വയസ്സ് ഏഴ്; മണിമണിപോലെ ദിനോസറുകളുടെ പേരു പറഞ്ഞ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് വിദ്യുത്
Mail This Article
സംസാരിച്ചു തുടങ്ങിയ പ്രായം മുതൽ കുഞ്ഞു വിദ്യുത് അച്ഛനമ്മമാരോട് ആവശ്യപ്പെട്ടത് ദിനോസറുകളുടെ കളിപ്പാട്ടങ്ങളും അവരുടെ കഥ പറയുന്ന പുസ്തകങ്ങളും വേണമെന്നാണ്. കാർട്ടൂൺ കാണുമ്പോൾ അതിലും വേണം ദിനോസർ. അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവൻ പറഞ്ഞു തുടങ്ങിയത് വിവിധ സ്പീഷീസുകളിൽപ്പെട്ട ദിനോസറുകളുടെ പേരുകൾ. 54 സെക്കൻഡിൽ 41 ദിനോസറുകളെ തിരിച്ചറിഞ്ഞ് അവയുടെ പേരു പറഞ്ഞ് ഇന്റർനാഷനൽ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച വിദ്യുത് ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള തയാറെടുപ്പിലാണ്. കൊല്ലം സ്വദേശികളായ വിഷ്ണു വി. നായരുടെയും ലക്ഷ്മി ജയന്റെയും മകനാണ് ഈ കൊച്ചു മിടുക്കൻ.
ദിനോസറുകളോടുള്ള മകന്റെ ഇഷ്ടത്തെക്കുറിച്ചും ഗിന്നസ് റെക്കോർഡിൽ ഇടം നേടാനുള്ള തയാറെടുപ്പിനെക്കുറിച്ചും വിദ്യുതിന്റെ അച്ഛൻ വിഷ്ണു പറയുന്നതിങ്ങനെ:
‘‘ കാർട്ടൂൺ കണ്ടാണ് ദിനോസറുകളെക്കുറിച്ച് കൂടുതലറിയാൻ അവന് ആഗ്രഹം തോന്നിയത്. ദിനോസറുകളുടെ പേരുകളൊക്കെ വരുമ്പോൾ കാർട്ടൂണുകളിൽ അത് പ്രൊജക്ട് ചെയ്തു കാണിക്കുമല്ലോ. അതു കണ്ടാണ് പേരുകൾ മനപ്പാഠമാക്കിത്തുടങ്ങിയത്. ദിനോസറുകളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളുള്ള പുസ്തകങ്ങളുമൊക്കെ അവന്റെ ഇഷ്ടപ്രകാരം വാങ്ങി നൽകും. അവഞ്ചേഴ്സ്, മാർവെൽ സീരീസ് ഒക്കെ അവൻ പതിവായി കാണുമായിരുന്നു. ബെഡ്ഷീറ്റ് മുതൽ ഷൂസ് വരെ അവനുപയോഗിക്കുന്നതെല്ലാം ദിനോസർ തീമിലുള്ള വസ്തുക്കളാണ്. എറണാകുളത്തുള്ള ഒരു കുട്ടി, ദിനോസറുകളുടെ പേരു പറഞ്ഞ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച വിഡിയോ യാദൃച്ഛികമായാണ് ഞാൻ കണ്ടത്. അതുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ ദിനോസറുകളുടെ പേര് പറയാൻ സാധിക്കുമോയെന്ന് മകനോട് ചോദിച്ചു. 75 ദിനോസറുകളുടെ പേരുകൾ വരെ സമയമെടുത്ത് അവൻ പറഞ്ഞിരുന്നു. ഗിന്നസ് റെക്കോർഡിനായി അയയ്ക്കാനുള്ള വിഡിയോ റെക്കോർഡ് ചെയ്ത സമയത്ത് ഒരു മിനിറ്റിനുള്ളിൽ 65 ദിനോസറുകളുടെ പേരുകളാണ് അവൻ പറഞ്ഞത്. ഗിന്നസ് റെക്കോർഡിലേക്ക് ഒറിജിനൽ സ്പീഷീസിലുള്ള ദിനോസറുകളുടെ പേരുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. ഹൈബ്രിഡ് ദിനോസറുകളുടെ പേരുകൾ പരിഗണിക്കില്ല. അതുകൊണ്ടാണ് എണ്ണം 65 ലേക്ക് ചുരുക്കിയത്’’.
കൊല്ലം ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് വിദ്യുത്. വീട്ടിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യുതിന്റെ ദിനോസർ പ്രിയം. ഒരു ക്ലാസിൽ ഏറ്റവും വലിയ ഒരു വാക്ക് എഴുതാൻ അധ്യാപിക പറഞ്ഞപ്പോൾ ഒരു ദിനോസറിന്റെ പേരാണ് അവൻ എഴുതിയത്. ദിനോസറിന്റെ പേര് പരിഗണിക്കില്ല, വേറെന്തെങ്കിലും പേരെഴുതണമെന്ന് വിദ്യുതിനോട് തനിക്ക് പറയേണ്ടി വന്നുവെന്ന് അവന്റെ അധ്യാപിക പറഞ്ഞെന്നും വിഷ്ണു പറയുന്നു.
വിവിധയിനങ്ങളിലെ ദിനോസറുകളുടെ പേരു മാത്രമല്ല, അവയ്ക്ക് ഏറെയിഷ്ടപ്പെട്ട ആഹാരം അടക്കമുള്ള വിശദാംശങ്ങളും വിദ്യുത് പറയും. വിദ്യുതിന് ദിനോസറിന്റെ ഒരു സോഫ്റ്റ് ടോയിയുണ്ട്. റെക്സി എന്നു പേരിട്ട ആ കളിപ്പാട്ടമാണ് അവന്റെ പ്രിയപ്പെട്ട വസ്തുക്കളിലൊന്ന്. അതിനെ കെട്ടിപ്പിടിച്ചാണ് നടപ്പും കിടപ്പുമെല്ലാം. ജീവനുള്ള ഓമനമൃഗങ്ങളില്ലാത്തതിനാൽ റെക്സിന്റെ പിറന്നാൾ ആഘോഷിക്കണമെന്നാണ് അച്ഛനോടും അമ്മയോടുമുള്ള വിദ്യുതിന്റെ ഇപ്പോഴത്തെ ആവശ്യം.