'ബാലേട്ടൻ മോളല്ലേടി..' കലാഭവൻ മണിയുടെ പാട്ട് പാടി ആറു വയസുകാരൻ ആധ്വിക്, ആഘോഷമാക്കി കലോത്സവ സദസ്
Mail This Article
നാടൻപാട്ടുകൾക്ക് മലയാളിയുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. അത് അന്തരിച്ച നടൻ കലാഭവൻ മണിയുടേത് കൂടിയാകുമ്പോൾ ആവേശം ഇരട്ടിയാകും. ആ പാട്ട് പാടുന്നത് ഒരു ആറുവയസുകാരൻ കൂടിയായാൽ പിന്നെ സദസ്സിന് അതിൽപ്പരം എന്തുവേണം. സ്കൂൾ കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയ ആധ്വിക് രാജ് 'ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ' എന്ന് പാടി തുടങ്ങിയപ്പോൾ കൊച്ചു കുട്ടികളുടെ സദസ് സന്തോഷത്തോടെയും ആവേശത്തോടെയും അത് ഏറ്റെടുത്തു.
കാസർകോട് പാണ്ടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം ആയിരുന്നു വേദി. കലോത്സവത്തിന് വിശിഷ്ട അതിഥി ആയി എത്തിയതായിരുന്നു ആറ് വയസുകാരൻ ആധ്വിക് രാജ്. തകർപ്പൻ നാടൻപാട്ട് പ്രകടനം കൂടി ആധ്വിക് നടത്തിയതോടെ സദസ് ആവേശത്തിലായി. കാസർകോട് ബോവിക്കാനം AUPS സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആയ ആധ്വിക് നാടൻ പാട്ട് കലാകാരൻ രാജേഷ് പാണ്ടിയുടെ മകനാണ്.
വേദിയിൽ നിന്ന് പാടി ഒരു പ്രൊഫഷണൽ കലാകാരനെ പോലെ സദസിലേക്ക് ഇറങ്ങിയ ആധ്വിക് കൊച്ചു കൂട്ടുകാരെ കസേരയിൽ നിന്ന് കൈ പിടിച്ച് എഴുന്നേൽപ്പിച്ച് തന്റെ പാട്ടിനൊപ്പം താളം പിടിപ്പിച്ചു. അതിനു ശേഷം കുഞ്ഞു സുന്ദരിമാരുടെ അരികിലേക്ക് എത്തി. കൈയടിച്ച് താളം പിടിച്ച് അവർ ആധ്വികിന്റെ പാട്ടിന് സമ്പൂർണ പിന്തുണ നൽകി. പതിയെ ആ സദസ് മുഴുവനും, കുട്ടികളും അധ്യാപകരും, ഉൾപ്പെടെ കൈയടിയോടെ ആധ്വികിന്റെ പാട്ട് ആസ്വദിക്കുന്ന കാഴ്ച മനോഹരമാണ്. മനോഹരമായി പാടി സദസിനെ കൈയിലെടുത്ത ആധ്വികിന് സ്നേഹാശ്ലേഷം നൽകാനും അധ്യാപകർ മറന്നില്ല.
ബോവിക്കാനം AUPS സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആയ ആധ്വിക് സ്കൂൾ കലോത്സവത്തിൽ ലളിതഗാനം, മലയാളം പദ്യം ചൊല്ലൽ, മലയാളം ആക്ഷൻ സോംഗ്, ഇംഗ്ലീഷ് ആക്ഷൻ സോംഗ് എന്നിവയിൽ വിജയി ആയിരുന്നു. നാടൻ പാട്ട് കലാകാരനായ അച്ഛൻ രാജേഷ് പാണ്ടിക്കൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ ഈ ചെറുപ്രായത്തിൽ തന്നെ ആധ്വിക് പോകാറുണ്ട്.