‘അന്നത്തെ ആഴ്ചകൾ മാത്രം പ്രായമുള്ള നിന്നെ ഇന്നും ലാളിച്ചു മതിയായില്ല’; കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആലിയ
Mail This Article
മകൾ റാഹയുടെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിലാണ് രൺബീർ കപൂറും ഭാര്യ ആലിയ ഭട്ടും. ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും മകൾക്കു ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴത്തെ മനോഹരമായ ഒരു ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ആലിയയും ഇരുവരെയും ചേർത്ത് പിടിച്ചു നിൽക്കുന്ന രൺബീറുമാണ് ചിത്രത്തിലുള്ളത്. എല്ലാ മാതാപിതാക്കളുടെയും പോലെ മക്കൾക്ക് ഒരിക്കലും പ്രായമാകരുതെന്നും അവരെ എപ്പോഴും താലോലിച്ചു കൊണ്ടിരിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു അമ്മ തന്നെയാണ് ആലിയ എന്ന് പിറന്നാൾ ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാണ്.
റാഹയെ പ്രസവിച്ച സമയത്ത് ആശുപത്രിയിൽ നിന്നും പകർത്തിയ ഇതുവരെ ആരും കാണാത്ത ചിത്രമാണ് ആലിയ പിറന്നാൾ ദിനത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അന്നത്തെ ആഴ്ചകൾ മാത്രം പ്രായമുള്ള ആ കുഞ്ഞിനെ ഇന്നും ലാളിച്ചു മതിയായില്ലെന്നും മക്കൾ എന്നും കുഞ്ഞായിരിക്കണമെന്നു മാതാപിതാക്കൾ ആഗ്രഹിക്കുമെന്നുമാണ് ആലിയ കുറിച്ചിരിക്കുന്നത്. എല്ലാ ദിവസവും മധുരതരമാക്കുന്ന ഞങ്ങളുടെ ജീവന് പിറന്നാൾ ആശംസകളെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്. വനത്തിന്റെയും മൃഗങ്ങളുടെയും തീമിലായിരുന്നു റാഹയുടെ പിറന്നാൾ കേക്കും അലങ്കാരങ്ങളും.
താരങ്ങളും ബന്ധുക്കളുമടക്കം നിരവധി പേരാണ് റാഹയ്ക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. രൺബീറിന്റെ മാതാവ് നീതു കപൂർ ഞങ്ങളുടെ സ്നേഹത്തിനു ഇന്ന് പിറന്നാൾ. ദൈവം അനുഗ്രഹിക്കട്ടെ എന്നെഴുതിയാണ് എഴുതിയാണ് കുഞ്ഞു റാഹയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കരീന കപൂറും രൺബീറിന്റെ സഹോദരി റിതിമയുമടക്കമുള്ളവർ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. 2022 ലായിരുന്നു രൺബീറിന്റെയും ആലിയയുടെയും വിവാഹം. ആ വർഷം നവംബർ 6 നാണ് ഇരുവർക്കും റാഹ ജനിച്ചത്.