പിറന്നാൾ ഷോപ്പിങ്ങിന് 25000 രൂപ, സായ്യുടെ ചോയ്സ് പഞ്ചിങ് ബാഗുകളും ചാരിറ്റിയും: മകനെ ജീവിതപാഠം പഠിപ്പിച്ച് നവ്യ
Mail This Article
കടയിൽ പോയി ആവശ്യമുള്ളവ വാങ്ങാനും വിലകൾ തമ്മിലുള്ള അന്തരം മനസിലാക്കാനും ബാക്കി പൈസയുണ്ടെങ്കിൽ തിരികെ വാങ്ങാനുമൊക്കെ അറിയുന്ന കുട്ടികൾ ഇന്ന് നമുക്കിടയിൽ കുറവാണെന്നു തന്നെ പറയാം. കുട്ടികൾ അടിസ്ഥാനപരമായി അറിയേണ്ടതാണ് മേല്പറഞ്ഞതെല്ലാം. മകൻ സായിയുടെ പതിനാലാം ജന്മദിനത്തിനു ഇത്തരമൊരു അർത്ഥവത്തായ പാഠം പകർന്നു നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി നവ്യ നായർ. എല്ലാ വർഷവും ജന്മദിനത്തിൽ മകന് ഏറ്റവും ഇഷ്ടമുള്ളവ അവനൊപ്പം പോയി വാങ്ങി നൽകുകയാണ് പതിവെങ്കിൽ, ഇത്തവണ ഒരു തുക നൽകി, സായിയെ തനിച്ചു ഷോപ്പിങ്ങിനു പറഞ്ഞയക്കുകയായിരുന്നു.
ഷോപ്പിങ്ങിനു പോകുമ്പോൾ പലർക്കും പല തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. കാണുന്നവ മുഴുവൻ വാങ്ങി കൂട്ടുന്ന ഒരു വിഭാഗമുണ്ട്. അങ്ങനെ വാങ്ങിക്കുന്നവയ്ക്ക് ചിലപ്പോൾ വീട്ടിലെത്തി കഴിയുമ്പോൾ ഉപയോഗമൊന്നുമില്ലെന്നു മനസിലാക്കി, ഏതെങ്കിലും കോണിൽ ഉപേക്ഷിക്കും. പണം മുടക്കി ഓരോ വസ്തുക്കളും വാങ്ങുമ്പോൾ അവയ്ക്ക് കൃത്യമായ ഉപയോഗമുണ്ടോ എന്ന് ചിന്തിച്ചതിനു ശേഷം വാങ്ങുക എന്നതാണ് പ്രാഥമിക പാഠം. ആ പാഠമാണ് നവ്യ ഈ ജന്മ ദിനത്തിൽ മകന് നൽകിയത്.
ഇരുപത്തിയയ്യായിരം രൂപയായിരുന്നു സായിയുടെ ജന്മദിനത്തിനായി നവ്യ മാറ്റി വെച്ചത്. ആ പണം മകന് നൽകി ഇഷ്ടമുള്ളത് വാങ്ങാൻ പറയുകയും ചെയ്തു. ബോക്സിങ്ങിനു ചേർന്നതു കൊണ്ടുതന്നെ സായ് ആദ്യം തിരഞ്ഞെടുത്തത് പഞ്ചിങ് ബാഗും ഗ്ലൗസുമാണ്. കൂടെ ഹോം ജിമ്മിലേക്കു ആവശ്യമുള്ളവ കുറച്ചു ഉപകരണങ്ങൾ വേറെയും വാങ്ങി. പഞ്ചിങ് ബാഗ് ഉപയോഗിക്കുന്നതിനായുള്ള സൗകര്യങ്ങൾ വീട്ടിലുണ്ടോ എന്നും ബോക്സിങ് ക്ലാസ് കഴിഞ്ഞു ക്ഷീണിതനായി എത്തുന്ന സായ് അതു പിന്നീട് ഉപയോഗിക്കുമോ എന്നുമൊക്കെയുള്ള സംശയം നവ്യ മകനുമായി പങ്കുവയ്ക്കുന്നുണ്ട്. ഉപയോഗിച്ചില്ലെങ്കിൽ മകന്റെ സമ്പാദ്യത്തിൽ നിന്നും അതിനായി ചെലവാക്കിയ തുക താനെടുക്കുമെന്നും നവ്യ പറയുന്നു. പക്ഷേ, ഇതിനെല്ലാമപ്പുറം അമ്മ നൽകിയ തുകയിൽ നിന്നും മിച്ചം വന്നതും തന്റെ കയ്യിലുള്ള പണവും കൂടി ഗാന്ധി ഭവനിലേക്ക് നൽകാമെന്നാണ് പിറന്നാൾ ദിനത്തിലെ സായിയുടെ തീരുമാനം. ആ തീരുമാനം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും നന്മയുള്ള മനുഷ്യനായി, മറ്റുള്ളവരുടെ ദുഃഖം കണ്ടാൽ തിരിച്ചറിയുന്നവനായി സായ് വളരണമെന്നാണ് തന്റെ പ്രാർത്ഥനയെന്നും നവ്യ കൂട്ടി ചേർക്കുന്നുണ്ട്. നവംബർ 22 നാണ് സായിയുടെ പതിനാലാം ജന്മദിനം.