മകളുടെ മാമ്മോദീസയ്ക്ക് പിണക്കം മറന്ന് നെയ്മറും ബ്രൂണയും; ചിത്രങ്ങൾ പങ്കുവെച്ച് താരം
Mail This Article
ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറിന്റെ മകളുടെ മാമ്മോദിസ ബ്രസീലിൽ വെച്ച് നടന്നു. 2023 ഒക്ടോബർ ആറിന് ആയിരുന്നു നെയ്മറിനും പങ്കാളിയും മോഡലും ഇൻഫ്ലുവൻസറുമായ ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിനെ തുടർന്ന് നവംബറിൽ ഇരുവരും ബന്ധം പിരിഞ്ഞിരുന്നു. എന്നാൽ മകളുടെ മാമ്മോദീസ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ചിരിക്കുകയാണ്
നെയ്മറിന്റെയും ബ്രൂണയുടെയും മകൾ മാവിക്ക് ഇപ്പോൾ എട്ടു മാസമാണ് പ്രായം. മകളുടെ മാമ്മോദീസയ്ക്ക് വേണ്ടി അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം മാറ്റിവെച്ച് നെയ്മറും ബ്രൂണയും ഇരുവരുടെയും കുടുംബങ്ങളും ഒന്നിക്കുകയായിരുന്നു. ബ്രസീലിലെ കോചിയയിലെ ഔർ ലേഡി ഓഫ് ഫാത്തിമ ചർച്ചിൽ വെച്ചായിരുന്നു മാമ്മോദീസ. ഇതേ ചടങ്ങിൽ വെച്ച് ബ്രൂണയുടെ അടുത്ത സുഹൃത്ത് ഹന്ന കാർവൽഹോയുടെ മകളും മാമ്മോദീസ സ്വീകരിച്ചു.
ബ്രൂണയുടെ മകളുടെ തലതൊട്ടമ്മ ഹന്നയും ഹന്നയുടെ മകളുടെ തലതൊട്ടമ്മ ബ്രൂണയുമായിരുന്നു. മാമ്മോദീസയുടെ വിഡിയോ ബ്രൂണ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവെച്ചിട്ടുണ്ട്. മാവിയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങൾ നെയ്മറും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂപ്പുകൈ, ലവ് ഇമോജികൾക്ക് ഒപ്പമാണ് നെയ്മർ ചിത്രങ്ങൾ പങ്കുവെച്ചത്.
എംബ്രോയിഡറി ചെയ്ത കുഞ്ഞു വെള്ളയുടുപ്പ് ധരിച്ചാണ് മാവി മാമ്മോദീസയ്ക്കായി എത്തിയത്. മാമ്മോദീസയ്ക്ക് ശേഷം പുതിയതായി മറ്റൊരു വെള്ള കുഞ്ഞുടുപ്പ് ധരിച്ചു. മകളുടെ മാമ്മോദീസയ്ക്കായി എത്തിയ നെയ്മർ സന്തോഷവാനായി കാണപ്പെട്ടു. കുഞ്ഞുമായി കളികളിൽ ഏർപ്പെട്ട നെയ്മർ കുഞ്ഞു മാവിയെ നടക്കാൻ സഹായിക്കുന്നതും കാണാമായിരുന്നു. ഒരു മാസം മുമ്പ് നെയ്മർ മകളെ തന്റെ ടീമായ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിന്റെ മത്സരത്തിലേക്ക് കൊണ്ടു പോയിരുന്നു. ആ സമയത്ത് ബ്രൂണ ബിയാൻകാർഡിയും ഒപ്പമുണ്ടായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ അനുരഞ്ജനത്തിൽ എത്തിയെന്നും ഒരുമിക്കാൻ പോകുകയാണെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.
32 വയസുള്ള നെയ്മറിന് 12 വയസുള്ള ഒരു മകൻ കൂടിയുണ്ട്. കരോലിന ഡാന്റസുമായുള്ള ബന്ധത്തിലാണ് നെയ്മറിന് ഡാവി ലൂക്ക എന്ന മകൻ ജനിച്ചത്. ഡാവിയുടെ ജനനത്തിന് മുമ്പ് തന്നെ നെയ്മറും കരോലിനയും വേർപിരിഞ്ഞിരുന്നു. ഡാവി നിലവിൽ അമ്മയായ കരോലിനയ്ക്ക് ഒപ്പമാണ്. ഇടയ്ക്ക് പിതാവായ നെയ്മറിനെ കാണാനെത്തുന്ന ഡാവി അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.