ADVERTISEMENT

വീൽച്ചെയറിൽ ഇരിക്കുന്ന അഞ്ചാം ക്ലാസുകാരൻ മുഹമ്മദിന് അവർ ചോറ് വാരിക്കൊടുത്തു, അതു കഴിഞ്ഞ് മുഖം കഴുകിച്ചു. തിരികെ വീണ്ടും ക്ലാസിലേക്ക്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മൂന്നാം ക്ലാസു മുതൽ കൂട്ടുകാർ മുഹമ്മദിന് ഒപ്പമുണ്ട്. സ്കൂളിലെത്തി കഴിഞ്ഞാൽ മുഹമ്മദിന് എല്ലാ സഹായവുമായി എപ്പോഴുമുള്ളത് ബിലാലും ആസിഫും അദിലാലുമാണ്. ഉച്ച ഭക്ഷണം വാരിക്കൊടുക്കും, വാ കഴുകിക്കും, ടോയിലറ്റിൽ കൊണ്ടു പോകും, പഠിക്കാൻ സഹായിക്കും, കളിക്കും അങ്ങനെ സ്കൂൾ ജീവിതത്തിൽ മുഹമ്മദിന് താങ്ങും തണലുമാണ് ഈ കൂട്ടുകാർ.

വിൽച്ചെയറിൽ ഇരിക്കുന്ന മുഹമ്മദിന് ഭക്ഷണം വാരിക്കൊടുത്തതിനു ശേഷം കൂട്ടുകാർ ചേർന്ന് മുഖം കഴുകിക്കുന്ന വിഡിയോ വിദ്യാഭ്യാസന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ആണ് ലോകം അത് കണ്ടത്. കൊല്ലം അയ്യൻകോയിക്കൽ ഗവൺമെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്. സഹപാഠികളായ കൂട്ടുകാരാണ് എല്ലാ സഹായവുമായി മുഹമ്മദിന് ഒപ്പം എപ്പോഴും ഉള്ളത്. 

ഒരിക്കൽ മുഹമ്മദ് തനിക്ക് ആഹാരം വാരി തരുമോ എന്ന് ചോദിച്ചെന്നും അന്നുമുതലാണ് ആഹാരം വാരിക്കൊടുത്തു തുടങ്ങിയെന്നും കൂട്ടുകാരിൽ ഒരാൾ പറയുന്നു. മുഹമ്മദ് ഇവിടെ പഠിക്കുന്ന അത്രയും കാലവും തങ്ങൾ അവനെ നോക്കുമെന്നും ഒരേ സ്വരത്തിൽ കൂട്ടുകാർ വ്യക്തമാക്കുന്നു. രാവിലെ മുഹമ്മദിന്റെ പിതാവ് സ്കൂട്ടറിൽ കൊണ്ടുവന്ന് അവനെ സ്കൂളിലാക്കും. അപ്പോഴേക്കും വീൽച്ചെയറുമായി കൂട്ടുകാർ അവിടെ ചെന്ന് നിൽക്കും. അതിനു ശേഷം കൂട്ടുകാരുടെ കരുതലിലാണ് മുഹമ്മദ് സ്കൂളിൽ ചിലവഴിക്കുന്നത്.

ജന്മനാ കൈയ്ക്കും കാലിനും ചലനശേഷി നഷ്ടപ്പെട്ടയാളാണ് മുഹമ്മദ്. കൂട്ടുകാർ തനിക്ക് എല്ലാം ചെയ്തു തരുമെന്ന് മുഹമ്മദ് പറഞ്ഞു. ഭക്ഷണം വാരി തരികയും ടോയിലറ്റിൽ കൊണ്ടു പോകുകയും ചെയ്യുന്നത് മാത്രമല്ല കൂട്ടുകാർ തന്നോട് സംസാരിക്കുകയും ചെയ്യുമെന്ന് സന്തോഷത്തോടെ പറയുന്നു മുഹമ്മദ്. അതേസമയം, കൂട്ടുകാർ മുഹമ്മദിനെ പൊന്നുപോലെ നോക്കുന്നത് തങ്ങൾക്ക് സ്ഥിരമായ കാഴ്ചയാണെന്ന് ക്ലാസ് ടീച്ചർ ആയ ഷീബ പറയുന്നു. ഇവരുടെ ഈ സൗഹൃദം ഇതുപോലെ ഇനിയുള്ള കാലവും നിൽനിൽക്കട്ടെ എന്ന് ആശംസിക്കുകയാണ് ഈ വിഡിയോ കണ്ട എല്ലാവരും.

English Summary:

True Friendship Knows No Bounds: Boys' Heartwarming Support for Classmate in Wheelchair Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com