ADVERTISEMENT

ബാല്യകാല ഓർമകൾ എല്ലാക്കാലത്തും നമുക്ക് ഇഷ്ടമുള്ളതാണ്. എന്നാൽ, ചില ഓർമകളെങ്കിലും അൽപം കയ്പ്പു രസമുള്ളതായിരിക്കും. പക്ഷേ, ഷഫീഖ് മാഷിന്റെ ക്ലാസിൽ ഒരിക്കലെങ്കിലും ഇരുന്ന് പഠിച്ച കുട്ടികൾക്ക് അവരുടെ ബാല്യകാലം അതിമധുരം നിറഞ്ഞതാണ്. കാരണം അത്ര ഗംഭീരമാണ് മാഷിന്റെ ഓരോ ക്ലാസുകളും. സോഷ്യൽ മീഡിയയിൽ വൈറലായി മാഷിന്റെ ക്ലാസുകളെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി തന്നെ അഭിനന്ദിച്ചിട്ടുണ്ട്.

പാട്ടും അഭിനയവും നൃത്തവും വള്ളംകളിയും ഒക്കെയായാണ് ഷഫീഖ് മാഷിന്റെ ഓരോ ക്ലാസുകളും. അതുകൊണ്ടു തന്നെ കുട്ടികൾക്ക് ഒരു തരത്തിലും ക്ലാസ് ബോറടിക്കില്ലെന്ന് മാത്രമല്ല, പഠിക്കുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുകയും ചെയ്യും. ഇത്തരത്തിൽ ഷഫീഖ് മാഷിന്റെ എല്ലാ വിഡിയോകൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. 

ചില്ലക്ഷരങ്ങൾ പരിചയപ്പെടുത്തുന്ന പുതിയ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മൂന്നു ദിവസം കൊണ്ട് നാല് മില്യണിന് മുകളിൽ ആളുകളാണ് ഈ വിഡിയോ കണ്ടത്. 'വാലപ്പൻ അക്ഷരം കണ്ടിട്ടുണ്ടോ, നിങ്ങള്, വാലപ്പൻ അക്ഷരം കണ്ടിട്ടുണ്ടോ' എന്ന പാട്ട് ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ആരാണ് ഈ വാലപ്പൻ അക്ഷരം എന്ന അന്തം വിട്ടിരിക്കുമ്പോൾ ചില്ലക്ഷരം എന്ന് മറുപടി കൊടുക്കുന്നു മാഷ്.

ഒരു പൂച്ചയുടെ പടം കാണിച്ച് വാലപ്പൻ പൂച്ചയുടെ വാല് പോലെ അക്ഷരങ്ങൾക്കും വാലുണ്ടെന്ന് വ്യക്തമാക്കുന്നു മാഷ്. ന എഴുതി ഒരു വാലിട്ടാൽ ൻ, ണ എഴുതി ഒരു വാലിട്ടാൽ ൺ, റ എഴുതി ഒരു വാലിട്ടാൽ ർ, ഗ എഴുതി ഒരു വാലിട്ടാൽ ൾ, ത എഴുതി ഒരു വാലിട്ടാൽ ൽ എന്നിങ്ങനെ ചില്ലക്ഷരങ്ങളെ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയാണ് ഷഫീഖ് മാഷ്. എ യു പി എസ് കുറുവയിലെ അധ്യാപകനായ ഷഫീഖ് മാഷിന് കഴിഞ്ഞയിടെ തിരുവനന്തപുരം എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ അധ്യാപക അവാർഡും ലഭിച്ചിരുന്നു.

English Summary:

Forget Boring Lessons! This Teacher Uses Songs & Cats to Teach Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com