കാർ നിയന്ത്രണം വിട്ടു, മറിഞ്ഞത് 8 തവണ; അദ്ഭുതകരമായ രക്ഷപ്പെടൽ, പുറത്തെത്തി ചായ ചോദിച്ച് യാത്രക്കാർ– വിഡിയോ
Mail This Article
ബിക്കാനിർ∙ രാജസ്ഥാനിലെ ബിക്കാനിറിൽ അപകടത്തിനിടെ കാർ തലകീഴായി മറിഞ്ഞത് എട്ടു തവണ. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡിലെ വളവിൽ വച്ച് അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടതോടെയാണ് എട്ടു തവണ മറിഞ്ഞത്. ശേഷം സമീപത്തെ ഷോറൂമിന് മുന്നിൽ തലകീഴായി വീഴുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്ന നിലയിലാണ്. കാർ മറിയുന്നതിനിടെ ഡ്രൈവർ ആദ്യം പുറത്തേക്ക് ചാടിയെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഷോറൂമിന് മുന്നിൽ കാർ തലകീഴായി കിടന്ന സമയത്താണ് ബാക്കിയുള്ള നാല് യാത്രക്കാരും പുറത്തിറങ്ങിയത്. അതേസമയം, പുറത്തിറങ്ങിയ യാത്രക്കാർ തങ്ങൾക്ക് ചായ തരണമെന്ന് പറഞ്ഞുവെന്ന് ഷോറൂമിലെ ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാഗൗറിൽ നിന്ന് ബിക്കാനിറിലേക്ക് പോവുകയായിരുന്നു യാത്രക്കാർ എന്ന് അധികൃതർ വ്യക്തമാക്കി.