'എന്നും എപ്പോഴും നീ എന്റെ ഹൃദയവും ആത്മാവും'; ആരാധ്യയ്ക്കും ഡാഡിക്കും ആശംസകളുമായി ഐശ്വര്യ റായി
Mail This Article
പ്രിയമകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഇന്ത്യൻ സിനിമയിലെ താരസുന്ദരി ഐശ്വര്യ റായി. ഔദ്യോഗികമായി കൗമാരക്കാരിയായ മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നെന്ന് ഐശ്വര്യ റായി കുറിച്ചു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ഐശ്വര്യ റായി ആശംസകൾ നേർന്നത്. അതേസമയം, നവംബർ മാസത്തിൽ തന്നെയാണ് ഐശ്വര്യയുടെ അച്ഛന്റെ പിറന്നാളും. 2017ൽ പിതാവ് ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും പിതാവിന്റെ ജന്മവാർഷികം ആഘോഷിക്കാനും ഐശ്വര്യ റായി മറന്നില്ല.
2011 നവംബർ 16ന് ആയിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യ ബച്ചൻ പിറന്നത്. മകൾ കൗമാരക്കാരിയാകുന്നതിന്റെ സന്തോഷത്തിനൊപ്പം പിതാവിന്റെ ജന്മവാർഷികം ആഘോഷിക്കുകയും ചെയ്തു താരം. പിതാവിന്റെ ചിത്രത്തിന് മുമ്പിൽ പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പം അമ്മയ്ക്കും മകൾക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും ഐശ്വര്യ റായി പങ്കുവെച്ചിട്ടുണ്ട്.
'എന്റെ ജീവിതത്തിലെ ശാശ്വതമായ സ്നേഹമായ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാൾ ആശംസകൾ. ഒപ്പം, എല്ലാക്കാലത്തേക്കും അതിനുശേഷവും എന്റെ ഹൃദയവും ആത്മാവും ആയ എന്റെ സ്നേഹം നിറഞ്ഞ ആരാധ്യയ്ക്കും പിറന്നാൾ ആശംസകൾ.' - ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ഐശ്വര്യ റായി കുറിച്ചു. ആരാധ്യ ബച്ചന് ഈ നവംബർ 16ന് 13 വയസ് ആയി.
ഐശ്വര്യ റായിയുടെ പിതാവായ കൃഷ്ണരാജ് റായി 2017 മാർച്ച് 18ന് ആയിരുന്നു ഈ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം നവംബർ 21ന് ആയിരുന്നു. അച്ഛൻ മരിച്ചു പോയെങ്കിലും അച്ഛന്റെ ജന്മവാർഷികം മറക്കാതെ ആചരിക്കുകയാണ് ഐശ്വര്യ റായി. തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ജന്മദിനം ഒരേ മാസത്തിൽ വന്നപ്പോൾ അത് ഒരുമിച്ച് ആഘോഷിക്കുകയാണ് താരം.