'സുഖങ്ങൾ ആഘോഷിക്കുക, ദുഃഖങ്ങൾ ആഘോഷിക്കുക'- സാഗർ കോട്ടപ്പുറം സ്റ്റൈലിൽ മിത്രക്കുട്ടി, മോള് പൊളിച്ചെന്ന് സോഷ്യൽ മീഡിയ
Mail This Article
ജീവിതത്തെക്കുറിച്ച് ഇടയ്ക്കെങ്കിലും ഒക്കെ ഒന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മൾ. പ്രത്യേകിച്ച് സങ്കടങ്ങളും വിഷമങ്ങളും വരുമ്പോൾ നിരാശരായി ജീവിതത്തെ സമീപിക്കുന്നവർ നിരവധിയാണ്. എന്നാൽ, ജനിച്ചപ്പോൾ തന്നെ നമ്മൾ വിജയിച്ചവരാണെന്നും അതിനാൽ തന്നെ സങ്കടങ്ങളും സന്തോഷങ്ങളും ആഘോഷമാക്കേണ്ടതാണെന്നും വ്യക്തമാക്കുകയാണ് മിത്രക്കുട്ടി എന്ന മിടുക്കി. സോഷ്യൽ മീഡിയയിൽ സജീവമായ ഡോ വിഷ്ണു വാസുദേവന്റെയും ഡോ ശാരികയുടെയും മൂത്ത മകളാണ് ഈ മിടുക്കി. ഡോക്ടർ വിഷ്ണു പങ്കുവെയ്ക്കുന്ന വിഡിയോകളിലൂടെ മിത്രക്കുട്ടി സോഷ്യൽ മീഡിയയ്ക്ക് പരിചിതയാണ്. നമ്മൾ ഓരോരുത്തരും ജനിക്കാനുള്ള പ്രോബബിലിറ്റി എത്രമാത്രം കുറവായിരുന്നു എന്നും ഓരോ ജീവനും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യക്തമാക്കുകയാണ് മിത്രക്കുട്ടി വിഡിയോയിൽ.
വിഡിയോയിൽ മിത്രക്കുട്ടി പറയുന്നത് ഇങ്ങനെ, 'ഞാനും ഉണ്ണിക്കുട്ടനും ഉണ്ടാവാനുള്ള പ്രോബബിലിറ്റി എത്ര കുറവായിരുന്നു എന്നുള്ളത് ഇന്ന് ഈ പേപ്പർ വായിച്ചപ്പോൾ ആണ് എനിക്ക് മനസിലായത്. നമ്മുടെ ഭൂമി ഉണ്ടായിട്ട് 450 കോടി വർഷങ്ങളായി. 430 കോടി വർഷം മുമ്പുള്ള നമ്മുടെ ഭൂമിയിലെ ആദ്യത്തെ ജീവനും ഞാനും തമ്മിൽ അൺബ്രോക്കൺ ആയിട്ടുള്ള ഒരു ചെയിൻ ഉണ്ട്. ആ ചെയിനിലെ ഏതെങ്കിലും ഒരാളോ അല്ലെങ്കിൽ ഒരു ജീവനോ ജനിച്ചിട്ടില്ലായിരുന്നുവെങ്കിൽ ഞാനും ജനിക്കില്ലായിരുന്നു. ഞാൻ ഉണ്ടായ എന്റെ അമ്മയുടെ എഗ്ഗും അച്ഛന്റെ സ്പേമും തമ്മിൽ മീറ്റ് ചെയ്യാനുള്ള സാധ്യത 400 ക്വാഡ്രില്യനിൽ ഒന്നു മാത്രമാണ്. എന്തൊരു ഭാഗ്യം ആണല്ലേ എനിക്ക്. ഇത് എന്റെ മാത്രം കഥയല്ല. നമ്മുടെ ഓരോരുത്തരുടെയും കഥയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ നമ്മൾ എല്ലാവരും വിന്നേഴ്സ് ആണ്. അതുകൊണ്ടു തന്നെ നമ്മുടെ സുഖങ്ങൾ ആഘോഷിക്കുക, നമ്മുടെ ദുഃഖങ്ങൾ ആഘോഷിക്കുക, നമ്മുടെ വിജയങ്ങൾ ആഘോഷിക്കുക, നമ്മുടെ പരാജയങ്ങൾ ആഘോഷിക്കുക, ലൈഫ് ഈസ് ബ്യൂട്ടിഫുൾ' - എന്നാണ് ഈ കൊച്ചുമിടുക്കി പറയുന്നത്.
'സാഗർ കോട്ടപ്പുറം സ്റ്റൈലിൽ മിത്രക്കുട്ടി' എന്ന അടിക്കുറിപ്പോടെ ഡോക്ടർ വിഷ്ണു വാസുദേവൻ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പങ്കുവെച്ചത്. വളരെ മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നുത്. 'ഞാൻ 24 ആം വയസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് കൊച്ചുമിത്ര പറയുന്നേ. കൂടുതൽ ചിന്തകളിലൂടെ ഇനിയും വളരട്ടെ. മിത്ര കുട്ടിയുടെ ഇതുപോലെയുള്ള വിഡിയോസ് അപ് ലോഡ് ചെയ്യുന്ന ഡോക്ടർനു നന്ദി. ഇതുപോലെ ചിന്തിപ്പിക്കുന്ന കൂടുതൽ വിഡിയോ ആയിട്ട് ഇനിയും വരണേ മിത്ര കുട്ടി.' എന്നായിരുന്നു ഒരു കമന്റ്. ഇത്രയും നല്ലൊരു അറിവ് കൈമാറിയതിന് നന്ദി പറഞ്ഞവരുമുണ്ട്.