന ജീവിതത്തില്‍ മാതാപിതാക്കള്‍ നല്‍കുന്ന പ്രോത്സാഹനങ്ങളും സ്‌നേഹപ്രകടനങ്ങളും കുട്ടിയുടെ ആത്മാഭിമാനത്തെ ശക്തിപ്പെടുത്തുകയും വിജയത്തിനായി പരിശ്രമിക്കുന്നത് തുടരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
കുട്ടികളുടെ ആരോഗ്യത്തിലും വേണ്ടേ ശ്രദ്ധ? ആരോഗ്യ.വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ