‘ഓംകാറിന് തലൈവരുടെ അനുഗ്രഹം’; ഇതിൽപ്പരം വേറെയെന്ത് വേണമെന്ന് ആരാധകർ
Mail This Article
മകന്റെ രണ്ടാം പിറന്നാൾ അതിമധുരം സമ്മാനിച്ചതിന്റെ ത്രില്ലിലാണ് നടൻ നരേയ്നും കുടുംബവും. ഓംകാറിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് ഈയടുത്തിടെ കുഞ്ഞിന് അനുഗ്രഹവും ആശംസയും നൽകിയത് വേറെയാരുമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ തലൈവരായ സാക്ഷാൽ രജനികാന്ത്. കുഞ്ഞിനെ എടുത്തു ലാളിക്കുന്ന രജനികാന്തിന്റെ ചിത്രം ആരാധകരും സ്വീകരിച്ചു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളുടെ താഴെ ഇതിൽപ്പരം സന്തോഷം വേറെയെന്തുവേണം എന്നാണ് ആരാധകരുടെ ഭാഗത്തു നിന്നുമുള്ള കമന്റുകൾ.
മകൻ ഓംകാറിനു രണ്ടു വയസ്സായി എന്നെഴുതി നരേയ്ൻ പങ്കുവെച്ച ചിത്രങ്ങളിൽ കുഞ്ഞിനൊപ്പം തന്നെ എല്ലാവരുടെയും ശ്രദ്ധ കവർന്നത് രജനികാന്താണ്. തലൈവരുടെ അനുഗ്രഹം മകന് ലഭിച്ചു എന്നാണ് ചിത്രങ്ങൾക്കൊപ്പം നരേയ്ൻ കുറിച്ചത്. നരെയ്ന്റെ ഭാര്യ മഞ്ജുവും മകൻ ഓംകാറും രജനികാന്തിനൊപ്പം നിൽക്കുന്നതും കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന സൂപ്പർ സ്റ്റാറിന്റെ ചിത്രവുമാണ് മകന്റെ പിറന്നാൾ ദിനത്തിൽ നരേയ്ൻ സോഷ്യൽ ലോകവുമായി പങ്കുവെച്ചത്.
ഓംകാറിന്റെ ആദ്യത്തെ പിറന്നാളിനു മമ്മൂട്ടിയും ഭാര്യ സുൽഫത്തുമായിരുന്നു അതിഥികളെങ്കിൽ രണ്ടാം പിറന്നാൾ രജനി കാന്തിനൊപ്പം എന്തൊരു ഭാഗ്യമാണല്ലേ എന്നാണ് ചിത്രങ്ങൾക്ക് താഴെയുള്ള ഒരു കമന്റ്. സുഹൃത്തുക്കളും താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നരേയ്ന്റെ മകന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.