ADVERTISEMENT

മാർച്ച് ഒന്ന് എന്ന തീയതിക്ക് ഒരു പ്രത്യേകതയുണ്ട്. ലോകമെമ്പാടുമുള്ള അനേകലക്ഷം ആളുകളുടെ ആരാധനാപാത്രമായ അവഞ്ചേഴ്സ് കഥാപാത്രം ക്യാപ്റ്റൻ അമേരിക്കയുടെ ഔദ്യോഗികമായ തുടക്കം ഈ തീയതിയിലാണ്. 1941 മാർച്ച് ഒന്ന് എന്ന തീയതി വച്ച കോമിക്സ് പുസ്തകത്തിലാണ് ലോകത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ആദ്യമായി എത്തിയത്. അന്നു മുതൽ ഇന്നു വരെ എൺപതു വർഷങ്ങൾ. സത്യസന്ധതയും ധാർമികതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി എത്രയോ ഹൃദയങ്ങൾ ഈ ആജാനുബാഹു കവർന്നെടുത്തിരിക്കുന്നു.

അവഞ്ചേഴ്സ് സിനിമ കണ്ടിട്ടുള്ളവർക്ക് ഒരു കാര്യമറിയാം. നീണ്ട നാൾ അബോധാവസ്ഥയിൽ മഞ്ഞിനുള്ളിൽ കിടന്ന ക്യാപ്റ്റനെ പിന്നീട് കണ്ടെടുക്കുകയായിരുന്നു. യഥാർഥത്തിലും ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രത്തിനു പിന്നിൽ അങ്ങനെയൊരു കണ്ടെടുക്കലുണ്ടായിരുന്നു.

∙ഹിറ്റ്ലറിനെതിരായ പ്രതിഷേധം

എഴുത്തുകാരനായ ജോ സൈമണും ആർട്ടിസ്റ്റായ ജാക്ക് കിർബിയുമാണ് 1941 മാർച്ച് ഒന്നിലെ ടൈംലി കോമിക്സിന്റെ പുസ്തകത്തിനായി ക്യാപ്റ്റൻ അമേരിക്കയെ സൃഷ്ടിച്ചത്. മാർച്ച് ഒന്നിനു പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും രണ്ടുമാസം മുൻപ് തന്നെ പുസ്തകം ഇറങ്ങി. എങ്കിലും മാർച്ച് ഒന്ന് ക്യാപ്റ്റൻ അമേരിക്കയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തുടക്കം സംഭവിച്ച തീയതിയായി കണക്കാക്കപ്പെടുന്നു.

ടൈംലി കോമിക്സാണ് പിന്നീട് വിശ്വവിഖ്യാതമായ മാർവൽ കോമിക്സായി രൂപാന്തരം പ്രാപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തീവ്രനാളുകളടങ്ങിയ വർഷമായിരുന്നു 1941.ജർമനിയിൽ ഹിറ്റ്ലർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധമുള്ള സൈമണും കിർബിയും നാസി ജർമനിക്കെതിരെ പോരാടുന്ന ഒരു കഥാപാത്രത്തിനാണ് ലക്ഷ്യം വച്ചത്. ക്യാപ്റ്റൻ അമേരിക്കയുടെ പിറവിയുടെ കഥ അവിടെ തുടങ്ങുന്നു.

∙റോജേഴ്സിന്റെ ശക്തിമരുന്ന് 

രണ്ടാം ലോകമഹാ യുദ്ധകാലം. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാകാൻ ലോകത്തു യുവാക്കൾ പല അടവുകളും പയറ്റുന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ സ്റ്റീവ് റോജേഴ്സ് വ്യത്യസ്തനായിരുന്നു. എങ്ങനെയെങ്കിലും അമേരിക്കൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു അവന്റെ ആഗ്രഹം. ശക്തമായ മനസ്സും ധാർമികമൂല്യങ്ങളും ആവോളമുണ്ടായിരുന്നെങ്കിലും അവന്റെ ശാരീരിക ശക്തി പരിമിതമായിരുന്നു.അതിനാൽ പലതവണ സൈനിക റിക്രൂട്ട്മെന്റിൽ നിന്ന് അവൻ പുറത്തായി. എന്നാൽ പിന്നീട് യുഎസ് സൈന്യം ഗവേഷണം നടത്തി വികസിപ്പിച്ച സീറം സ്വീകരിച്ചതോടെ തോടെ റോജേഴ്സ്, ക്യാപ്റ്റൻ അമേരിക്ക എന്ന സൂപ്പർ സൈനികനായി മാറുന്നു.

ഇന്ന് അവഞ്ചേഴ്സ് ആരാധകർക്കെല്ലാം അറിയാവുന്ന ഈ കഥയായിരുന്നു അന്നത്തെ കോമിക്സിലേതും. ഹഞ്ച്ബാക്ക്, റെഡ് സ്കൾ, തുടങ്ങി അനേകം വില്ലൻമാർക്കെതിരെ കോമിക്സിൽ ക്യാപ്റ്റൻ പോരാടി. ഹിറ്റ്ലറിനെതിരെ ശക്തമായ വികാരം അക്കാലത്ത് ജനമനസ്സുകളിൽ നിറഞ്ഞു നിന്നതിനാൽ ക്യാപ്റ്റൻ അമേരിക്കയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അക്കാലത്ത് ‘സെന്റിനൽസ് ഓഫ് ലിബർട്ടി’ എന്ന പേരിൽ ക്യാപ്റ്റൻ അമേരിക്കയ്ക്ക് ഒരു ഫാൻ ക്ലബ്ബുണ്ടായിരുന്നു. അതിൽ അനേകം അംഗങ്ങളും.

∙മഞ്ഞിലുറങ്ങി

കുറച്ചുവർഷങ്ങൾക്കു ശേഷം രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. അതോടെ ദേശസ്നേഹികളായ സൂപ്പർഹീറോമാരുടെ സ്വീകാര്യതയും ഇടിഞ്ഞു തുടങ്ങി. ക്യാപ്റ്റൻ അമേരിക്കയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടർന്ന് 1949ൽ പുറത്തിറങ്ങിയ ഒരു കോമിക്സിൽ, ഒരു ബോംബ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ ക്യാപ്റ്റൻ ഐസിലാണ്ടുപോയതായി ചിത്രീകരിച്ച് ക്യാപ്റ്റൻ അമേരിക്കയുടെ പേരിലുള്ള കോമിക്സിന് മാർവൽ അവസാനം കുറിച്ചു.

1953ലും 54 ലും വീണ്ടും ചില കോമിക്സുകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ക്യാപ്റ്റൻ ഒരു ചലനവുമുണ്ടാക്കിയില്ല. എന്നാൽ അറുപതുകളുടെ പകുതിയോടെ വീണ്ടും സൂപ്പർഹീറോ കഥാപാത്രങ്ങൾക്ക് ആവശ്യക്കാരേറി തുടങ്ങി. ഇതോടെ ക്യാപ്റ്റൻ അമേരിക്കയ്ക്കും തിരികെയെത്താൻ അവസരമൊരുങ്ങി.1969ൽ പ്രസിദ്ധീകരിച്ച അവഞ്ചേഴ്സ് 4 എന്ന കോമിക്സിൽ ക്യാപ്റ്റൻ തിരികെയെത്തി. മഞ്ഞിൽ നിന്നും അവഞ്ചേഴ്സ് അംഗങ്ങൾ ക്യാപ്റ്റനെ കണ്ടെത്തുന്നതായിരുന്നു കഥ. പ്രസിദ്ധ കോമിക്സ് എഡിറ്ററും പ്രതിഭാശാലിയുമായിരുന്ന സ്റ്റാൻലീയായിരുന്നു ഈ തിരിച്ചെത്തലിനു ചുക്കാൻ പിടിച്ചത്.

പിന്നീട് കുറേക്കാലം കോമിക്സ് രംഗത്ത് ക്യാപ്റ്റന്റെയും അവഞ്ചേഴ്സിന്റെയും പടയോട്ടമായിരുന്നു. ചില വിഡിയോ ഗെയിമുകളിലും ടെലിവിഷൻ ഷോകളിലും നോവലുകളിലുമൊക്കെ ക്യാപ്റ്റൻ കഥാപാത്രവുമായി. 1979ലും 1990ലുമായി മൂന്നു ടെലിവിഷൻ സിനിമകളും ഈ സൂപ്പർഹീറോയുടെ  പേരിൽ പുറത്തിറങ്ങി. എന്നാൽ 2011ൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക –ദി ഫസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ  അഭ്രപാളിയിൽ തരംഗം തീർത്തത്. അതിപ്പോഴും തുടരുന്നു. ഹോളിവുഡ‍് നടനായ ക്രിസ് ഇവാൻസാണ് ക്യാപ്റ്റന്റെ റോൾ ചിത്രത്തിൽ ചെയ്തത്.

English Summary : Captain America turns 80 this march

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com