‘ഞങ്ങളുടെ ലോകം മുഴുവൻ നിങ്ങൾക്ക് ചുറ്റും’; നയൻസിനും മക്കൾക്കും വിക്കി ഇങ്ങനെയാണ്
Mail This Article
കഴിഞ്ഞ പിതൃദിനത്തിൽ മനോഹരമായ ഒരു വിഡിയോയും അതിനൊപ്പം മനം കവരുന്ന ഒരു സന്ദേശവും പങ്കുവെച്ചാണ് നടി നയൻതാര വിഘ്നേഷ് ശിവന് ആശംസകൾ നേർന്നത്. മക്കളായ ഉയിരിനും ഉലകിനും ഒപ്പം കളിചിരികളിൽ ഏർപ്പെട്ടിരിക്കുന്ന വിഘ്നേഷ് ശിവനെയാണ് വിഡിയോയിൽ ഉടനീളം കാണാൻ കഴിയുന്നത്. വിവിധ സ്ഥലങ്ങളിൽ യാത്ര പോയപ്പോൾ പകർത്തിയ ചിത്രങ്ങളും വിഡിയോകളും കോർത്തിണക്കിയാണ് ഫാദേഴ്സ് ഡേയിലെ സ്പെഷ്യൽ വിഡിയോ നയൻതാര തയ്യാറാക്കിയിരിക്കുന്നത്. വിഡിയോയുടെ അവസാനത്തെ ക്ലിപ്പിൽ നയൻതാരയും വിക്കിയും മക്കൾക്കൊപ്പം ഒരുമിച്ച് എത്തുന്നു.
മനോഹരമായ സന്ദേശമാണ് വിഡിയോയ്ക്ക് ഒപ്പം നയൻതാര പങ്കുവെച്ചിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും മികച്ച അപ്പായ്ക്ക് പിതൃദിനാശംസകൾ. ഞങ്ങളുടെ ലോകം മുഴുവൻ നിങ്ങൾക്ക് ചുറ്റും കറങ്ങുന്നു. ഞങ്ങളുടെ എല്ലാം നീയാണ്. ഞങ്ങളോടുള്ള അങ്ങയുടെ നിരുപാധികമായ സ്നേഹവും ഞങ്ങൾക്കായി അങ്ങ് ചെയ്യുന്നതും അർത്ഥമാക്കുന്നത് ഇതാണ്. അങ്ങയുടേത് ആയിരിക്കുന്നതിൽ ഞങ്ങൾ അനുഗ്രഹീതരാണ്. ഞങ്ങൾ അങ്ങയെ വളരെയധികം സ്നേഹിക്കുന്നു. അപ്പാ. ഉയിരും ഉലകും' -നയൻതാര കുറിച്ചു.
നയൻതാരയും വിഘ്നേഷ് ശിവനും മക്കൾക്കൊപ്പം അവധിക്കാലം ആഘോഷിച്ചതിനു ശേഷം ഹോംഗോങ്ങിൽ നിന്ന് മടങ്ങിയെത്തിയിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. 2022ൽ വിവാഹിതരായ വിക്കിയും നയൻസും ജൂൺ ആദ്യം ആയിരുന്നു തങ്ങളുടെ രണ്ടാം വിവാഹവാർഷികം ആഘോഷിച്ചത്.
ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി ലോകമെങ്ങും ആചരിക്കുന്നത്. പിതാക്കൻമാരുമായുള്ള ബന്ധം ആഘോഷമാക്കാനും പിതൃബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനുമായാണ് പിതൃദിനം ആചരിക്കുന്നത്. ഇത്തവണ ജൂൺ 16 ആയിരുന്നു പിതൃദിനമായി എത്തിയത്. സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ മിക്കവരും പിതൃദിനം ആഘോഷമാക്കി.