ADVERTISEMENT

സ്കൂളിൽ ഒരുക്കിയ തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് പാഞ്ഞെത്തിയ വാഹനത്തിൽ നിന്ന് ആദ്യമിറങ്ങിയത് രണ്ട് പൊലീസുകാർ. പിന്നാലെ കൈയിൽ തോക്കും ചടുലമായ നീക്കവുമായി പട്ടാളക്കാരും. അത് കഴിഞ്ഞ് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിംഗ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും. ഏതെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ വിശേഷമാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. കോഴിക്കോട് ജില്ലയിലെ സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിലാണ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് അതിഗംഭീരമായി നടന്നത്. സ്കൂളിന്റെ തന്റെ ഇൻസ്റ്റഗ്രാം  പേജിൽ പങ്കുവെച്ച വിഡിയോ ഇതിനകം വൈറലാണ്. ഒരു മില്യണിൽ മുകളിൽ ആളുകളാണ് ഇതുവരെ ഈ തിരഞ്ഞെടുപ്പ് വിഡിയോ കണ്ടത്.

നാട്ടിൽ നടക്കുന്ന ഒരു സാധാരണ തിരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും അതേപോലെ തന്നെയാണ് ഈ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പും ഒരുക്കിയിരിക്കുന്നത്. ഒന്നാം നമ്പർ ബൂത്തിലാണ് പോളിംഗ് നടന്നത്. പോളിംഗ് ബൂത്തിന് കാവലായി വാതിൽക്കൽ തന്നെ പട്ടാളക്കാർ ഉണ്ട്. ക്രമസമാധാന പാലനത്തിനായി പൊലീസും സജീവമായിട്ടുണ്ട്. ബൂത്തിനു മുന്നിൽ വോട്ടർമാർ തങ്ങളുടെ ഊഴം കാത്ത് വരിയായി നിൽക്കുകയാണ്. ഡിജിറ്റലായിട്ടാണ് വോട്ട് ചെയ്യേണ്ടത്. ഓരോ സ്ഥാനാർത്ഥിക്കും നിശ്ചിതി ചിഹ്നവും നൽകിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ ബീപ് ശബ്ദവും കേൾക്കും.

പ്രായമായി, വയ്യാതായവരെ കസേരയിൽ എടുത്തുകൊണ്ടു വന്നു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചവനെ അപ്പോൾ തന്നെ പൊലീസ് പൊക്കി. കുട ചൂടി വരിയുടെ മുമ്പിൽ നിൽക്കാൻ എത്തിയ സിനിമാനടിയെ വോട്ടർമാർ അപ്പോൾ തന്നെ പിന്നിലേക്ക് പായിച്ചു. വോട്ട് ചെയ്യാൻ നാട്ടിലെ ദാദയായ രംഗണ്ണൻ എത്തിയെങ്കിലും അസിസ്റ്റന്റ് ആയ അംബാൻ തിരിച്ചറിയൽ കാർഡ് എടുക്കാൻ മറന്നു പോയതിനാൽ വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നു. പോളിംഗ് ബൂത്തിൽ നിന്ന് തൽസമയ വിവരങ്ങളുമായി മാധ്യമറിപ്പോട്ടർമാരും സജീവമായിരുന്നു. വോട്ട് രേഖപ്പെടുത്തിയവർക്കെല്ലാം ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷിയും പുരട്ടി. കൊമ്പൻ കോട് കോയയാണ് ഒടുവിലായി വോട്ട് ചെയ്യാൻ എത്തിയത്. രാമലീല സിനിമയിലെ സടകുടയണ നേതാവ് എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് റീൽ ഒരുക്കിയിരിക്കുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ മുഹമ്മദ് ഫയിസാൻ ആണ് സ്കുൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജെല്ല അമീൻ ഡെപ്യൂട്ടി ലീഡറായും മിൻസ ഹൂറിൻ സാഹിത്യ സമാജം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പൻ പ്രചരണമായിരുന്നു സ്കൂൾ കാമ്പസിൽ നടന്നത്.

ഏതായാലും മനോഹരമായ കമന്റുകളാണ് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഏതോ ഒരു ഡയറക്ടർ വഴിതെറ്റി അധ്യാപകൻ ആയിട്ടുണ്ട് ഇവിടെ' എന്നായിരുന്നു ഒരാളുടെ കണ്ടെത്തൽ. ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകർ ആരാണെങ്കിലും അവർ അഭിനന്ദനം അർഹിക്കുന്നെന്ന് ആയിരുന്നു മിക്കവരും പറഞ്ഞത്. 'സ്കൂളും അധ്യാപകരും കുട്ടികളും ഒരേ പൊളി, ഇലക്ഷൻ ഡേയിലെ എല്ലാം അടങ്ങിയ കണ്ടന്റ്', 'വിദ്യാഭ്യാസത്തിന്റെ രീതി മാറി വരേണ്ടത് വളരെ അത്യാവശ്യമാണ്. ഇതേ പോലെ പുതു ആശയങ്ങൾ ഒക്കെ ഉൾപ്പെടുത്തി ആകണം. എന്നാൽ നല്ലൊരു പുതു തലമുറയെ വാർത്തെടുക്കാൻ കഴിയും. സർട്ടിഫിക്കറ്റ് എന്നതിലുപരി പൊതുസമൂഹത്തിൽ അവരുടെ വിദ്യാഭ്യാസം സ്വാധീനം ചെലുത്തണം. ഇതിനു വേണ്ടി പ്രവർത്തിച്ച അധ്യാപകർക്കിരിക്കട്ടെ നല്ലൊരു സല്യൂട്ട്. അതോടൊപ്പം ഇതിലെ വിദ്യാർത്ഥികൾക്ക് നല്ലൊരു ഭാവിയും നേരുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.

English Summary:

Kids' Hilarious Election Spoof Features Fake Votes & "Sadakuda" Song!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com