ആതിഥേയ ഷഡ്പദത്തിന്റെ മനസ്സ് നിയന്ത്രിച്ച് വെള്ളത്തിൽ ചാടിച്ച് കൊന്ന് പുറത്ത് കടക്കുന്ന വിര !
Mail This Article
പരാദമായി ഉള്ളിൽ വളർന്ന ശേഷം - നീന്തിത്തുടിക്കാനും മുട്ടയിടാനുമായി ആതിഥേയ ഷഡ്പദത്തിന്റെ മനസ്സ് നിയന്ത്രിച്ച് വെള്ളത്തിൽ ചാടിച്ച് കൊന്ന് പുറത്ത് കടക്കുന്ന വിരയെ കുറിച്ച് കേട്ടിട്ടുണ്ടോ?
മുറിച്ച് കഴിഞ്ഞും ആഴ്ചകളോളം, ജീവനുള്ള പാമ്പുകൾ പിണയുന്നതു പോലെ പരസ്പരം കുരുങ്ങി ഇഴഞ്ഞു ചലിക്കുന്ന ശിവനാഗ വൃക്ഷത്തിന്റെ വേരുകൾ എന്ന പേരിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഷഡ്പദങ്ങളിലും ചെറു ജീവികളിലും പരാദമായി സാധാരണ കാണാറുള്ള വിരകളാണ് അവ. തലയും വാലും കണ്ണും മൂക്കും ഒന്നും ഇല്ലാത്ത വളരെ നേർത്ത ലോഹ നൂലുപോലെയുള്ള, കറുപ്പോ ബ്രൗണോ നിറമുള്ള നീളൻ ശരീരം. വെറുതേ പിണഞ്ഞു കളിക്കുന്ന സ്വഭാവം. ഒന്നോ രണ്ടോ മില്ലിമീറ്റർ മാത്രം വണ്ണമുള്ള, 10 സെന്റിമീറ്റർ വരെ നീളമുള്ള ഇനങ്ങളെയാണു സാധാരണ കാണുന്നത്. മീറ്ററുകൾ നീളമുള്ളവയെയും അങ്ങിങ്ങ് കാണാം.
കുതിര രോമ വിര (horsehair worm) എന്നാണ് ഇതിന്റെ പേര്. യൂറോപ്യന്മാർ കുതിരപ്പന്തികളിലെ വെള്ളത്തൊട്ടികളിൽ ഇവയെ കണ്ട് ഇട്ട പേരാണിത്. ഗോർഡിയൻ വേം എന്നും ഈ വിരകൾക്ക് പേരുണ്ട്. ഗോർഡിയേസിയെ (Gordiacea) എന്നും വിളിച്ചിരുന്ന നെമറ്റൊമോർഫ (Nematomorpha) വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളത്തിലാണു കാണുകയെങ്കിലും ഇവയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ലാർവ കാലം മുഴുവൻ ജീവിക്കുന്നതു മറ്റു ജീവികളുടെ ഉള്ളിൽ ആണ്. പുൽച്ചാടികൾ, ചീവീടുകൾ, വണ്ടുകൾ, പാറ്റകൾ എന്നിവയുടെ ഒക്കെ ഉള്ളിൽ ജീവിച്ചാണ് വളരുന്നത്.
ആണും പെണ്ണും ഇനങ്ങൾ പ്രത്യേകമായി ഇവയിൽ ഉണ്ട്. തിന്നാൻ വായില്ല, ദഹന സംവിധാനമില്ല, വിസർജ്ജനാവയവം ഇല്ല, ശ്വസന വ്യവസ്ഥയില്ല, രക്തവും ഇല്ല. ലളിതമായ, പിണഞ്ഞ് ഇണചേരുന്നതിനുള്ള നൂൽക്കമ്പി ശരീരം മാത്രമാണ് ഇവയ്ക്കുള്ളത്.
മുൻഭാഗത്ത് ഒരു ന്യൂറോൺ റിങ്ങും നീളത്തിൽ അതിന്റെ ഒരു തന്ത്രിയും മാത്രമാണുള്ളത്. കൂടെ തിരശ്ചീന ചലനം സാദ്ധ്യമാകുന്ന പേശികളും. പെൺ വിര മൈക്രോസ്കോപ്പിക് വലുപ്പം മാത്രമുള്ള ദശലക്ഷക്കണക്കിന് മുട്ടകളുടെ കൂട്ടങ്ങളെ വെള്ളത്തിനടിയിൽ കല്ലിലും മറ്റും ഒട്ടിച്ചു വയ്ക്കും. ഈ മുട്ടകൾ ഒരു കവചത്തിനുള്ളിൽ വളരെ നാൾ സുരക്ഷിതമായിരിക്കും. വെള്ളത്തിൽ കറങ്ങുന്ന കൊതുകിന്റെയും മേ ഫ്ളൈയുടെയും തുമ്പികളുടെയും ഒക്കെ വയറ്റിൽ ഇവ എത്തുന്നു.
ആ ലാർവകൾ കൊതുകായും പ്രാണിയായും മാറി പറന്നു പോകുമ്പോഴും മുട്ടകൾ ഉള്ളിൽ ഉണ്ടാകും. അവയെ തുള്ളന്മാരോ വണ്ടുകളോ പിടിച്ചു തിന്ന്, തനിക്ക് വേണ്ട ആതിഥേയ ജീവിയിൽ എത്തിയാൽ വിര മുട്ട വിരിയും. ആ ലാർവ ഷഡ്പദത്തിന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന രക്ത ദ്രാവകത്തിൽ കയറി അതിൽ നിന്ന് നേരിട്ടു പോഷകങ്ങളും വായുവും വലിച്ചെടുത്ത് കഴിയും. പല തവണ ഉറപൊഴിച്ച് ആ സാധു പ്രാണിയുടെ ഉൾവശം മുഴുവൻ നിറയുന്നത്ര നീളൻ കമ്പികുരുക്കായി വളരും. പതുക്കെ ചില രാസ ഘടകങ്ങൾ ഉൽപാദിപ്പിച്ച് ആ ജീവിയുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം കൊണ്ട് വരും.
വിരയുടെ ലാർവാഘട്ടങ്ങൾ പൂർത്തിയായാൽ പിന്നെ ഏറ്റവും ക്രൂരവും സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ട് നാം അമ്പരന്നിട്ടുള്ള സീനുകളാണു സംഭവിക്കുക. ആതിഥേയ ജീവിയുടെ തലച്ചോറിൽ പൂർണ സ്വാധീനം ചെലുത്തി കടുത്ത ദാഹം ഉണ്ടാക്കും. വെള്ളം തേടി പ്രാണികൾ പരക്കം പായും. വാട്ടർ ടാങ്കിലും കുളങ്ങളിലും വെള്ളക്കെട്ടിലും ചാടി ആത്മഹത്യ ചെയ്യും. വെള്ളത്തിന്റെ സാന്നിധ്യം അറിഞ്ഞാലുടൻ ഉള്ളിലുള്ള വിരകൾ പ്രാണിയുടെ പുറം പൊളിച്ച് പുറത്തിറങ്ങും.
കുതിര രോമ വിരകൾക്ക് സസ്തനികളിലും മറ്റ് കശേരുകികളിലും പരാദമായി ജീവിക്കാൻ കഴിയില്ല എന്നതിനാൽ നമുക്ക് ആശ്വസിക്കാം.
English Summary : Horsehair worm life cycle