'അങ്ങു വാനക്കോണില്, മിന്നി നിന്നൊരമ്പിളി' എട്ടാം ക്ലാസുകാരൻ ശ്രീഹരി പാടി, കൂട്ടുകാർ താളമിട്ടു, മന്ത്രി കൈയടിച്ചു
Mail This Article
ക്ലാസ് മുറികളിൽ പുസ്തക പഠനം മാത്രമല്ല നടക്കുന്നത്, ഒരു കുട്ടിയുടെ വ്യക്തിത്വ വികാസം കൂടിയാണ്. പാടാനും ആടാനും കഴിവുള്ളവർക്ക് ധൈര്യമായി അത് ചെയ്യാനുള്ള അവസരങ്ങൾ കൂടി ഒരുക്കുമ്പോഴാണ് ക്ലാസ് മുറികളും വിദ്യാലയങ്ങളും അർത്ഥവത്താകുന്നത്. അത്തരത്തിൽ തിരൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ സ്കൂളിലെ കൊച്ചു മിടുക്കൻ ശ്രീഹരി ക്ലാസ് മുറിയിൽ പാടിയ ഒരു പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വിഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
നടൻ ടൊവിനോ തോമസ് നായകനായി കഴിഞ്ഞയിടെ റിലീസ് ആയ ചിത്രം എആർഎമ്മിൽ നിന്നുള്ള 'അങ്ങു വാനക്കോണില്, മിന്നി നിന്നൊരമ്പിളി' എന്ന ഗാനമാണ് ശ്രീഹരി പാടിയത്. ഗിത്താറും തബലയും വായിച്ച് കൂട്ടുകാരും പിന്തുണ നൽകുന്നു. മറ്റു കൂട്ടുകാർ ഗാനം ആസ്വദിച്ച് ചുറ്റും കൂടി നിൽക്കുന്നുണ്ട്.
'തിരൂർ KHMHSS ആലത്തിയൂർ സ്കൂളിലെ ഈ കുട്ടിക്കൂട്ടം അടിപൊളി.. എന്ത് രസായിട്ടാണ് എട്ടാം ക്ലാസുകാരൻ ശ്രീഹരിയും കൂട്ടരും ഒരു സംഗീത വിരുന്ന് ഒരുക്കുന്നത്.. ' എന്ന അടിക്കുറിപ്പോടെയാണ് വിദ്യാഭ്യാസമന്ത്രി തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വിഡിയോ പങ്കുവെച്ചത്.
കമന്റ് ബോക്സിൽ നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ' ചുമ്മാ കയ്യും കെട്ടി നിന്ന് പാടുന്ന... പഹയൻ...', ' ഇവരൊയൊക്കെ എടുത്തു കൊണ്ടു വാ മാഷേ... ❤. നാളെയുടെ ആളുകൾ ആണ്', 'ശ്ശെടാ... ഇത്രേം സിംപിൾ ആയി ഈ പാട്ടൊക്കെ പാടാൻ പറ്റ്വോ..??', 'അടിപൊളി ,,,നല്ല ഭാവിയുണ്ട്' എന്നിങ്ങനെ പോകുന്നു കമന്റുകൾ.