'കഴിച്ചോ കഴിച്ചോ, കുംഭ ഭും ആവട്ടെ' അമ്മയെ ഭക്ഷണം കഴിപ്പിച്ച് അച്ചുക്കുട്ടൻ, വിഡിയോ പങ്കുവെച്ച് പാർവതി
Mail This Article
കാക്ക വരും, കോക്കാച്ചി വരും അങ്ങനെ എത്രയെത്ര കഥകൾ പറഞ്ഞാണ് നമ്മൾ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത്. എന്നാൽ ഇവിടെ ഒരു മിടുക്കൻ തന്റെ അമ്മയെ ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ്. 'എളുപ്പം കഴിക്ക്, അല്ലെങ്കിൽ വരും, കഴിക്ക് കഴിക്ക് വേഗം കഴിക്ക്' എന്ന് പറഞ്ഞ് അമ്മയെ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയാണ് അച്ചുക്കുട്ടൻ. അമ്മ മറ്റാരുമല്ല നടിയും അവതാരകയുമായ പാർവതി കൃഷ്ണ. പ്ലീസ് എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാൻ ഇടയ്ക്ക് അപേക്ഷിക്കുന്നുമുണ്ട്.
ഇടയ്ക്ക് അമ്മയുടെ വയറ് തൊട്ടു നോക്കിയിട്ട് 'നിറഞ്ഞില്ലല്ലോ, കഴിക്ക്' എന്ന് നിർബന്ധിക്കുന്നുമുണ്ട്. അച്ചുവിന്റെ വയറ് നിറഞ്ഞില്ലല്ലോ എന്ന് അമ്മ പറയുമ്പോൾ 'ഞാൻ പഞ്ചാര കഴിച്ച് നിറഞ്ഞു' എന്നാണ് അച്ചുക്കുട്ടന്റെ മറുപടി. നീ പഞ്ചാര കഴിച്ച് നടന്നോ, പഞ്ചാരക്കുഞ്ചു എന്ന് മറുപടിയായി അമ്മ പറയുന്നുണ്ട്. എന്നാൽ, ഇതൊന്നും അച്ചുക്കുട്ടനെ ബാധിക്കുന്നില്ല. അമ്മയെ കഴിപ്പിക്കാനുള്ള തിരക്കിൽ തന്നെയാണ് അച്ചുക്കുട്ടൻ. 'എളുപ്പം കഴിക്ക്, കഴിച്ചോ കഴിച്ചോ, ഭും ആവട്ടെ, കഴിച്ചോ' എന്ന് പറഞ്ഞ് അമ്മയെ കഴിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അച്ചുക്കുട്ടന്റെ ക്യൂട്ട്നെസ് തന്നെയാണ് എല്ലാവരെയും ആകർഷിച്ചത്. 'അമ്മയെ ആഹാരം കഴിപ്പിക്കുന്ന അച്ചു' എന്ന അടിക്കുറിപ്പോടെയാണ് പാർവതി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അച്ചുക്കുട്ടനെ സ്നേഹം കൊണ്ട് പൊതിയുകയാണ് കമന്റ് ബോക്സിൽ ആരാധകർ. സ്ലീവ്ലെസ് ബനിയനും നിക്കറുമാണ് അച്ചുക്കുട്ടന്റെ വേഷം.