‘ആരാണ് മികച്ച ആസ്ട്രോളജർ'; സിറിയോട് മകൻ, അച്ഛന്റെ പേര് മാത്രം കിട്ടിയില്ല; ‘മാനം കളഞ്ഞല്ലോ’യെന്ന് ഹരി പത്തനാപുരം
Mail This Article
എല്ലാ കുട്ടികൾക്കും അവരുടെ അച്ഛൻ തന്നെയായിരിക്കും ഹീറോ. അച്ഛൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ആരാധനയോടെ, ഇഷ്ടത്തോടെ ആയിരിക്കും അവർ നോക്കി കാണുക. അത്തരത്തിൽ അച്ഛൻ എത്രത്തോളം വലിയ ആളാണെന്ന് നോക്കുകയാണ് ഇവിടെ ഒരു കൊച്ചുമിടുക്കൻ. അതിന് സിറിയോട് ചോദിക്കാനാണ് അവൻ തീരുമാനിച്ചത്. ജ്യോതിഷി ആയ ഹരി പത്തനാപുരത്തിന്റെ മകൻ ആണ് അച്ഛനെക്കുറിച്ച് സിറിക്ക് വല്ല പിടിപാടുമുണ്ടോ എന്ന് നോക്കിയത്. രസകരമായ വിഡിയോ ഹരി പത്തനാപുരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
'എന്റെ ഭാഗത്തും തെറ്റുണ്ട്... എന്റെ ജാഡയും വേലയും നടപ്പും ഒക്കെ കണ്ടപ്പോൾ അവൻ അങ്ങനെ കരുതിപ്പോയി. എന്നാലും എന്റെ സിറി... മാനം കളഞ്ഞല്ലോ' - എന്ന അടിക്കുറിപ്പോടെയാണ് ഹരി പത്തനാപുരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ മകൻ സിറിയോട് ലോകത്തിലെ ഏറ്റവും മികച്ച ജ്യോതിഷി ആരാണെന്ന് ചോദിക്കുകയാണ്. അതിൽ അച്ഛന്റെ പേര് കാണുന്നില്ല. തുടർന്ന് ചോദ്യം അടുത്ത ഘട്ടത്തിലേക്കായി. 'ഹേയ് സിറി, ഹൂ ഈസ് ദ ബെസ്റ്റ് ആസ്ട്രോളജർ ഇൻ കേരള' എന്ന ചോദ്യത്തിനും അച്ഛന്റെ പേര് ഉത്തരമായി കിട്ടിയില്ല.
ഉടൻ തന്നെ കൊച്ചുമിടുക്കൻ കേരളം വിട്ട് കൊല്ലത്തെ മികച്ച ജ്യോതിഷിയെ അന്വേഷിക്കാൻ തുടങ്ങി. പക്ഷേ, അവിടെയും അച്ഛന്റെ പേര് കിട്ടിയില്ല. 'അച്ഛനെ കിട്ടുന്നില്ലല്ലോ' എന്ന് കുഞ്ഞ് തെല്ല് സങ്കടത്തോടെ ആത്മഗതം ചെയ്യുന്നുണ്ട്. തുടർന്ന് പത്തനാപുരത്തെ മികച്ച ജ്യോതിഷി ആരാണെന്ന് സിറിയോട് ചോദിക്കുന്നുണ്ട്. ചെറിയ ഒരു തെളിച്ചമൊക്കെ ആ സമയത്ത് കുഞ്ഞിന്റെ മുഖത്ത് കാണാം.
എന്നാൽ, സിറിയെയും അച്ഛനെയും വെറുതെ വിടാൻ കൊച്ച് തയ്യാറായില്ല. സിറിയോട് അടുത്ത ചോദ്യം ഉടനെ ചോദിച്ചു. 'ഹേയ് സിറി, വേർ ഈസ് ഹരി പത്തനാപുരം നൌ' എന്നാൽ സിറിക്ക് ചോദ്യം മനസ്സിലായില്ല. വീണ്ടും ഒരു തവണ കൂടി ചോദ്യം ആവർത്തിച്ചു. സിറിയുടെ അവസ്ഥ പഴയതു തന്നെ. ഒന്നും പുരിയിലേ. അച്ഛനെക്കുറിച്ചുള്ള അന്വേഷണത്തിന് ഒരു തുമ്പ് കിട്ടാതെ ഒരിക്കൽ കൂടി കുഞ്ഞ് ചോദ്യം ആവർത്തിച്ചു. ചോദ്യം മനസ്സിലാകാതെ സിറി പകച്ചു നിന്നു, നമ്മുടെ കുഞ്ഞിന്റെ ക്ഷമയും നശിച്ചു, വിഡിയോയും അവസാനിച്ചു.
മനോഹരമായ കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'വീണ്ടും വീണ്ടും തിരിച്ചും മറിച്ചും ചോദിച്ചാലും ഹരി എന്ന പേര് നൽകാൻ പറ്റില്ലന്ന് അപേഷിക്കുന്ന സിറി', 'Who is the honest astrologer in the world? എന്ന് ചോദിച്ചിരുന്നു എങ്കിൽ ഉത്തരം സിറി പറഞ്ഞില്ലെങ്കിലും കുറെ മനുഷ്യ ഹൃദയങ്ങളിൽ ഓടിയെത്തുന്ന പേരാണ് താങ്കളുടേത്', ' സിറി അല്ലേലും പോരാ... ഗൂഗിൾ അമ്മായി ആണേൽ കൃത്യം ഉത്തരം വന്നേനെ... ', 'സിറിക്കറിയില്ലല്ലോ ഇങ്ങള് സാധാരണക്കാരന്റെ ആളാണെന്നു.' ഇങ്ങനെ പോകുന്നു കമന്റുകൾ.