ADVERTISEMENT

ജൂലൈ 29 രാജ്യാന്തര കടുവ ദിനം . 2010ലെ സെന്റ് പീറ്റേഴ്സ്ബർഗ് ഉച്ചകോടി മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ഇന്ത്യയിലെ കടുവ കണക്കെടുപ്പിനെപ്പറ്റി അറിയാം

1972 കടുവയെ നമ്മുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു. അതുവരെ സിംഹം ആയിരുന്നു ദേശീയമൃഗം. ഇന്ത്യൻ കടുവ റോയൽ ബംഗാൾ ടൈഗർ എന്നാണ് അറിയപ്പെടുന്നത്.

‌1973 കടുവ സംരക്ഷണം ലക്ഷ്യമിട്ട പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ചു. തുടർന്ന് കടുവകളുടെ കാലടികൾ (പഗ്മാർക്ക്) പിന്തുടർന്ന് കണക്കെടുപ്പ് നടത്തി. കണക്കുകൾ കൃത്യമായില്ല. 

2004 ഇന്ത്യയിൽ ക്യാമറ ട്രാപ് സംവിധാനം തുടങ്ങി.

2006 ക്യാമറ ട്രാപ്പുകളും  ജിഐഎസ് സങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള കടുവ സെൻസസ് തുടങ്ങി. ഉഷ്ണ രക്തമുള്ള ചെറുതും വലുതുമായ വന്യ ജീവികളുടെ കണക്കെടുപ്പിന് മികച്ച മാർഗമാണിത്.

കോവിഡ് കടുവ

മനുഷ്യരിൽ നിന്ന് കോവിഡ് ബാധിച്ച ആദ്യ മൃഗം കടുവയാണ്. ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിൽ.

കാട്ടിലും കണക്കെടുപ്പോ?

അതെ, സെൻസസ് നമുക്കു മാത്രമല്ല, കാട്ടിലുമുണ്ട്. സെൻസസിനായി പേരും വിവരങ്ങളും പറഞ്ഞു തരാൻ മൃഗങ്ങൾ വരില്ലല്ലോ. അവയുടെ വാസസ്ഥലത്തു പോയി അവർക്കു ശല്യമുണ്ടാക്കാതെ അവയുടെ കണക്കെടുക്കും. ക്രോഡീകരിച്ചു കണക്കുകൾ തയാറാക്കും. വനം വകുപ്പിന്റെ നേതൃത്വത്തിലാണിതെല്ലാം.

കടുവ കണക്കെടുപ്പ്

3 ഘട്ടങ്ങളാണ് കടുവ സെൻസസിന്

∙ 21 സംസ്ഥാനങ്ങളിൽ നിന്ന് വിവരശേഖരണം. മാംസഭോജികൾ, ഇരകൾ, സസ്യജാലങ്ങൾ, മനുഷ്യ ഇടപെടൽ തുടങ്ങിയവ ശേഖരിക്കും. 

∙കടുവകളുടെ വനോപയോഗം, എണ്ണത്തിലെ വ്യതിയാനം തുടങ്ങിയ മാതൃകകൾ പരിശോധിക്കും. റിമോട്ട് സെൻസിങ് സാങ്കേതിക വിദ്യ വഴിയാണിത്. ആവാസ വ്യവസ്ഥയുടെ ഗുണമേൻമ , മനുഷ്യ ഇടപെടലുകൾ കാരണമുള്ള അനന്തര ഫലങ്ങൾ എന്നിവ വിശകലനം  ചെയ്യാനുമാണിത്.

∙ക്യാമറ ട്രാപ്പിലൂടെ കടുവകളുടെ ചിത്രമെടുക്കും. കടുവകൾ പതിവായി സഞ്ചരിക്കുന്നതും വെള്ളം കുടിക്കാനെത്തുന്നതുമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്ബ്ലോക്കുകളാക്കിയാണു കണക്കെടുപ്പ്. 

കണക്കെടുപ്പ് എന്തിന്? 

∙മനുഷ്യ ഇടപെടലുകൾ, പ്രത്യേകിച്ചു വനംവകുപ്പിന്റെ ഇടപെടൽ ജീവികളുടെ ആവാസ വ്യവസ്ഥയെയും എണ്ണത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ.

∙ജീവികളുടെ എണ്ണത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടോ എന്നറിയാൻ.

∙ പുതിയ തരത്തിലുള്ള എന്തെങ്കിലും ഇടപെടലുകൾ നടത്തണോ എന്നറിയാൻ.

ക്യാമറ ട്രാപ്

∙ഇരു വശങ്ങളിലുമായി 3 അടി ഉയരത്തിൽ ക്യാമറ സ്ഥാപിക്കും. ഒരു ബ്ലോക്കിൽ മൂന്നു മുതൽ ആറു ക്യാമറകൾ വരെ.

∙ഇതിനു മുന്നിലൂടെ പോകുന്ന എല്ലാ ജീവികളുടെയും ഇരുവശങ്ങളിലെയും ചിത്രങ്ങൾ ഒരേ സമയം പകർത്തും.  രാത്രിയും ചിത്രം പതിയും.

∙ക്യാമറ പരിധിയിൽ എത്തുന്ന മൃഗങ്ങളുടെ ശരീരരോഷ്മാവിലെ വ്യതിയാനം അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക. ക്യാമറയിലുള്ള ഇൻഫ്രാറെഡ് ഡിറ്റക്ടർ ഉപയോഗിച്ചാണിതു സാധ്യമാക്കുന്നത്.

അഭിമാനം  പെരിയാർ

A ആകെ 50 ടൈഗർ റിസർവുകൾ. ഇവയുടെ മൊത്തം വിസ്തൃതി 71,000 ചതുരശ്ര കിലോമീറ്റർ വരും. കേരളത്തിൽ 2. ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവും പാലക്കാട്ടെ പറമ്പിക്കുളവും. രാജ്യത്തെ മികച്ച കടുവ സങ്കേതമായി പെരിയാർ 2109ൽ തിരഞ്ഞെടുക്കപ്പെട്ടു.

ലോകത്തെ കടുവകളുടെ 75% ഇന്ത്യയിൽ. 55% ഏഷ്യൻ ആനകളും ഇന്ത്യയിൽ  

തിരിച്ചറിയുന്നത്...

∙ക്യാമറ ട്രാപ്പിൽ ലഭിച്ച ചിത്രങ്ങളിലെ പ്രത്യേകതകളും രേഖപ്പെടുത്തിയ സമയവും നോക്കി എണ്ണം കണക്കാക്കും.

∙ഓരോ കടുവയുടേയും ശരീരത്തിലെ വരകൾ വ്യത്യസ്തമാണ്. ഇത് നിരീക്ഷിച്ചാണു തിരിച്ചറിയുക. കടുവകൾ കൊല്ലപ്പെട്ടാൽ ‌തിരിച്ചറിയുന്നതും തോലിലെ വരകൾ ഉപയോഗിച്ചു തന്നെ. 

∙ഒരേ കടുവകളെ പല വനം  ഡിവിഷനുകളുടെ പരിധിയിൽ കണ്ടേക്കാം. ഒരേ കടുവയുടെ പല ചിത്രങ്ങളുമുണ്ടാകും. കംപ്യൂട്ടർ സഹായത്തോടെ

ചിത്ര വിശകലനം നടത്തി ഇരട്ടിപ്പ് ഒഴിവാക്കും.  ഇന്ത്യയിലെ 491 വനം  ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം  ചെയ്ത് അന്തിമ റിപ്പോർട്ട്.

കടുവ മാത്രമല്ല, ആനയും

∙ഓരോ ജീവിയുടെയും ആവാസ വ്യവസ്ഥകൾ വ്യത്യസ്തമാണ്. ഓരോവിഭാഗത്തിന്റെയും എണ്ണമെടുക്കാൻ വ്യത്യസ്ത മാർഗങ്ങളാണ് വനം വകുപ്പ് ഉപയോഗിക്കുന്നത്. 

∙കടുവയുടെയും ആനയുടെയും കണക്കെടുപ്പാണു ദേശീയ തലത്തിൽ നടത്തുന്നത്.  

∙മറ്റു ജീവികളുടെ കണക്ക് സംസ്ഥാന വനം വകുപ്പുകളും നാഷനൽ പാർക്ക്, വന്യജീവി സങ്കേതങ്ങളും സ്വന്തം നിലയ്ക്കു നടത്തും. മൂന്നാർ ഇരവികുളത്തെ വരയാട് സെൻസസ് ഉദാഹരണം. 

∙കടുവകളുൾപ്പെടെ മാംസ ഭോജികളുടെ കാഷ്ഠം ശേഖരിച്ചു ജനിതക പഠനങ്ങൾക്ക് വിധേയമാക്കിയും എണ്ണം കണ്ടെത്താറുണ്ട്.

കടുവാ സാമ്രാജ്യം

100 ചതുരശ്ര കിലോമീറ്റർ

 

ഒരു പെൺകടുവയുടെ സ്വൈരവിഹാരത്തിന് 20 ചതുരശ്ര കിലോമീറ്റർ വനമേഖല വേണം. എന്നാൽ ആൺകടുവയ്ക്ക് ഇത് 60 മുതൽ 100 ചതുരശ്ര കിലോമീറ്റർ വരെ.

കടുവാക്കണക്ക്

ഇന്ത്യയിലെ കടുവ സെൻസസിൽ കണ്ടെത്തിയ കടുവകളുടെ എണ്ണം

2018 

കേരളം–190

ഇന്ത്യ– 2967

2014

കേരളം–136

ഇന്ത്യ– 2226

2008

കേരളം–71

ഇന്ത്യ– 1706

2006

കേരളം–46

ഇന്ത്യ– 1411

വിവരങ്ങൾക്കു കടപ്പാട്: റെനി ആർ.പിള്ള (സംസ്ഥാന വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ).

ഇൻപുട്സ്: എസ്.അഖിൽ

English Summary : International tiger day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com