ADVERTISEMENT

ഇന്തൊനീഷ്യയിൽ ഒരു മുങ്ങിക്കപ്പൽ സമുദ്രത്തിൽ മുങ്ങിപ്പോയ വാർത്ത വായിച്ചിരിക്കുമല്ലോ. ഈയാഴ്ച ഹായ് കിഡ്സിൽ നമുക്ക്  സമുദ്രങ്ങളെപ്പറ്റി പറയാം. 

ഭൂമിയുടെ 71 ശതമാനം സമുദ്രമാണെന്നു കൂട്ടുകാർക്കറിയാമല്ലോ. ഇവിടെ ഒരുപാട് അദ്ഭുതങ്ങളുണ്ട്...വിചിത്രമായ കാര്യങ്ങളും...

സൂചനകളിലൂടെ നിങ്ങൾ കണ്ടെത്തേണ്ടത് ഒട്ടേറെ സവിശേഷതകളുള്ള, ഒരു കടലോളം പ്രശസ്തനായ ഒരാളെയാണ്.  കണ്ടെത്തുന്നവരിലെ ഭാഗ്യശാലികളായ കുറച്ചു പേർക്ക് ഇൗ വ്യക്തിയുമായി സംസാരിക്കാനുള്ള അവസരം ഹായ് കിഡ്സ് ഒരുക്കും! (എല്ലാ സൂചനയും നേരിട്ടുള്ളതല്ല, വളഞ്ഞ വഴിയിലും ആലോചിക്കണം)

ചാലഞ്ചർ ഡീപ്പിൽ ആരൊക്കെയുണ്ടെന്നറിയാമോ?

സമുദ്രത്തിലെ ഏറ്റവും ആഴമുള്ള സ്ഥലം ഏതാണ്? അതിന്റെ ഉത്തരമാണ് ചാലഞ്ചർ ഡീപ്. പസിഫിക് സമുദ്രത്തിലെ ആഴമേറിയ ഭാഗമായ മരിയാന ട്രെഞ്ചിലാണ് ചാലഞ്ചർ ഡീപ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നു 10.984 കിലോമീറ്റർ ആഴമുണ്ട് ചാലഞ്ചർ ഡീപ്പിന്. നമ്മുടെ എവറസ്റ്റ് പർവതത്തിന്റെ പൊക്കത്തേക്കാൾ കൂടുതലാണ് ഇതിന്റെ ആഴമെന്നർഥം. ഏതു വെള്ളക്കെട്ടിലായാലും ആഴത്തിലേക്കു പോകുമ്പോൾ സമ്മർദം കൂടുമെന്നറിയാമല്ലോ? സമുദ്രനിരപ്പിൽ നിന്നു 1000 മടങ്ങ് ഇരട്ടി സമ്മർദമാണത്രേ ഇവിടെ. ചാലഞ്ചർ ഡീപ്പിലെത്തിയ ഒരാൾ വെറുതേ വെളിയിലിറങ്ങിയാൽ ദേഹത്തിനു മുകളിൽ 50 ജംബോ ജെറ്റുകൾ വച്ചിരിക്കുന്നതു പോലെ തോന്നും. സൂര്യപ്രകാശം എത്താത്തതു കൊണ്ട് ഇവിടെയെല്ലാം പൂർണമായ ഇരുട്ടാണ്. ചില ഏകകോശജീവികളും, കടൽവെള്ളരികളും, ബാക്ടീരിയകളുമൊക്കെയാണ് ഇവിടെ താമസം.നിങ്ങൾക്കറിയാമോ, അവതാർ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം ഒരുക്കിയ സംവിധായകൻ ജയിംസ് കാമറൺ ചാലഞ്ചർ ഡീപ്പിലേക്കു 2012 ൽ യാത്ര ചെയ്തിട്ടുണ്ട്. 

ആഴക്കടലിലെ കണവരാക്ഷസൻ

കേരളത്തിലെ പ്രിയ കടൽവിഭവങ്ങളിലൊന്നാണു കണവ അഥവാ സ്ക്വിഡ്. എന്നാൽ കണവയുടെ വല്യേട്ടനെ പരിചയമുണ്ടോ? കണവയെപ്പോലെ ചെറുതൊന്നുമല്ല. 1000 കിലോ ഭാരമുള്ള ജയന്റ് സ്ക്വിഡ് അഥവാ രാക്ഷസക്കണവ, വളരെക്കുറച്ചുമാത്രം പഠിക്കപ്പെട്ടിട്ടുള്ള അപൂർവജീവിയാണ്. കടലിന്റെ ആഴങ്ങളിൽ താമസിക്കുന്നതിനാൽ ഇദ്ദേഹത്തെ കണ്ടു കിട്ടുന്നതു തന്നെ വളരെ അപൂർവം. എട്ടുകാലുകളും വലിയ പ്ലേറ്റുപോലുള്ള കണ്ണുകളുമുള്ള രാക്ഷസക്കണവ കടലിലെ ദുരൂഹതകളിലൊന്നാണ്. ചില പ്രശസ്ത നോവലുകളിലും സിനിമകളിലുമൊക്കെ ജയന്റ് സ്ക്വിഡ് വില്ലനായി വന്നിട്ടുണ്ട്. ഷൂൾസ് വോണിന്റെ വിഖ്യാത നോവലായ ട്വന്റി തൗസൻഡ് ലീഗ്സ് അണ്ടർ ദ സീസിൽ ക്യാപ്റ്റൻ നെമോയുടെ കപ്പലായ നോട്ടിലസിനെ ഒരു രാക്ഷസക്കണവ ആക്രമിച്ചു തകർക്കുന്ന രംഗമുണ്ട്.

തകർന്ന കപ്പലുകൾ

കടലിലെ പ്രധാനവാഹനങ്ങൾ കപ്പലുകളാണ്. ചരിത്രകാലഘട്ടം മുതൽ കടലിൽ യാത്ര ചെയ്ത കപ്പലുകളിൽ ചിലതൊക്കെ തകർന്നിട്ടുണ്ട്. ടൈറ്റാനിക്കിനെപ്പറ്റിയൊക്കെ നമുക്കറിയാം അല്ലേ?..ടൈറ്റാനിക് തകർന്ന സ്ഥലം കൃത്യമായി കണ്ടെത്തിയിരുന്നു. എന്നാൽ ഇങ്ങനെ കണ്ടെത്തപ്പെടാത്ത പല തകർന്ന കപ്പലുകളും കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുന്നുണ്ട്. ഇവയിൽ പലതിലും ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും നിധികളും കാലാകാലങ്ങളായി ഉറങ്ങിക്കിടക്കുന്നു. ഇവ തേടിയുള്ള പല ദൗത്യങ്ങളും പിന്നീട് ഒട്ടേറെയുണ്ടായിട്ടുണ്ട്. ചിലതൊക്കെ വിജയവുമായി‌.

30 പേരെ കൊല്ലും വിഷബലൂൺ!

ഈ മീനിനെ കാണാൻ നല്ല ക്യൂട്ടാണ്. എന്തെങ്കിലും അപകടമുണ്ടായാൽ ഒരു ബലൂൺ വീർക്കുന്നതു പോലെ ആശാൻ കയറിയങ്ങു വീർക്കും. അങ്ങനെയാണ് ഈ വിദ്വാന് ‘പഫർ ഫിഷ്’ എന്നു പേരുകിട്ടിയത്. എന്നാൽ ആളത്ര നിസ്സാരക്കാരനാണെന്നു കരുതേണ്ട. സയനൈഡിന്റെ 1200 മടങ്ങ് ശക്തിയുള്ള വിഷവും ശരീരത്തിലേറ്റിയാണ് നടപ്പ്. ഒറ്റ പഫർ ഫിഷിന്റെ വിഷത്തിന് 30 മനുഷ്യരെ കൊല്ലാൻ സാധിക്കും. എന്നാൽ ഇതൊന്നും പറഞ്ഞാലും ജപ്പാൻകാർ പേടിക്കില്ല. അവർ ഈ മീനിനെ വച്ചു ഫുഗു എന്നൊരു വിഭവം ഉണ്ടാക്കും. പ്രത്യേകം ലൈസൻസൊക്കെയുള്ള പാചകക്കാരാണ് ജപ്പാനിൽ പഫർഫിഷിനെ പാചകം ചെയ്യുന്നത്.

കടലിലെ കൊള്ളക്കാർ

ക്യാപ്റ്റൻ ജാക്സ്പാരോ...‘പൈറേറ്റ്സ് ഓഫ് ദ കരീബിയനിലെ’ എല്ലാവരുടെയും ഇഷ്ടകഥാപാത്രമായ ഈ നായകന്റെ തൊഴിൽമേഖല കൊള്ളയടിയാണ്. വെറും കൊള്ളയല്ല, കടൽക്കൊള്ള. കരയിൽ മാത്രമല്ല കടലിലും കൊള്ളക്കാരുണ്ട്. ഇപ്പോൾ മാത്രമല്ല, പണ്ടു തൊട്ടേ . ക്യാപ്റ്റൻ കിഡ്, ബാർത്തലോമിയോ റോബർട്സ്, ബ്ലാക്ക് ബേഡ്, ഹെൻറി മോർഗൻ തുടങ്ങി ഒട്ടേറെ കുപ്രസിദ്ധരായ കടൽക്കൊള്ളക്കാർ ഭൂമിയിൽ ജീവിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഒരാളായ ഹെൻറി എവ്റി 17 ാം നൂറ്റാണ്ടിൽ കൊള്ളയടിച്ചത് ഒരിന്ത്യൻ കപ്പലിനെയാണ്. അന്നത്തെ ഇന്ത്യയുടെ ‘ടൈറ്റാനിക്’ എന്നറിയപ്പെടുന്ന ഗഞ്ചി സവായ് ആയിരുന്നു ആ കപ്പൽ. കപ്പലിലെ അളവറ്റ സമ്പത്തുമായി എവ്റി അപ്രത്യക്ഷനായി.പിന്നീട് ആരും എവ്റിയെ കണ്ടിട്ടില്ല.

ഇന്നത്തെ മലയാള മനോരമ പത്രത്തിലെ ഹായ് കിഡ്സ് പേജിലെ ടാസ്ക് പൂർത്തിയാക്കിയാൽ ഫോട്ടോ എടുത്ത് മുതിർന്നവരുടെ സഹായത്തോടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലേതിലെങ്കിലും പോസ്റ്റ് ചെയ്യണം. ഇൗ ഹാഷ്‌ടാഗ് ചേർക്കാൻ മറക്കരുത്: #HaiKidsSea

(പ്രത്യേകം ശ്രദ്ധിക്കൂ: നിങ്ങളുടെ പോസ്റ്റുകൾ നോക്കിയാകും ഭാഗ്യശാലികളെ തിരഞ്ഞെടുക്കുക) 

English Summary : Hai kids vacation special activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com