'അമ്മേ, ഞാൻ കെട്ടിത്തരാം' ദിവ്യ ഉണ്ണിയെ ചിലങ്ക കെട്ടാൻ സഹായിച്ച് മകൾ; മനോഹരമായ വിഡിയോ പങ്കുവെച്ച് താരം
Mail This Article
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്തവുമായി സജീവമാണ് താരം. ഇപ്പോൾ ഇതാ നവരാത്രി നാളിൽ നൃത്തം ചെയ്യാൻ ഒരുങ്ങുന്ന ദിവ്യ ഉണ്ണിക്ക് ഇളയമകൾ ഐശ്വര്യ ചിലങ്ക കെട്ടിക്കൊടുക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വിജയദശമി, നവരാത്രി എന്നീ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ദിവ്യ ഉണ്ണി കാലിൽ ചിലങ്ക കെട്ടാൻ ഒരുങ്ങുമ്പോൾ 'താൻ കെട്ടിത്തരാം' എന്ന ഭാവത്തോടെ, ശ്രദ്ധയോടെ ചിലങ്ക കെട്ടിക്കൊടുക്കുകയാണ് ഐശ്വര്യ. ഇടയ്ക്ക് ചിലങ്ക കിലുക്കി നോക്കുകയും വിഡിയോ എടുക്കുന്നയാളെ നോക്കി ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.
ദിവ്യ ഉണ്ണി നൃത്തം ചെയ്യുന്നതും ഐശ്വര്യ ഒരു ഗണേശവിഗ്രഹത്തിന് മുമ്പിൽ മുദ്ര കാണിച്ച് ഇരിക്കുന്നതുമെല്ലാം വിഡിയോയുടെ അവസാനഭാഗങ്ങളിൽ കാണാവുന്നതാണ്. വളരെ മനോഹരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഒരു മിനി ദിവ്യ ഉണ്ണി വളർന്നു വരുന്നു', 'അമ്മയുടെ ചെറുപകർപ്പ്', 'കുട്ടി ദിവ്യ ഉണ്ണിയെ പോലെ തന്നെയുണ്ടല്ലോ', 'ദിവ്യയ്ക്ക് ചിലങ്ക കെട്ടാൻ കുഞ്ഞിന് വളരെ ആഗ്രഹമുണ്ട്, പരിശീലനം നൽകൂ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
2020 ജനുവരി 14ന് ആയിരുന്നു ദിവ്യ ഉണ്ണിക്കും ഭർത്താവ് അരുൺകുമാറിനും ഐശ്വര്യ പിറന്നത്. കുഞ്ഞ് പിറന്നതു മുതലുള്ള വിശേഷങ്ങൾ ദിവ്യ ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. 2018ൽ ആയിരുന്നു അരുൺകുമാറും ദിവ്യ ഉണ്ണിയും വിവാഹിതരായത്. ദിവ്യയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ വിവാഹബന്ധത്തിൽ മീനാക്ഷി, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് താരത്തിനുള്ളത്. ഇരുവരും ദിവ്യ ഉണ്ണിയ്ക്ക് ഒപ്പമാണ് താമസം.