ADVERTISEMENT

തന്നെക്കാൾ പലമടങ്ങ് വലുപ്പവും കരുത്തുമുള്ള മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും അമ്പരപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്ന ഒരു ജീവിയുടെ കഥ നോക്കൂ

മരതക കൂറക്കടന്നൽ (emerald cockroach wasp) എന്നു വിളിപ്പേരുള്ള സുന്ദര ജീവിയാണ് Ampulex compressa. ശരാശരി രണ്ടര സെന്റിമീറ്ററാണ് വലുപ്പം.  ലോഹത്തിളക്കമുള്ള  നീലിമ കലർന്ന  പച്ചനിറമുള്ളതിനാൽ  ജ്വൽ വാസ്പ് എന്നും വിളിക്കാറുണ്ട്. പിന്നിലെ തുടഭാഗത്തിനു നല്ല ചുവപ്പുനിറം കാണുന്നതിനാൽ തിരിച്ചറിയാൻ എളുപ്പമാണ്. പെൺ കടന്നലുകൾക്ക് ആൺ കടന്നലിന്റെ ഇരട്ടി വലുപ്പമുണ്ട്. 

പാറ്റാ വേട്ട

മുട്ടയിടേണ്ട സമയമാകുമ്പോൾ  പെൺകടന്നൽ  മണ്ണിൽ ഒരു മാളം ഒരുക്കും.  എന്നിട്ട്, വീട്ടിലും പുറത്തും സാധാരണ കാണുന്ന പാറ്റയെ (Periplaneta americana) അന്വേഷിച്ച് കറങ്ങിയടിക്കും. തന്നെക്കാൾ പലമടങ്ങ് വലുപ്പവും കരുത്തുമുള്ള പാറ്റയ്ക്കു ചുറ്റും തന്ത്രപരമായി നീങ്ങും. തക്കം നോക്കി അതിന്റെ തലയിൽ കയറി കടിച്ചുപിടിക്കും. പാറ്റ കുടഞ്ഞു കളയാൻ ശ്രമിക്കുന്നതിനിടെ പിൻഭാഗത്തെ വിഷമുള്ളു കൊണ്ട്  കൃത്യമായി അതിന്റെ നാഡീവ്യൂഹത്തിലെ  പ്രോ തൊറാസിക് ഗാംഗ്ലിയോണിൽ (prothoracic ganglion) തന്നെ  വിഷം കുത്തിവയ്ക്കും. ചെറിയ അളവിലുള്ള വിഷം മിനിറ്റുകൾക്കുള്ളിൽ പാറ്റയുടെ മുൻകാലുകളെ താൽക്കാലികമായി തളർത്തും. മുന്നോട്ടു പോകാനാവാതെ അന്തംവിട്ടു നിൽക്കുന്ന പാറ്റയെ ഒന്നുകൂടി കുത്തും.  തലയിലെ സബ് ഇസൊഫാഗിയൽ ഗാംഗ്ലിയോൺ (subesophageal ganglion) കൃത്യമായി തിരഞ്ഞു കണ്ടെത്തിയാണു  രണ്ടാം കുത്ത്.   അതിൽ വിഷത്തിലെ അളവിലും  കൂട്ടിലും  മാറ്റമുണ്ടാകും.   ന്യൂറോ റിസപ്റ്ററുകളെ തടസ്സപ്പെടുത്തുന്നതിനാൽ  പാറ്റയ്ക്കു സ്വന്തം ഇഷ്ടത്തിനു നടക്കാൻ കഴിയാതാവും. ചലനങ്ങൾക്ക് താളം നഷ്ടമാകും. രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്ലക്സുകൾ തടയപ്പെടും. കുറെ ദിവസം നിലനിൽക്കുന്ന   ഈ സ്വഭാവ പരിണാമം   Hypokinesia എന്ന പ്രത്യേക അവസ്ഥയിൽ പാറ്റയെ എത്തിക്കും.  കുറച്ചുനേരം കാത്തിരുന്ന ശേഷം മരതകക്കടന്നൽ  പാറ്റയുടെ മീശ രോമങ്ങൾ കടിച്ചു മുറിച്ചു കളയും. അതിൽ നിന്നൂറുന്ന ആന്തരിക ദ്രാവകം എനർജി ഡ്രിങ്ക് പോലെ  രസിച്ച് വലിച്ചുകുടിക്കും. 

emerald-cockroach-wasp
Photo Credit : Possent phsycography

പാപ്പാൻ  ആനയെ നടത്തിക്കൊണ്ടുപോകുന്നതു പോലെ പാറ്റയുടെ മുറിഞ്ഞ  മീശത്തുമ്പിൽ കടിച്ചുവലിച്ചു നടത്തിക്കും.  നേരത്തേ ഒരുക്കിയ മാളത്തിൽ പാറ്റയെ എത്തിക്കും.  അതിന്റെ ദേഹത്ത് വെളുത്ത അരിമണിപോലുള്ള കുഞ്ഞു മുട്ടയിടും.  വേറെ ആരും കാണാതിരിക്കാനും ഇര തേടുന്നവർ പാറ്റയെ  തട്ടിക്കൊണ്ടു പോകാതിരിക്കാനുമായി മാളത്തിന്റെ കവാടം ചെറിയ കല്ലും മണ്ണും  ചുള്ളിക്കഷണവും ഒക്കെകൊണ്ട് അടയ്ക്കും. അടുത്ത സെറ്റ് മുട്ടയിടാൻ മറ്റൊരു പാറ്റയെ തപ്പി കടന്നൽ സ്ഥലം വിടും.  ആ മാളത്തിലെ  ഇരുളിൽ പൂർണ ബോധത്തോടെ, ഓടാനോ രക്ഷപ്പെടാനോ തീറ്റ അന്വേഷിക്കാനോ ഉള്ള റിഫ്ലക്സുകൾ തടയപ്പെട്ട് ഒന്നിനും തോന്നാതെ പാറ്റ കിടക്കും. മൂന്നു ദിവസം കഴിയുമ്പോൾ മുട്ട വിരിയും. ലാർവക്കുഞ്ഞ് ജീവനുള്ള പാറ്റയുടെ പുറം ഭാഗം കുറേശ്ശെ തിന്നു വളരും. ഉറപൊഴിച്ച്  വലുപ്പം കൂട്ടും. പിന്നെയാണ് ഏറ്റവും ക്രൂരമായ പ്രവൃത്തി– ലാർവ പുഴു പാറ്റയുടെ ജീവനുള്ള  ശരീരത്തിനുള്ളിലേക്ക്  തുരന്നു കയറും. ആന്തരികാവയവങ്ങൾ തിന്നുതീർക്കാൻ തുടങ്ങും. അപ്പോഴും പാറ്റയ്ക്ക് ഓടാനോ ഇതിനെ കുടഞ്ഞു കളഞ്ഞ് രക്ഷപ്പെടാനോ തോന്നില്ല. ലാർവയുടെ  അവസാനത്തെ ഉറപൊഴിക്കൽ കഴിയുമ്പോഴേക്കും  പാറ്റയുടെ ഉള്ളു പൊള്ളയായി കാണും. ആ ഘട്ടത്തിൽ എത്തുമ്പോഴേക്കും ജീവൻ പോയ  പാറ്റയുടെ ഉള്ളിൽ കൊക്കൂൺ ഉണ്ടാക്കി പ്യൂപ്പാവസ്ഥയിൽ കിടക്കും.  ഒരു ദിവസം പുതിയ കടന്നലായി  പുറത്തിറങ്ങി മാളത്തിന്റെ വാതിൽ പൊളിച്ച്  ചിറകുകൾ വിടർത്തി പറന്നുപോകും.

emerald-cockroach-wasp2

മറ്റു ജീവികളുടെ ഉള്ളിൽ ജീവിക്കുന്ന പരാദജന്മങ്ങൾ ജീവലോകത്ത് ഒട്ടേറെയുണ്ട്. പക്ഷേ, മരതക കടന്നലുകളുടെ കുഞ്ഞുങ്ങളുടെ ഈ  Parasitoidism വളരെ സങ്കീർണമാണ്.  മറ്റു പല വാസ്പുകളും  ശലഭങ്ങളുടെയും വണ്ടുകളുടെയും ഒക്കെ ലാർവകളെ വിഷം കുത്തി അബോധാവസ്ഥയിലാക്കി കൂട്ടിൽ  കൊണ്ടുവന്ന് അതിന് മുകളിൽ മുട്ടയിടുമെങ്കിലും  രക്ഷപ്പെടാനുള്ള സ്വാഭാവിക റിഫ്ലക്സുകൾ തടയുന്ന വിധം കൃത്യതയോടെ ന്യൂറോൺ കണ്ടെത്തി അതിൽ തന്നെ വിഷം കുത്തിവയ്ക്കുന്ന പരിപാടി ആർക്കും ഇല്ല.

 English Summary : Emerald cockroach wasp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com