'നിങ്ങള് കളിക്ക്, ഞാൻ ഒന്ന് ഉറങ്ങിയിട്ട് വരാം'; ഫുട്ബോൾ കളിക്കിടെ മയങ്ങിപ്പോയി കുട്ടി ഫുട്ബോളർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Mail This Article
രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കിൽ പകൽ മൊത്തത്തിൽ ഒരു ഉറക്കച്ചടവ് നമ്മളെ വിടാതെ പിന്തുടരും. ഇവിടെ ഒരു മിടുക്കൻ കൂട്ടുകാർക്കൊപ്പമുള്ള ഫുട്ബോൾ കളിക്കിടെയാണ് മയങ്ങിപ്പോയത്. സീസിയ ന്യൂസ്ആണ് ഇതിന്റെ വിഡിയോ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. കളിയുടെ തലേദിവസം രാത്രി കളിയെക്കുറിച്ച് ഓർത്ത് കിടന്നതു കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അതാണ് ഈ കൊച്ചു ഫുട്ബോളറെ ഉറക്കത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
ഏതായാലും ആശിച്ചു മോഹിച്ച് കളിക്കളത്തിൽ ഇറങ്ങിയപ്പോൾ പന്ത് എവിടെയാണെന്ന് പോലും നമ്മുടെ കുഞ്ഞു ഫുട്ബോളർ കാണുന്നില്ല. കൂട്ടുകാരെല്ലാം പന്തിനു പിന്നാലെ പായുമ്പോൾ നിന്ന് തന്നെ ഉറങ്ങിപ്പോകുകയാണ് നമ്മുടെ പയ്യൻ. ഇടയ്ക്ക് റഫറി വന്നൊന്ന് ഉണർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കൊച്ചു ഫുട്ബോളർക്ക് ആ സമയത്ത് വേണ്ടത് നല്ല ഉറക്കമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പിൻവാങ്ങുകയാണ്.
ഇതിലെ ഏറ്റവും രസകരമായ കാര്യം ഉറങ്ങുന്ന കൊച്ചു ഫുട്ബോളറുടെ ഉറക്കം തടസ്സപ്പെടുത്താതെയാണ് മറ്റ് കളിക്കാർ ഓരോരുത്തരും പന്തിന്റെ പിന്നാലെ പായുന്നത്. തങ്ങളുടെ സഹകളിക്കാരൻ നിന്ന് ഉറങ്ങുന്നതിൽ ആർക്കും ഒരു അതിശയവുമില്ല. മാത്രവുമല്ല തങ്ങളുടെ സഹകളിക്കാരനെ ഉറങ്ങാൻ അനുവദിച്ച്, ഉറക്കത്തിന് ശല്യമാകാതെയാണ് മറ്റുള്ളവർ ഫുട്ബോൾ കളിക്കുന്നത്.
വിഡിയോയുടെ താഴെയുള്ള കമന്റ് ബോക്സിൽ വ്യത്യസ്തങ്ങളായ നിരവധി കമന്റുകളാണ് ഉള്ളത്. പലരും തിങ്കൾ മുതൽ വെള്ളി വരെയുള്ള ജോലി സമയങ്ങളിൽ തങ്ങൾ ഇങ്ങനെയാണെന്നാണ് കമന്റിൽ പറയുന്നത്. അതേസമയം, ഇത് തമാശയല്ലെന്നും സ്ലീപ് അപ്നിയ എന്നു പറയുന്ന ഒരു അവസ്ഥയാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഉറക്കത്തിനിടയിൽ ഒട്ടേറെ തവണ ശ്വാസം നിലച്ചു പോകുന്ന അവസ്ഥയെയാണ് സ്ലീപ് അപ്നിയ എന്നു പറയുന്നത്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് പകൽസമയങ്ങളിൽ മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ഉറക്കച്ചടവിലേക്ക് നയിക്കുന്നു. കുട്ടികൾ നിർബന്ധമായും നിശ്ചിതസമയം ഉറങ്ങേണ്ടതുണ്ട്. ജനിച്ച് മൂന്നു മാസം വരെ ദിവസം 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങണം. നാല് മാസം മുതൽ ഒരു വയസ് വരെ 12 മുതൽ 16 വരെ മണിക്കൂർ ഉറങ്ങണം. ഒരു വയസുമുതൽ രണ്ടു വയസു വരെ 11 മുതൽ 14 മണിക്കൂർ വരെ കുട്ടികൾ നിർബന്ധമായും ഉറങ്ങണം.