കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞൻ ദോശകൾ; മെഹറിന്റെ പാചക വിഡിയോ പങ്കുവച്ച് സിജു വിൽസൺ
Mail This Article
പാചകമെന്നത് കുട്ടികളെ സംബന്ധിച്ചു ഏറെ കൗതുകം പകരുന്ന ഒന്നാണ്. അടുക്കളയിലെ കൗണ്ടർ ടോപിനു മുകളിൽ കയറിയിരുന്നു അമ്മ ചെയ്യുന്നത് സാകൂതം വീക്ഷിക്കുന്നവരാണ് ഭൂരിപക്ഷം കുട്ടികളും. ഇടയ്ക്കൊന്നു പാചകം പഠിക്കാനും ചിലർ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ രസകരമായ വിഡിയോ ആണ് സിജു വിൽസൺ പങ്കുവെച്ചിരിക്കുന്നത്. മകൾ മെഹറാണ് ഇവിടുത്തെ താരം. കുഞ്ഞൻ ദോശകൾ ചട്ടുകം ഉപയോഗിച്ച് തിരിച്ചിടുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതൊക്കെയെന്ത് എന്ന രീതിയിൽ വളരെ തഴക്കമുള്ളതു പോലെ തന്നെയാണ് മെഹർ ദോശയുണ്ടാക്കുന്നത്. എന്തായാലും കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞൻ ദോശകൾ കാഴ്ചക്കാരിലും കൊതിയുണർത്തും.
‘കുക്ക് ഹെർ’ എന്ന ക്യാപ്ഷനോടെയാണ് സിജു വിൽസൺ മകളുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുക്കളയിലെ കൗണ്ടർ ടോപിനു ഉയരം കൂടുതലായതു കൊണ്ട് തന്നെ സ്റ്റൂളിലോ കസേരയിലോ കയറി നിന്നാണ് മെഹറിന്റെ പാചകം. ചെറുതായി പരത്തിയ ദോശകൾ തവയിൽ കാണാം. പാകമായി കഴിയുമ്പോൾ അവ മറിച്ചിടുന്നുണ്ട് ആ മിടുക്കി. ആരുടേയും സഹായമില്ലാതെയാണ് ഇതെല്ലാം തന്നെയും അവൾ ചെയ്യുന്നത്.
മെഹറിന്റെ പാചകത്തിന് സോഷ്യൽ ലോകത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഏറെ പേരും ഹൃദയത്തിന്റെ ഇമോജികൾ നൽകിയാണ് ആ പാചക വിഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. മെഹർ ദോശയുണ്ടാക്കുന്ന ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതിനു മുൻപ് സിജു വിൽസൺ പോർക്ക് ഫ്രൈ തയാറാക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അച്ഛനും മകളും തമ്മിൽ പാചകത്തിൽ മത്സരമാണോ എന്ന തരത്തിലാണ് ആരാധകരുടെ ഭാഗത്തു നിന്നുമുള്ള ചോദ്യങ്ങൾ.