ADVERTISEMENT

കുഞ്ഞുങ്ങളുടെ ജനനം എന്നും കുടുംബത്തിന് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അത് വലിയ രീതിയിൽ തന്നെ ആഘോഷമാക്കാറുമുണ്ട്. കുഞ്ഞ് ജനിച്ച് 28ന് നൂലുകെട്ട്, പേരിടൽ, ചോറൂണ്, മാമ്മോദീസ, പിറന്നാളുകൾ അങ്ങനെ അങ്ങനെ പോകുന്നു ആഘോഷങ്ങൾ. ഒരു വയസുവരെ എല്ലാ മാസവും ചെറിയ ചെറിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവരുണ്ട്. ആറുമാസം പൂർത്തിയാകുമ്പോൾ അടുപ്പമുള്ളവരെ മാത്രം പങ്കെടുപ്പിച്ച് 'ഹാഫ് ബെർത്ത്ഡേ' ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവരും ഉണ്ട്. നമ്മുടെ നാട്ടിൽ പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് സ്ത്രീകൾ പോകുന്നതാണ് പതിവ്. ഏഴാം മാസം സ്വന്തം വീട്ടിലേക്ക് പോയതിനു ശേഷം കുഞ്ഞ് ജനിച്ച് ഏകദേശം മൂന്നുമാസത്തിന് ശേഷമായിരിക്കും അമ്മയും കുഞ്ഞും തിരികെയെത്തുക. ആ തിരിച്ചുവരവ് ഇപ്പോൾ മിക്കയിടത്തും വലിയ ആഘോഷമാണ്. അത്തരത്തിൽ ഒരു മടങ്ങിവരവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത്.

'ബേബി ലൂക്കാച്ചൻ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'അപ്പന്റെ വീട്ടിലേക്ക്, ഒന്നാം ദിവസം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എബിൻ - ഗേളി ദമ്പതികളുടെ കുഞ്ഞുമകനാണ് ലൂക്കാച്ചൻ എന്ന് വിളിക്കപ്പെടുന്ന ലൂക്ക് ഗേളി എബിൻ. ഏപ്രിൽ നാലിനായിരുന്നു കുഞ്ഞ് ലൂക്ക് ഈ വലിയ ലോകത്തിലേക്ക് എത്തിയത്. ഏതായാലും മാമ്മോദീസ ഒക്കെ കഴിഞ്ഞ് അപ്പൻ വീട്ടിലേക്ക് കുഞ്ഞ് ലൂക്ക് എത്തുന്ന ചടങ്ങാണ് കുടുംബത്തിലുള്ള എല്ലാവരും ചേർത്ത് ഗംഭീരമാക്കിയത്. കുടുംബത്തിലെ തല മുതിർന്ന അമ്മച്ചി മുതൽ യുവതലമുറയും ചേച്ചിമാരും ചേട്ടൻമാരും എല്ലാം ചേർന്ന് അടിപൊളി സ്വീകരണമാണ് കുഞ്ഞ് ലൂക്കിന് നൽകിയത്.

കൈ കൊട്ടിയാണ് ലൂക്കാച്ചന് അപ്പൻ വീട്ടിലേക്ക് സ്വാഗതം അരുളിയത്. തൊട്ടു പിന്നാലെ ഒരു ചെറിയ പ്രാർത്ഥന. അതു കഴിഞ്ഞ് മുറിയിലേക്ക്. ആ യാത്രയിൽ എതിരേറ്റത് അന്തരീക്ഷത്തിൽ ചിന്നിച്ചിതറി വീണ പാർട്ടി പോപ്പർ. പിന്നെ പാട്ടായി, ആട്ടമായി, ബഹളമായി ആകെ മൊത്തം ഒരേ ബഹളം. ചേട്ടൻമാർ എടുത്തു കൊണ്ട് ഡാൻസ് ചെയ്യുന്നു. എന്തിനധികം കുടുംബത്തിലെ തല മുതിർന്ന അമ്മാമ്മ പോലും കൈ കൊട്ടി ഒരേ വൈബാണ്. ഏതായാലും സോഷ്യൽ മീഡിയ ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തത്.

മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ലെ കുഞ്ഞ്. എന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇവിടെ എല്ലാം സൈക്കോ ആണല്ലോ. പക്ഷെ അവൻ എത്തിയത് സ്വർഗത്തിലാണെന്നു പിന്നെ അവൻ അറിയും', 'ലേ കൊച്ച് :- സാധാരണ കുടുംബങ്ങളിൽ ഒരു സൈക്കോ ആണ് ഉണ്ടാവാറ്.. ഇതിപ്പോ ഒരു കുടുംബം മൊത്തം സൈക്കോകൾ', 'സ്വർഗ രാജ്യത്തിലേക്ക് പിറന്ന വീണ ഉണ്ണി യേശു', 'കുഞ്ഞ് : നല്ല കറക്റ്റ് സ്ഥലത്താണ് എത്തിപ്പെട്ടിട്ടുള്ളത്', ' കുഞ്ഞാവ : ഇപ്പൊ നിങ്ങൾ സന്തോഷിക്ക്... രാത്രി ആവട്ടെ... ഉറക്കില്ല ഞാൻ' അങ്ങനെ പോകുന്നു കമന്റുകൾ. ഏതായാലും ഈ പാട്ടും ബഹളവും ഇഷ്ടപ്പെട്ട മറ്റൊരു വിരുതന് അറിയാനുണ്ടായിരുന്നത് 'ആ വീട്ടിൽ കെട്ടാൻ പറ്റിയ അച്ചായത്തിമാര് വല്ലോം ഉണ്ടോ' എന്നായിരുന്നു. വേറൊന്നുമല്ല, ഈ വൈബ് ഫാമിലിയെ ആൾക്ക് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു പോയി.

English Summary:

Heartwarming: Baby Luke's Joyful Homecoming Celebration Goes Viral on Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com