ADVERTISEMENT

'പാളറിന്റെ 2.2 മോഡൽ ഫൈവ് സീറ്റർ വണ്ടിയാണ്  ഇന്ന് പരിചയപ്പെടുത്തുന്നത്. പാളറിന്റെ 2.1 മോഡിഫൈ ചെയ്ത് ഇറക്കിയിരിക്കുന്ന ഈ വണ്ടിക്ക് ഓടാൻ പെട്രോളോ ഡീസലോ കറന്റോ ആവശ്യമില്ല. അതുകൊണ്ട് കാർബൺ എമിഷൻ ഒട്ടുമില്ല. ചിലവ് വളരെ കുറവാണ്. കമ്പനി സ്റ്റോക്കിൽ വണ്ടി ഉള്ളിടത്തോളം റീപ്ലേസ്മെന്റുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് തീരെ കുറവാണെങ്കിലും സർഫസ് സ്മൂത്ത് ആണെങ്കിൽ വണ്ടി കണ്ണും പൂട്ടി പറപ്പിക്കാം. 2.1 പോലെ തന്നെ 2.2 വും ഓപ്പൺ ബോഡിയാണ്. അതുകൊണ്ട് എസിയുടെ ആവശ്യമില്ല. പുള്ളിംഗ് നമുക്ക് തന്നെ ചൂസ് ചെയ്യാം. പുള്ളിംഗിന് അനുസരിച്ചായിരിക്കും വണ്ടിയുടെ സ്പീഡ് കൂടുകയും കുറയുകയും ചെയ്യുന്നത്. നമുക്കൊരു ടെസ്റ്റ് ഡ്രൈവ് കണ്ടാലോ'

കോട്ടയം നെടുങ്കുന്നം സെന്റ് ജോൺസ് സി ബി എസ് ഇ  സ്കൂളിലെ വിദ്യാർത്ഥിയായ ജോൺ ജസ്റ്റിൻ ആണ് പാളർ 2.2 വണ്ടിക്ക് മനോഹരമായ ഈ റിവ്യൂ നൽകിയത്. റിവ്യൂ കേട്ടതിനു ശേഷം ടെസ്റ്റ് ഡ്രൈവ് കാണാനായി കാത്തിരുന്നവർ ഒന്ന് ഞെട്ടി. നമ്മളൊക്കെ കുട്ടിക്കാലത്ത് ലൈസൻസ് ഒന്നുമില്ലാതെ ആദ്യമായി ഓടിച്ച അതേവണ്ടി. ആ അതു തന്നെ, പാളവണ്ടി. സാധാരണ ഒരാൾക്ക് ഇരുന്ന് യാത്ര ചെയ്യാൻ പറ്റുന്ന ചെറിയ പാളയെ അപേക്ഷിച്ച് ഈ പാള കുറച്ച് വലുതാണ്. വെറുതെയല്ല വണ്ടിയുടെ മോഡൽ പേര് പാളർ 2.2 ആയത്. ജോൺ ജസ്റ്റിന്റെ കസിൻസും കുട്ടുകാരും ഉൾപ്പെടെ അഞ്ചോളം പേരാണ് പാളർ 2.2 വിൽ ടെസ്റ്റ് ഡ്രൈവ് നടത്തിയത്.

വണ്ടിയുടെ വലുപ്പം കൂടിയതു കൊണ്ട് ബോഡിയും അൽപ്പം സ്ട്രോങ്ങ് ആണെന്നാണ് ജോൺ പറയുന്നത്. ക്രിസ്മസ് വരെ വണ്ടിക്ക് ഓണം ഓഫറും ലഭ്യമാണ്. ഏതായാലും പുതിയ വണ്ടിക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം ആണ് ലഭിച്ചത്. ക്രിസ്മസ് വരെ ഓണം ഓഫർ ഉള്ള സ്ഥിതിക്ക് അടുത്ത ഓണം വരെ ക്രിസ്മസ് ഓഫർ കിട്ടുമെന്ന പ്രതീക്ഷയിലാണ് മിക്കവരും. 'അടുത്ത മാസം സാലറി വരുമ്പോൾ ഒരെണ്ണം ബുക്ക്‌ ചെയ്യണം. ഓൾ ഇന്ത്യ ടൂർ പോകാനാണ്', 'ഓഫ് റോഡ് ഉപയോഗിക്കാൻ കൊള്ളത്തില്ല. പിന്നാമ്പുറം പഞ്ചർ ആവും.', ' ലോഡ് അടിക്കാൻ ഇനി ഭാരത് ബെൻസ് ഒന്നും വേണ്ടാ ഇതൊരു 5 എണ്ണം എടുത്തേക്കാം', 'എം വി ഡി എന്താ പറയുന്നത് എന്നു നോക്കട്ടെ, എന്നിട്ട് വേണം ബുക്ക്‌ ചെയ്യാൻ' ഇങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

ഇത് ആദ്യമായല്ല ജോൺ ജസ്റ്റിന്റെ വിഡിയോകൾ വൈറലാകുന്നത്. രസകരമായ അവതരണ ശൈലിയാണ് ജോണിനെ വ്യത്യസ്തനാക്കുന്നത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് രസകരമായ വിഡിയോകൾ ജോൺ പങ്കുവെയ്ക്കാറുള്ളത്. മരക്കൊമ്പ് ജംഗ്ഷനിലെ ഉറുമ്പുകളുടെ പ്രതിഷേധവും കാപ്പിച്ചെടിയിൽ നിന്ന് കട്ടൻ കാപ്പിയിലേക്കുള്ള യാത്രയും എല്ലാം ജോണിന്റെ ശ്രദ്ധിക്കപ്പെട്ട വിഡിയോകളാണ്. കോട്ടയം നെടുങ്കുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സി ബി എസ് ഇ സ്കൂളിലെ വിദ്യാർഥിയാണ് ജോൺ ജസ്റ്റിൻ.

English Summary:

Zero Emissions, Open Body: "Pallar 2.2" is the Eco-Friendly Ride You Didn't Know You Needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com