'അപ്പൻ ഫോട്ടോ എടുത്തു നിന്നോ, കടല് മൊത്തം ഇങ്ങോട്ട് വരുന്നുണ്ട്'; കുഞ്ഞുഹോപ്പുമായി കടൽത്തീരത്ത് ബേസിൽ
Mail This Article
മകൾ ഹോപ്പിന് ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. കടൽത്തീരത്ത് ഹോപ്പുമായി നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. പിതൃദിനത്തിൽ ആണ് മകൾക്കൊപ്പമുള്ള മനോഹര ചിത്രം ചിരിയുടെ ഒരു ഇമോജിക്ക് ഒപ്പമാണ് ബേസിൽ പങ്കുവെച്ചത്. പിതൃബന്ധത്തെ ആഘോഷിക്കുന്ന ഒരു ദിവസമായിട്ടാണ് ഈ ദിനം കണക്കാക്കുന്നത്. ആ ദിവസത്തോട് വളരെ സാമ്യം പുലർത്തുന്ന ചിത്രമായിരുന്നു ബേസിലും പങ്കുവെച്ചത്.
ഷോർട്സും ബെനിയനും ധരിച്ചാണ് ബേസിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള ഷോർട്സും മെറൂൺ നിറത്തിലുള്ള ബെനിയനും ചെരുപ്പും ധരിച്ച് ഒരു ചെറു ചിരിയോടെയാണ് ബേസിൽ കുഞ്ഞുഹോപ്പിനെ എടുത്തുനിൽക്കുന്നത്. പിങ്ക് ടോപ്പും സ്ട്രൈപ്പ്ഡ് പാന്റസുമാണ് ഹോപ്പിന്റെ വേഷം. ബേസിൽ ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുമ്പോൾ അപ്പന്റെ തോളിൽ ചാരി കിടന്ന കടലിന് അഭിമുഖമായിട്ടാണ് ഹോപ്പിന്റെ മുഖം.
മനോഹരമായ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ലെ ഹോപ്പ് - അപ്പൻ ഫോട്ടോയും എടുത്തോണ്ട് അവിടെ നിന്നോ… ദാ കടല് മൊത്തം ഇങ്ങോട്ട് വരുന്നുണ്ട് ', 'ഉണ്ണി വാവാവോ', 'ഹോപ്പി', 'ഡാഡീസ് ഗേൾ', 'കടലിന്റെ മാജിക്കാടാ', 'ഇതിൽ ആരാ ബേബി' എന്നിങ്ങനെ പോകുന്നു കമന്റുകൾ. നിരവധി പേർ പിതൃദിന ആശംസകളും നേർന്നിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ ആയിരുന്നു ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും ഒരു പെൺകുഞ്ഞ് പിറന്നത്. ഹോപ് എന്നായിരുന്നു കുഞ്ഞിന് പേര് നൽകിയത്. സോഷ്യൽ മീഡിയയിലൂടെ ബേസിൽ തന്നെ ആയിരുന്നു ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം പങ്കുവെച്ചത്. 2017ലായിരുന്നു എലിസബത്തും ബേസിലും വിവാഹിതരായത്.