'കൈയല്ല, കെട്ടിപ്പിടിക്കണം എനിക്ക്'; ആഗ്രഹം പറഞ്ഞ് കുട്ടി ആരാധിക, ചേർത്തുനിർത്തി മമ്മൂട്ടി
Mail This Article
ആരാധകരുടെ ഹൃദയം വീണ്ടും കവർന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂട്ടി. മലയാളം മൂവി ആർട്ടിസ്റ്റുകളുടെ അസോസിയേഷനായ അമ്മയുടെ നൃത്ത ശിൽപ്പശാല കഴിഞ്ഞയിടെ നടന്നിരുന്നു. അമ്മ കോംപ്ലക്സ് ഹാളിൽ നടന്ന ശിൽപ്പശാലയുടെ അവസാന ദിവസം ഹൃദയഹാരിയായ ഒരു സംഭവത്തോടെയാണ് സമാപിച്ചത്. അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. നടൻ മമ്മൂട്ടിയായിരുന്നു സമാപന ദിവസത്തിലെ മുഖ്യാതിഥി. നടനും സംവിധായകനുമായ ബേസിൽ ജോസഫും ചടങ്ങിൽ സന്നിഹിതനായിരുന്നു. അമ്മ അംഗങ്ങളും സമാപനദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സമാപന ചടങ്ങിനിടെ ശില്പശാലയിൽ പങ്കെടുത്ത ഒരു പെൺകുട്ടി പറഞ്ഞ പ്രസംഗവും പറഞ്ഞ കാര്യങ്ങളും അതിന് മമ്മൂട്ടിയുടെ പ്രതികരണവും ആണ് സോഷ്യൽ മീഡിയയെ കീഴടക്കിയത്. ശില്പശാലയിൽ പങ്കെടുത്ത പെൺകുട്ടി സംസാരിക്കവേ മമ്മൂട്ടിയെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ‘എനിക്ക് കൈയും കാലും വിറക്കുന്നു. ആദ്യമായിട്ടാണ് ഇത്രയും പേരെ കാണുന്നത്. എല്ലാവരെയും കണ്ടതിൽ സന്തോഷം. ഇനിയും വരണം എന്നുണ്ട്. ഇതിലും കൂടുതൽ ആൾക്കാരെ കാണണമെന്നുണ്ട്. ആ ചേച്ചി പറഞ്ഞതുപോലെ എനിക്കും വൈറൽ ആകണം. കൈയല്ല, കെട്ടിപ്പിടിക്കണം എനിക്ക്.‘ കുട്ടി തൻറെ ആഗ്രഹം പറഞ്ഞു നിർത്തിയതും മമ്മൂട്ടി അവളെ അരികിലേക്ക് വിളിച്ചു. തന്നോട് ചേർത്ത് നിർത്തി. ജീവിത സ്വപ്നം സാക്ഷാത്കരിച്ചതിന്റെ ആനന്ദത്തിൽ കുട്ടി മമ്മൂട്ടിയെ കെട്ടിപ്പിടിച്ചു. സദസ്സിലുള്ളവർ നിറഞ്ഞ കയ്യടിയോടെയാണ് ഈ ആലിംഗനത്തെ വരവേറ്റത്. 'കുഞ്ഞുമോൾടെ ആഗ്രഹം' എന്ന അടിക്കുറിപ്പോടെ അമ്മ അസോസിയേഷൻ തന്നെയാണ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത്.
'കുട്ടിയും ഹാപ്പി മമ്മുകയും ഹാപ്പി അവിടെ ഉള്ളവരും ഹാപ്പി ഇത് കാണുന്ന നമ്മളും ഹാപ്പി', 'ഇപ്പോഴാണ് ശരിക്കും സിദ്ദിക്കയുടെ ഡയലോഗും അതിനനുസരിച്ചുള്ള സീനും ഒത്തുവന്നത് ഡാ ഉവ്വേ പിള്ളേർ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുത്തേക്കണം കേട്ടോ', 'പക്വതയാർന്ന സംസാരവും മമ്മൂക്കയുടെ കൈ കാട്ടിയുള്ള വിളിയും. മനസ്സ് നിറയിക്കുന്ന ഒരു വീഡിയോ', 'എന്റെ പൊന്നോ ആ സമയത്ത് മമ്മൂക്കയുടെ നിറഞ്ഞ ചിരി' - ഇങ്ങനെ പോകുന്നു വിഡിയോയ്ക്ക് വന്ന കമന്റുകൾ.
നടി സരയു കോ-ഓർഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ഇത് ആദ്യമായാണ് 'അമ്മ' ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത 31 പേർ ശില്പശാലയിൽ പങ്കെടുത്തു. 12 വയസ്സുമുതൽ ഉള്ളവർ പങ്കെടുത്ത ശില്പശാലയിൽ ലണ്ടൻ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാൽ ആയിരുന്നു ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്.