'ഒരു മാസം കൊണ്ട് നീയെനിക്ക് സമ്മാനിച്ചത് ലക്ഷക്കണക്കിന് ഓർമകൾ'; ലിയാൻ തിരികെ പോയ സങ്കടം പങ്കുവെച്ച് അഹാന കൃഷ്ണ
Mail This Article
ഉറങ്ങിക്കിടക്കുന്ന ഒരു വീടിനെ ഉണർത്തുന്നവരാണ് കുട്ടികൾ. ഒരു കുട്ടി വീട്ടിലേക്ക് വരുന്നതോടെ കളിചിരികളും തമാശകളും ഒക്കെയായി സമയം പോകുന്നതറിയില്ല. അവർ വീട്ടിൽ നിന്ന് പോകുമ്പോൾ ആകെ ഒരു അസ്വസ്ഥത ആയിരിക്കും. മൊത്തം ശോകമൂകമായ അവസ്ഥ. അത്തരമൊരു അവസ്ഥയിലാണ് നടി അഹാന കൃഷ്ണയും കുടുംബവും. അനന്തരവൻ ലിയാൻ കാനഡയ്ക്ക് തിരികെ പോയതിന്റെ വിഷമത്തിലാണ് ഇവരെല്ലാവരും. വളരെ മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചാണ് അഹാന തനിക്ക് ലിയാനെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയത്.
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവിയുടെ മകനാണ് ലിയാൻ. അമ്മയായ തൻവിക്കൊപ്പം കാനഡയിലാണ് ലിയാൻ താമസിക്കുന്നത്. ദിയയുടെ കല്യാണത്തിന് മുന്നോടിയായാണ് തൻവിയും ലിയാനും നാട്ടിലേക്ക് എത്തിയത്. പഠനകാലത്ത് തന്നെ പുറത്തു പോയി പഠിച്ച തൻവി ജോലിയൊക്കെയായി കാനഡയിൽ തന്നെ സെറ്റിലാകുകയായിരുന്നു.
അമ്മയ്ക്കൊപ്പം നാട്ടിലെത്തിയ ലിയാൻ അഹാനയുടെയും ഇഷാനിയുടെയും ദിയയുടെയും വിഡിയോകളിൽ എല്ലാം സജീവമായിരുന്നു. അഹാനയ്ക്ക് ലിയാനോട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ലിയാൻ പോയതിൽ ഏറ്റവും വിഷമവും അഹാനയ്ക്ക് ആയിരുന്നു. ലിയാനൊപ്പം പങ്കുവെച്ച സ്നേഹനിമിഷങ്ങൾ കോർത്തിണക്കിയാണ് വിഡിയോ അഹാന തയ്യാറാക്കിയിരിക്കുന്നത്.
'ഞങ്ങളുടെ കുഞ്ഞു മഫിൻ, എന്റെ അനന്തരവൻ. ലിയാൻ. നിന്റെ രണ്ട് കുഞ്ഞുപാദങ്ങൾ കൊണ്ട് നീ ഞങ്ങളുടെ എല്ലാവരുടെയും ഹൃദയത്തിലേക്ക് കയറി വന്ന് കാൽപ്പാടുകൾ അവശേഷിപ്പിച്ചു. നീ ജനിച്ച അന്നുമുതൽ നിന്നെ കാണാൻ ഞങ്ങൾ എത്രയേറെ ആഗ്രഹിച്ചിരുന്നെന്നോ ? ഈ വിഡിയോ ഒരു മാസം കൊണ്ട് നീയെനിക്ക് സമ്മാനിച്ച ലക്ഷക്കണക്കിന് ഓർമകൾ ഓർക്കുവാൻ വേണ്ടിയാണ്. നീ വളരുമ്പോൾ നീ എങ്ങനെയുള്ള ഒരു പാവയായിരുന്നുവെന്ന് നിനക്ക് തിരിഞ്ഞു നോക്കുന്നതിനും കൂടി വേണ്ടിയാണ്' - ലിയാനൊപ്പമുള്ള വിഡിയോ പങ്കുവെച്ചു കൊണ്ട് അഹാന കുറിച്ചു.