സന്നിധാനത്ത് 'റുബിക്സ് ക്യൂബി'ൽ അയ്യപ്പസ്വാമിയെ തീർത്ത് കൊച്ചുമിടുക്കർ; അഭിനന്ദിച്ച് എഡിജിപി ശ്രീജിത്ത്
Mail This Article
കരവിരുതിൽ അയ്യപ്പനെ തീർത്ത് കൊച്ചു മിടുക്കൻമാർ. ശബരിമല സന്നിധാനത്ത് ആണ് അഭിനവ് കൃഷ്ണനും അനുജൻ അദ്വൈത് കൃഷ്ണനും അയ്യപ്പനെ റുബിക്സ് ക്യൂബിൽ തീർത്തത്. സന്നിധാനത്ത് ഒരുക്കിയ സ്റ്റേജിൽ ആയിരുന്നു തങ്ങളുടെ കരവിരുത് കൊണ്ട് ഈ കുഞ്ഞുഭക്തർ അയ്യപ്പസ്വാമിക്ക് പ്രാർത്ഥന സമർപ്പിച്ചത്. റുബിക്സ് ക്യൂബിൽ മറ്റാരുമല്ല അമ്മയാണ് ഇരുവരുടെയും ഗുരു.
ഇത് ആദ്യമായല്ല റുബിക്സ് ക്യൂബിൽ ഇവർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഇതിനു മുമ്പ് പല താരങ്ങളെയും ഇവർ റുബിക്സ് ക്യൂബിൽ തീർത്തിട്ടുണ്ട്. അമ്മ തങ്ങളെ നിരന്തരം പരിശീലിപ്പിച്ചാണ് ഈ വിധത്തിലേക്ക് എത്തിച്ചതെന്ന് പറയുന്നു അഭിനവ് കൃഷ്ണൻ. ഇത് നല്ലൊരു അനുഭവമായിരുന്നെന്നും ഒരു അത്ഭുതമായിട്ടാണ് തോന്നുന്നതെന്നും അഭിനവ് പറഞ്ഞു.
രണ്ടു പേരും കന്നി സ്വാമിമാരാണെന്നും ആദ്യമായിട്ടാണ് മല ചവിട്ടുന്നതെന്നും അച്ഛൻ ബിജോയി മനോരമ ന്യൂസിനോട് പറഞ്ഞു. എഡിജിപി ശ്രീജിത്ത് ആണ് റുബിക്സ് ക്യൂബിൽ അയ്യപ്പനെ തീർക്കാൻ അവസരം ഒരുക്കിയതെന്നും അതുകൊണ്ട് മാത്രമാണ് ഇത് സംഭവിച്ചതെന്നും ബിജോയി വ്യക്തമാക്കി. സന്നിധാനത്ത് റുബിക്സ് ക്യൂബിൽ അയ്യപ്പനെ തീർത്ത കന്നി സ്വാമിമാരെ എഡിജിപി വെറുതെ വിട്ടില്ല, അദ്ദേഹത്തിന്റെ വക ചെറിയൊരു സമ്മാനം നൽകിയാണ് ഇരുവരെയും യാത്രയാക്കിയത്. 504 റുബിക്സ് ക്യൂബുകളിലാണ് അയ്യപ്പനെ തീർത്തത്. അഭിനവും അദ്വൈതും ചേർന്നൊരുക്കിയ അയ്യപ്പനെ ഭക്തർ അവരുടെ മൊബൈലുകളിലേക്ക് പകർത്തുകയും ചെയ്തു.