വൈറ്റ്ഹൗസ്, സോങ്നാംഹോയ്, രാഷ്ട്രപതിഭവൻ.... രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക വസതികൾ ഇതാ
Mail This Article
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഴുവൻ ശ്രദ്ധയും ഇനി വൈറ്റ്ഹൗസിലേക്ക്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്. ഓരോ രാജ്യത്തിന്റെ രാഷ്ട്രത്തലവൻമാർക്കും കുടുംബത്തിനും താമസിക്കാനായി ഔദ്യോഗികവസതി ഉണ്ടാവും.
വൈറ്റ്ഹൗസ്
അമേരിക്കൻ ഭരണകൂടത്തെ വൈറ്റ്ഹൗസ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഇതിനുള്ളിലെ പ്രസിഡന്റിന്റെ ഓഫിസാണ് ഓവൽ ഓഫിസ്. ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടൻ ഒഴികെയുള്ളവർ ഇവിടെ താമസിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രസിഡന്റ് ജോൺ ആഡംസും കുടുംബവും 1800 നവംബർ 1ന് താമസം തുടങ്ങി. വൈറ്റ്ഹൗസ് എന്ന പേര് 1901ൽ തിയഡോർ റൂസ്‌വെൽറ്റാണു നിർദേശിച്ചത്. അതിനു മുൻപുവരെ എക്സിക്യൂട്ടീവ് മാൻഷൻ, പ്രസിഡന്റ്സ് ഹൗസ് എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ആകെ വിസ്തീർണം 55,000 ചതുരശ്ര അടി.
എലിസി പാലസ് (Elysee Palace)
ഫ്രഞ്ച് പ്രസിഡന്റുമാർ താമസിക്കുന്ന ഔദ്യോഗിക വസതി. 1722ൽ പണികഴിപ്പിച്ചെങ്കിലും 1873മുതലാണ് പ്രസിഡന്റുമാർ ഇവിടെ താമസം തുടങ്ങിയത്.
ഇൻസ്റ്റാന നൂറുൽ ഇമാൻ
ലോകത്തിലെ ഏറ്റവും സമ്പന്ന ഭരണാധികാരി എന്ന വിശേഷണമുള്ള ബ്രൂണയ് സുൽത്താന്റെ ഔദ്യോഗിക വസതി. 1800 മുറികളുണ്ട്. 1984ലാണ് പണികഴിപ്പിച്ചത്.
ഇംപീരിയൽ പാലസ്
ജപ്പാൻ ചക്രവർത്തിയുടെ ഔദ്യോഗിക വസതി. 1888മുതൽ രാജകുടുംബത്തിന്റെ കൊട്ടാരം. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് സൊരി ദായ്ജിൻ കാന്റി (Sori Daijin Kantei) എന്നാണ്.
സോങ്നാംഹോയ് (Zhongnanhai)
ചൈനീസ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. ഇവിടെത്തന്നെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക കാര്യാലയവും. മൂല്യം കണക്കാക്കിയാൽ ഈ വസതിയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്: 2.63 ലക്ഷം കോടി രൂപ (2016ലെ കണക്കനുസരിച്ച്).
രാഷ്ട്രപതിഭവൻ
ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി. 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് രാഷ്ട്രപതിഭവനും ചുറ്റുപാടും. കെട്ടിടം മാത്രം 5 ഏക്കർ വരും. 4 നിലകളിലായി 340 മുറികൾ. ഇടനാഴികൾ മാത്രം 2.5 കിലോമീറ്റർ. പൂന്തോട്ടം 190 ഏക്കർ. 9 ടെന്നിസ് കോർട്ടുകൾ, ഓരോ ക്രിക്കറ്റ്, പോളോ മൈതാനങ്ങൾ, ഗോൾഫ് കോഴ്സ് എന്നിവയുമുണ്ട്. 1931ൽ അന്നത്തെ വൈസ്രോയിയുടെ മന്ദിരമായി ഉദ്ഘാടനം ചെയ്തു. നമ്മുടെ രാഷ്ട്രപതിഭവനു മുന്നിൽ വൈറ്റ്ഹൗസൊന്നും ഒന്നുമല്ല. സ്ഥലമിടപാടു വെബ്സൈറ്റായ ‘ഹാച്ച്‍ഡ്’ 2016ൽ തയാറാക്കിയ പട്ടികയിൽ രാഷ്ട്രപതിഭവന്റെ വില 3500 കോടി രൂപ. വൈറ്റ്ഹൗസിന്റേത് വെറും 258 കോടി രൂപ.
7, ലോക് കല്യാൺ മാർഗ്
രാഷ്ട്രപതിഭവനു സമീപം സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കിലാണ് പ്രൈംമിനിസ്റ്റേഴ്സ് ഓഫിസ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക കാര്യാലയം.
ഡൽഹിയിലെ 7, ലോക് കല്യാൺ മാർഗ് (മുൻപ് 7, റേസ് കോഴ്സ് റോഡ്) ആണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. 2.8 കിലോമീറ്റർ ചുറ്റളവിലാണ് ഈ വസതി സ്ഥിതിചെയ്യുന്നത്. ഇൻഫ്രാ റെഡ് സുരക്ഷാ വലയം വരെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
ഗ്രാൻഡ് ക്രെംലിൻ പാലസ്
സാർ ചക്രവർത്തിമാരുടെ മോസ്കോയിലെ കൊട്ടാരമായിരുന്ന ക്രെംലിൻ പാലസാണ് ഇപ്പോഴത്തെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി. 25,000 ചതുരശ്ര മീറ്റർ വലുപ്പം.
വൈറ്റ് പാലസ്
തുർക്കിയിലെ പ്രസിഡന്റിന്റെ വീട്. ആയിരത്തിലേറെ മുറികളുണ്ട്. വൈറ്റ്ഹൗസിന്റെ 50 ഇരട്ടി വലുപ്പമുണ്ട്.
അപ്പസ്തോലിക് പാലസ്
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം എന്ന ഖ്യാതിയുള്ള വത്തിക്കാൻ സിറ്റിയുടെ അധിപനായ പോപ്പിന്റെ ഔദ്യോഗിക വസതി.
ലാ കാസ റോസാഡ
പിങ്ക് ഹൗസ് എന്ന പേരിലും അറിയപ്പെടുന്നു. അർജന്റീനയിലെ പ്രസിഡന്റിന്റെ വസതി.
ബ്ലൂ ഹൗസ്
ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ബ്ലൂ ഹൗസ്. തറയിൽ വിരിച്ചിരിക്കുന്ന നീല നിറത്തോടെയുള്ള ഗ്രാനൈറ്റ് പ്രതലങ്ങളാണ് ഈ പേരു നൽകാനുള്ള കാരണം.
10, ഡൗണിങ് സ്ട്രീറ്റ്
ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. 1684ൽ പണികഴിപ്പിച്ച ഈ കെട്ടിടം 1735ലാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായി മാറിയത്. ബ്രിട്ടിഷ് രാജ്ഞിയുടെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം. 1837ൽ വിക്ടോറിയ രാജ്ഞി അധികാരമേറ്റതുമുതലാണ് ഇത് ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി മാറിയത്.
മറ്റിടങ്ങളിൽ ഇങ്ങനെ
∙ പാക്കിസ്ഥാൻ
പ്രസിഡന്റ്: Aiwan-e-Sadr,
∙ പാക്കിസ്ഥാൻ
പ്രധാനമന്ത്രി:
Prime Minister House
∙ ഓസ്ട്രേലിയൻ
പ്രധാനമന്ത്രി: Kirribilli House
∙ കാനഡ പ്രധാനമന്ത്രി: 24 Sussex Drive
∙ ജർമൻ പ്രസിഡന്റ്: Bellevue Palace
∙ ഇസ്രയേൽ
പ്രധാനമന്ത്രി: Beit Aghion
∙ ദക്ഷിണാഫ്രിക്ക പ്രസിഡന്റ്: Mahlamba Ndlopfu
തയാറാക്കിയത് : അനിൽ ഫിലിപ്പ്