വെൽക്കം ഡ്രിങ്ക്സ് ചതിച്ചു! മഞ്ഞപ്പിത്ത ബാധ ഗൃഹപ്രവേശ ചടങ്ങിനിടെ? കളമശേരിയിൽ രോഗികളുടെ എണ്ണം കൂടുന്നു
Mail This Article
കൊച്ചി∙ എറണാകുളം ജില്ലയിൽ ഇത്തവണയുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്നു സംശയം. മഞ്ഞപ്പിത്തം ഏറ്റവും കൂടുതൽ പടർന്നു പിടിച്ച കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 29 ആയി ഉയർന്നതോടെയാണ് ഇത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 2 പേരുടെ നില ഗുരുതരമാണ്. 40ലധികം പേർക്ക് രോഗലക്ഷണങ്ങളുണ്ട്.
ഈ മാസം 17 ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ രോഗം പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കുന്നത്. രോഗം ബാധിച്ചവരിലേറെയും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം. രോഗം പിന്നീട് ഇവരിൽനിന്നു മറ്റുള്ളവരിലേക്ക് പടരുകയായിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവര്‍ എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു തുടങ്ങിയ കാര്യങ്ങൾ അധികൃതർ പരിശോധിക്കുകയാണ്.
മഞ്ഞപ്പിത്തം പടർന്ന സാഹചര്യത്തിൽ ഇന്ന് കളമശ്ശേരി എച്ച്എംടി കോളനി എൽപി സ്കൂളിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. വാർഡിലെ മുഴുവൻ പേരെയും പരിശോധിക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ മറ്റു വാർഡുകളിലും ക്യാംപുകൾ സംഘടിപ്പിക്കും. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പി.രാജീവ്, രോഗം പടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച അവലോകനയോഗം വിളിച്ചിരുന്നു. 3 വാർഡുകളിലേയും കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലുമുള്ള വെള്ളം പരിശോധിക്കൽ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ഐസും ശീതള പാനീയങ്ങളും വിൽക്കുന്ന കടകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ തുടങ്ങിയവയും നടക്കുന്നുണ്ട്.