രഹസ്യപുകമറയിൽ പ്രവർത്തിച്ച രാഷ്ട്രീയപ്പൊലീസ്: ഗെസ്റ്റപ്പോ എന്ന നാത്സികളുടെ ഭീകരായുധം
Mail This Article
88 വർഷങ്ങൾക്ക് മുൻപുള്ള ജർമനി....മനുഷ്യരെ വംശീയമായി വേർതിരിച്ച് കൊന്നൊടുക്കിയ നാത്‌സികളായിരുന്നു അവിടെ ഭരണം. അഡോൾഫ് ഹിറ്റ്ലർ എന്ന ലോകം കണ്ട എക്കാലത്തെയും ക്രൂരനായ ഭരണാധികാരികളിലൊരാളുടെ കീഴിൽ. നാത്‌സി ഭീകരതയ്ക്ക് പല സംവിധാനങ്ങളുണ്ടായിരുന്നു. അതിലെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു ഗെസ്റ്റപ്പോ. 1933 ഏപ്രിൽ 26നാണു ഈ രാഷ്ട്രീയ രഹസ്യപ്പൊലീസ് സ്ഥാപിതമായത്. നാത്‌സി ഭരണം അതിന്റെ എല്ലാ കരുത്തിലും നിന്ന നാളുകളിൽ.
ഗെഹെയിം സ്റ്റാറ്റ്സി പൊലീസെ എന്നായിരുന്നു ഗെസ്റ്റപ്പോയുടെ മുഴുവൻ പേര്. അക്കാലത്തു ജർമനിയിലുണ്ടായിരുന്ന ഒരു പോസ്റ്റൽ ഉദ്യോഗസ്ഥൻ ഈ വാക്ക് റബർ സ്റ്റാംപുകളിൽ ഉപയോഗിക്കാൻ പാടാണെന്നു കണ്ടെത്തി. ഇതിനു പ്രതിവിധിയായി അയാൾ അതിന്റെ ആദ്യാക്ഷരങ്ങൾ ഉപയോഗിച്ചു പേരു ചുരുക്കി...ഗെസ്റ്റപ്പോ...പുതിയ പേര് ഇങ്ങനെയായിരുന്നു. ആ പോസ്റ്റൽ ഉദ്യോഗസ്ഥന് അപ്പോൾ അറിയില്ലായിരുന്നു, നാസി ജർമനിയിലെ ഏറ്റവും കുപ്രസിദ്ധമായ പേരുകൾക്കൊന്നിനാണു താൻ രൂപം കൊടുത്തതെന്ന്.
പ്രഷ്യയിൽ നിന്നുള്ള നാത്സി നേതാവായ ഹെർനൻ ഗോറിങ്ങാണു ഗെസ്റ്റപ്പോയുടെ രൂപീകരണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഹിറ്റ്ലർ കഴിഞ്ഞാൽ നാത്‌സി ജർമനിയിലെ ഏറ്റവും കുപ്രസിദ്ധനായ ഹെയ്ൻറിച്ച് ഹിംലർ 1934ൽ ഗെസ്റ്റപ്പോയുടെ നിയന്ത്രണമേറ്റു. അപരിമിതമായ അധികാരങ്ങളായിരുന്നു ഗെസ്റ്റപ്പോ എന്ന രാഷ്ട്രീയപ്പൊലീസിനുണ്ടായിരുന്നത്. 1936 ഫെബ്രുവരിയിൽ കുപ്രസിദ്ധമായ ‘ഗെസ്റ്റപ്പോ നിയമം’ നാത്സി പരമോന്നത ഭരണസമിതിയായ റീസ്റ്റാഗ് പുറത്തിറക്കി. ഇതു പ്രകാരം ഇവർ ചെയ്യുന്ന അറസ്റ്റുകളെയൊന്നും ചോദ്യം ചെയ്യാൻ കോടതികൾക്ക് അധികാരമുണ്ടായിരുന്നില്ല. നീതിക്കും നിയമത്തിനും അപ്പുറം ഒരു കൂട്ടം.....അതായി മാറി ഗെസ്റ്റപ്പോ.
ഗെസ്റ്റപ്പോ വളരെ വിപുലമായ ഒരു സംഘടനയൊന്നുമായിരുന്നില്ല. ഏറ്റവും സുവർണ സമയത്തു പോലും 40000 അംഗങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. എന്നാൽ ഓരോ ഏജന്റിനും വിവരങ്ങൾ നൽകാൻ ഒട്ടേറെ ഇൻഫോർമർമാരുണ്ടായിരുന്നു. വലകെട്ടി അതിന്റെ കേന്ദ്രത്തു കാത്തിരിക്കുന്ന ചിലന്തി. അതായിരുന്നു ഓരോ ഗെസ്റ്റപ്പോ ഏജന്റും. ഗെസ്റ്റപ്പോയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇൻഫോമർമാർ ആരെന്നറിയാൻ സാധാരണ ജനത്തിനു യാതൊരു മാർഗവുമില്ലായിരുന്നു. അതു ചിലപ്പോൾ ഒരു പാൽക്കാരനാകാം, പോസ്റ്റ്മാൻ ആകാം, പരദൂഷണം പറയാനായെത്തുന്ന അയൽക്കാരാകാം, കുട്ടികളെപ്പഠിപ്പിക്കുന്ന ടീച്ചർമാരാകാം.
ആരോടാണ് തങ്ങൾ സംസാരിക്കുന്നതെന്നറിയാതെ ജർമൻ ജനത കുഴങ്ങി. സർക്കാരിനെപ്പറ്റിയോ നാത്സികളെപ്പറ്റിയോ കുറ്റം പറയുന്നത് രഹസ്യ ഗെസ്റ്റാപ്പോ ഇൻഫോമർമാരോടാണെങ്കിൽ പിന്നീട് കാത്തിരിക്കുന്നത് വളരെ ക്രൂരമായ നടപടികളാകും. ആ ആൾ പിന്നെ ആരുമറിയാതെ കാണാതെയാകും. പിന്നീട് അയാൾക്ക് എന്തു സംഭവിച്ചെന്നറിയാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. ഇക്കാരണത്താൽ നാത്സി കാലയളവിൽ വളരെ അസ്വസ്ഥതയോടെയാണു ജർമനിക്കാർ ജീവിച്ചത്. വിടുവായൻമാർ പോലും അപകടം ഭയന്നു ഉരിയാടാതെ കാലം കഴിച്ചു. ജനങ്ങളിൽ നാത്സികൾക്കെതിരെ ഉയരുന്ന പ്രതിഷേധ സ്വരങ്ങൾ അടിച്ചമർത്തുക എന്ന ലക്ഷ്യം ഗെസ്റ്റപ്പോ ഫലപ്രദമായി നിർവഹിച്ചു.
1943ൽ ഹിറ്റ്ലറിനെതിരെ ഉയർന്ന വിദ്യാർഥി വിപ്ലവങ്ങളെ പരാജയപ്പെടുത്തുന്നതിനും അതിലെ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനും കൊലപ്പെടുത്തുന്നതിനുമൊക്കെ ഗെസ്റ്റപ്പോ വലിയ പങ്കു വഹിച്ചു. ആയിരക്കണക്കിനു ജൂതരെയും ഇടതുപക്ഷ അനുഭാവികളെയും ട്രേഡ് യൂണിയൻ നേതാക്കളെയുമൊക്കെ ഗെസ്റ്റപ്പോ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ജീവിതം പിന്നീട് മൃഗീയമായ പീഡനങൾ അരങ്ങേറിയ കോൺസൻട്രേഷൻ ക്യാംപുകളിലായിരുന്നു.
അക്കാലത്ത് നാത്സികൾക്ക് ഡെത്ത് സ്ക്വാഡുകൾ എന്നറിയപ്പെടുന്ന കൊലയാളി സംഘങ്ങളുണ്ടായിരുന്നു. ജർമൻ സേനയ്ക്കൊപ്പം പോയിരുന്ന ഇവ, നാത്സികൾക്കു ശത്രുതയുള്ള രാജ്യങ്ങളിലെല്ലാം ജൂതർക്ക് മരണം വിതച്ചു. ഈ സംഘങ്ങളിലും ഗെസ്റ്റപ്പോയിൽ നിന്നുള്ള ആളുകൾ നിരവധിപ്പേരുണ്ടായിരുന്നു. പോളണ്ടുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇവർ ചെയ്ത ക്രൂരത മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. രണ്ടാം ലോകയുദ്ധ കാലത്ത് ഗെസ്റ്റപ്പോയെ നയിച്ചത് ഹെയ്ൻറിച്ച് മുള്ളർ എന്ന ജനറലാണ്. വളരെ നിഷ്ഠൂരനായ ഇയാളാണ് ജൂതരെ കോൺസൻട്രേഷൻ ക്യാംപിലിട്ട് ക്രൂരമായി കൊലപ്പെടുത്തുന്ന ഹോളൊക്കാസ്റ്റ് പദ്ധതിക്കു തുടക്കമിട്ടത്. 1945 മേയ് ഒന്നിനു (ഹിറ്റ്ലർ ആത്മഹത്യ ചെയ്തതിനു പിറ്റേന്ന്) ഇയാൾ അപ്രത്യക്ഷനായി. പിന്നീടാരും മുള്ളറെ കണ്ടിട്ടില്ല.
രണ്ടാം ലോകമഹായുദ്ധത്തിൽ നാത്സി ജർമനി പരാജയപ്പെട്ടതോടെ ഗെസ്റ്റാപ്പോയ്ക്കും തിരശ്ശീല വീണു. തുടർന്ന് നടന്ന ന്യൂറംബർഗ് വിചാരണയിൽ ഗെസ്റ്റാപ്പോയെ ഒരു കുറ്റവാളി സംഘമായി ഇന്റർനാഷനൽ മിലിട്ടറി ട്രൈബ്യൂണൽ വിധിച്ചു.
English Summary: Hitler's Secret Agents- The Gestapo Spy Network