‘ഭാവി ഫോട്ടോഗ്രാഫറും അഭിനേത്രിയും’ ; തങ്കക്കൊലുസിന്റെ മനോഹര ചിത്രങ്ങൾ പങ്കുവെച്ച് സാന്ദ്ര തോമസ്
Mail This Article
കുട്ടികൾ ശരിക്കും കഴിവുകളുടെ ഒരു സൂപ്പർകേന്ദ്രം ആണ്. നിമിഷനേരം കൊണ്ട് മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൈപ്പിടിയിൽ ഒതുക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയും. അതു മാത്രമല്ല കളിയും ചിരിയും ഒക്കെയായി നടക്കുന്നവരാണെങ്കിലും ജന്മസിദ്ധമായ നിരവധി കഴിവുകളും ഓരോ കുട്ടിക്കുമുണ്ട്. അത് പരിപോഷിപ്പിക്കുന്നിടത്താണ് മാതാപിതാക്കൾ വിജയിക്കുന്നതും. അത്തരത്തിൽ ഫോട്ടോഗ്രഫിയിലും മോഡലിംഗിലും പ്രാഗത്ഭ്യം തെളിയിച്ച തങ്കവും കൊലുസുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരങ്ങൾ.
നിർമാതാവും നടിയുമായ സാന്ദ്ര തോമസ് ആണ് മക്കളായ തങ്കത്തിന്റെയും കൊലുസുവിന്റെയും ഒഴിവുനേരത്തെ നേരമ്പോക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കുറച്ചു സമയത്തേക്ക് മക്കളിൽ നിന്നൊന്ന് മാറി നിന്നപ്പോൾ സംഭവിച്ചത് എന്ന് പറഞ്ഞാണ് ഈ വിശേഷം ആരാധകരുമായി സാന്ദ്ര തോമസ് പങ്കുവെച്ചത്. തങ്കം പോസ് ചെയ്തപ്പോൾ കൊലുസു എടുത്ത ചിത്രങ്ങൾ ആയിരുന്നു സാന്ദ്ര തോമസ് പങ്കുവെച്ചത്.
ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സാന്ദ്ര തോമസ് കുറിച്ചത് ഇങ്ങനെ. 'ഞാൻ ഒരു മിനിറ്റ് നേരത്തേക്ക് ഇവരിൽ നിന്ന് മാറിയപ്പോൾ കൊലുസു എടുത്ത ചിത്രങ്ങളാണ് ഇത്. തങ്കം ഒരു പ്രൊഫഷണലിനെ പോലെ പോസ് ചെയ്യുകയും ചെയ്തു. എനിക്ക് ഒരു ഭാവി ഫോട്ടോഗ്രഫിയും അഭിനയവും കാണാൻ കഴിയുന്നു' - എന്നാണ് കൊലുസു എടുത്ത തങ്കത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സാന്ദ്ര തോമസ് കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ അഭിനന്ദനങ്ങളുമായി എത്തിയത്.
2018 ഏപ്രിൽ മൂന്നിനാണ് സാന്ദ്ര തോമസിനും വിൽസണിനും ഇരട്ടക്കുട്ടികളായ തങ്കം - കൊലുസ് എന്നിവർ ജനിച്ചത്. കുഞ്ഞുനാളുകളിൽ ഇവരുടെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയതോടെ അവരുടെ പഠനത്തിലായി പൂർണശ്രദ്ധ.