‘വലിയ നദിയിലെ ചെറിയ തുള്ളിയായിരുന്നു ഞാൻ'; ആലിയുടെ അഞ്ചാം ക്ലാസിലെ ആദ്യദിനം പങ്കുവെച്ച് സുപ്രിയ
Mail This Article
മനോഹരമായ ഒരു അവധിക്കാലം കൂടി കഴിഞ്ഞ് സ്കൂൾ തുറന്നിരിക്കുകയാണ്. പുതുതായി സ്കൂളിലേക്ക് എത്തിയവരുടെ മധുര കരച്ചിലും സന്തോഷങ്ങളും നിലവിളിയും എല്ലാം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത് ഒരു അഞ്ചാം ക്ലാസുകാരിയുടെ സ്കൂളിലെ ആദ്യദിവസം ആണ്. മറ്റാരുമല്ല, നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ ആലിയെന്ന അലംകൃതയാണ് ഈ മിടുക്കി. അമ്മ സുപ്രിയ തന്നെയാണ് മകളുടെ സ്കൂളിലെ ഒന്നാം ദിവസം സോഷ്യൽ മീഡയയിൽ പങ്കുവെച്ചത്.
'അഞ്ചാം ക്ലാസിലെ ആദ്യദിവസം ഇതാ ഇവിടെ. എന്റെ കുഞ്ഞ് ആലി ഒരു ചെറിയ നദിയിലെ വെള്ളത്തുള്ളിയായി മാറിയിരിക്കുന്നു. സമയം പറക്കുകയാണ്. അവളുടെ ഭാവനയും പായുകയാണ്' - വാട്ടർ സൈക്കിളിനെക്കുറിച്ച് ആലി എഴുതിയ കുറിപ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് സുപ്രിയ അടിക്കുറിപ്പായി കുറിച്ചു. ജലചംക്രമണത്തെക്കുറിച്ചാണ് ആലി എഴുതിയത്.
താൻ ഒരു വലിയ നദിയിലെ കുഞ്ഞു വെള്ളത്തുള്ളിയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലിയുടെ കുറിപ്പ് ആരംഭിക്കുന്നത്. 'പെട്ടെന്ന് മുകളിൽ വായുവിലേക്ക് ഉയർന്നു പോകുന്നതു പോലെ എനിക്ക് തോന്നി. ഒപ്പം ഞാൻ നീരാവിയായി തീർന്നു. എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു തന്നിട്ടുള്ള ബാഷ്പീകരണം എന്ന് പറയുന്നത് ഇതാണെന്ന് എനിക്ക് തോന്നുന്നു. കുറച്ചു നേരം മുകളിലേക്ക് ഉയർന്നതിനു ശേഷം നന്നായി തണുത്തു. എനിക്കറിയാം ഞാൻ വീണ്ടുമൊരു വെള്ളത്തുള്ളിയാകാൻ പോകുകയാണെന്ന്. ഇതാണ് സാന്ദ്രീകരണം. ഞങ്ങൾ സ്നേഹമുള്ള, മൃദുവായ മേഘങ്ങളായി. ഞങ്ങൾ ഒരുമിച്ചു ചേർന്നു. ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞപ്പോൾ, യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ, ഞങ്ങൾ ആകാശത്ത് നിന്ന് താഴേക്ക് വീണു. ഞങ്ങളുടെ ജലപാതം ആരംഭിച്ചു. ഞങ്ങൾ വീണ്ടും വീണ്ടും വീഴാൻ ആരംഭിച്ചു. വായുവിന് പിന്നെ തണുപ്പ് ഉണ്ടായിരുന്നില്ല. വലിയൊരു വിക്ഷോഭത്തോടെ ഞങ്ങൾ ഞങ്ങളുടെ വീടായ നദിയിലേക്ക് പതിച്ചു.' - ഇങ്ങനെ പോകുന്നു ആലിയുടെ കുറിപ്പ്.
ആലിയെ അഭിനന്ദിച്ച് നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് താഴെ കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. ശാസ്ത്രം ഇത്ര കാവ്യാത്മകമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ചിലർ കുറിച്ചു. മറ്റു ചിലർ ആലിയുടെ കൈയക്ഷരം മനോഹരമാണെന്ന് കുറിച്ചു. ഏതായാലും ഒരു ഇൻ - ഹൗസ് സ്ക്രിപ്റ്റ് റൈറ്റർ കൂടെയുള്ള സ്ഥിതിക്ക് പ്രൊഡക്ഷൻ ഹൗസ് ഇപ്പോൾ പൂർണമായി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 2022ൽ അലംകൃതയുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. 'ദ ബുക്ക് ഓഫ് എൻചാന്റിംഗ് പോയംസ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്.