‘മക്കളുമൊത്തുള്ള യാത്രയുടെ ഏറ്റവും വലിയ സന്തോഷം ഇതാണ്’: അവധിക്കാലം ആസ്വദിച്ച് സുരേഷ് റെയ്ന
Mail This Article
പുതുമ നിറഞ്ഞ കാഴ്ചകളിലൂടെയുള്ള യാത്രകൾ തന്റെ കുട്ടികൾ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്നു പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുരേഷ് റെയ്ന. കുട്ടികൾക്കു പരിചിതമല്ലാത്ത കാര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോകുന്നത് നോക്കികാണുകയാണെന്നു മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ട് റെയ്ന കുറിച്ചു. വൈവിധ്യങ്ങൾ ഏറെയുള്ള നാടാണ് നമ്മുടേത്. ഓരോ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും വ്യത്യസ്തമായ സംസ്കാരങ്ങളും വേറിട്ട വിഭവങ്ങളുമൊക്കെ പരിചയപ്പെടാൻ സഹായിക്കുമെന്നു മാത്രമല്ല, കൂടെ പുതിയ കൂട്ടുകാരെയും പുത്തൻ ഓർമ്മകളും സമ്മാനിക്കുകയും ചെയ്യും.
എങ്ങോട്ടായിരുന്നു യാത്രയെന്ന് സൂചിപ്പിച്ചിട്ടില്ലെങ്കിലും കുടുംബവുമൊന്നിച്ച് നടത്തിയ യാത്ര മനോഹരമായ ഒരുപിടി ഓർമകൾ സമ്മാനിച്ചുവെന്ന് പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം സുരേഷ് റെയ്ന കുറിച്ചിട്ടുണ്ട്. അപരിചിതമായ സംസ്കാരങ്ങളും പരിചിതമല്ലാത്ത വിഭവങ്ങളുമൊക്കെ കുട്ടികൾക്ക് നവാനുഭവമായിരിക്കും. അവർ അത്തരം കാര്യങ്ങളിലൂടെ കടന്നു പോകുന്നതും ആസ്വദിക്കുന്നതും ചെന്നെത്തിയ സ്ഥലത്തു പുതിയ സുഹൃത്തുക്കളുണ്ടാക്കുന്നതുമൊക്കെയാണ് യാത്രകൾ സമ്മാനിക്കുന്ന ആനന്ദമെന്നാണ് സുരേഷ് റെയ്നയുടെ കുറിപ്പ്. മക്കൾ ഇരുവരും പിതാവിനൊപ്പം ഏറെ ആഹ്ളാദത്തോടെ യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രമാണ് റെയ്ന പങ്കുവെച്ചിരിക്കുന്നത്.
പുതുവർഷത്തിൽ ഭാര്യയും മക്കളുമൊരുമിച്ച് അവധിക്കാലം ആസ്വദിക്കുകയാണ് സുരേഷ് റെയ്ന. കോവളവും തിരുവനന്തപുരവുമൊക്കെ ആ യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് തന്റെ ഹൃദയം കീഴടക്കിയെന്നു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ റെയ്ന സൂചിപ്പിച്ചിട്ടുണ്ട്.