ADVERTISEMENT

ജീവനേകാൻ കഴിവുള്ള രക്തദാനത്തിന്റെ മഹത്വത്തെ ഓർമിപ്പിച്ച് വീണ്ടും ജൂൺ 14 എത്തുന്നു; ലോക രക്തദാന ദിനം. രക്തം നൽകൂ, ജീവന്റെ മിടിപ്പ് നിലനിർത്തൂ എന്നതാണ് ഇത്തവണത്തെ പ്രമേയം. 

 

കോവിഡ് പിടിമുറുക്കിയിരിക്കുന്ന ഇക്കാലത്ത് ഇത്തവണത്തെ രക്തദാനദിന സന്ദേശത്തിനു പ്രസക്തിയേറെ. കോവിഡ് വാക്സീൻ സ്വീകരിക്കുന്നവർ രണ്ടാം ഡോസെടുത്ത് ആഴ്ചകൾക്കു ശേഷമേ, രക്തം ദാനം ചെയ്യാവൂ എന്നാണു നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (എൻബിടിസി) ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അത് രണ്ടാഴ്ചയായി കുറച്ചിട്ടുണ്ട്. രക്തത്തിനു ക്ഷാമമുണ്ടാകുമോ എന്ന ആശങ്കയ്ക്കിടയിലാണ് ആശ്വാസമായി ഈക്കാര്യമെത്തിയത്. 18–45 വയസ്സുകാർക്ക് വാക്സിനേഷൻ ഊർജിതമാകുന്ന സാഹചര്യത്തിൽ കുത്തിവയ്പിനു മുൻപു രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ.

കോവിഡ് കാലത്ത് പ്ലാസ്മ തെറപ്പിയെകുറിച്ച് കൂട്ടുകാർ കേട്ടുകാണുമല്ലോ . കോവിഡ് ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ വേർതിരിച്ച്, രോഗികൾക്കു നൽകുന്നതാണിത്. രക്തത്തിന്റെ ദ്രവഭാഗമാണ് പ്ലാസ്മ. ഇതുൾപ്പെടെ രക്തത്തെയും രക്തദാനത്തെയും കുറിച്ച് കൂടുതലറിയാം.

 

 

∙രോഗികൾക്കു രക്തം കൊടുത്തു ജീവൻ രക്ഷിക്കുന്നതിൽ നിർണായക നാഴികക്കല്ലായിരുന്നു എ,ബി, ഒ ഗ്രൂപ്പുകളുടെ കണ്ടുപിടിത്തം. സുരക്ഷിതരക്തദാനത്തിലേക്കു വഴിതെളിച്ച ഇതിനു വഴികാട്ടിയായ കാൾ ലാൻസ്റ്റെയ്നറുടെ സ്മരണയിലാണു രക്തദാന ദിനം ജൂൺ 14ന് ആചരിക്കുന്നത്. നൊബേൽസമ്മാന ജേതാവാണ് അദ്ദേഹം.

∙ഇത്തവണ രക്തദാനദിനാചരണത്തിന്റെ ആതിഥേയർ ഇറ്റലിയാണ്.

∙ആധുനിക രക്‌തബാങ്കിന്റെ പിതാവ് അമേരിക്കൻ സർജനായ ഡോ. ചാൾസ് ഡ്രൂവാണ്.

∙ചുവന്ന (അരുണ) രക്താണുക്കൾ, വെളുത്ത (ശ്വേത) രക്താണുക്കൾ, പ്ലേറ്റ്‌ലറ്റുകൾ എന്നീ രക്തകോശങ്ങളും പ്ലാസ്മയും ചേർന്ന ദ്രവരൂപത്തിലുള്ള കോശസമൂഹമാണു രക്തം. രക്തത്തിന്റെ 55% പ്ലാസ്മയാണ്. 

∙ചുവപ്പ് അണുക്കളിൽ കാണപ്പെടുന്ന പ്രോട്ടീൻ ഘടകമാണ് ഹീമോഗ്ലോബിൻ (എച്ച്ബി).   

 ∙ശരീരത്തിനാവശ്യമായ പോഷകങ്ങളും ഓക്സിജനും വഹിക്കുകയും അതു കോശങ്ങളിലെത്തിക്കുകയും ചെയ്യുക, മാലിന്യങ്ങളെ നീക്കുക എന്നിവയാണു രക്തത്തിന്റെ കടമകൾ.   ഓക്സിജൻ വഹിക്കുന്നതും കോശങ്ങൾ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെ തിരികെ ശ്വാസകോശത്തിലെത്തിക്കുന്നതും ഹീമോഗ്ലോബിനാണ്. 

∙എച്ച്ബി കുറഞ്ഞാൽ അതിനർഥം വിളർച്ച (അനീമിയ) ഉണ്ടെന്നാണ്; അതായത് ചുവന്ന രക്താണുക്കളുടെ കുറവ്. ഇനി, എച്ച്ബി വളരെ കൂടുതലാണെങ്കിലോ– അതു വിവിധ രോഗാവസ്ഥകളുടെ സൂചകമാണ്.     

∙ശരീരത്തിൽ എത്ര രക്തമുണ്ടെന്നറിയാമോ? ശരാശരി 5 ലീറ്റർ. 

∙ 45 കിലോയിൽ കൂടുതൽ ശരീരഭാരം, 12.5 ൽ കൂടുതൽ എച്ച്ബി എന്നിവയുള്ള 18–60 പ്രായക്കാരായ ആരോഗ്യമുള്ള എല്ലാവർക്കും രക്തം ദാനം ചെയ്യാം. 

 

 

∙രക്തം നൽകിയാൽ ദാതാവിനു ദോഷമാണോ എന്ന സംശയമുണ്ട് ഇപ്പോഴും പലർക്കും. ഇല്ലേയില്ല, എന്നാൽ ഗുണങ്ങൾ പലതുമുണ്ടു താനും എന്നാണ് ഉത്തരം.

∙ഒരു കിലോഗ്രാമിന് 50 മില്ലീ ലിറ്റർ എന്ന രീതിയിലേ ശരീരത്തിനു ദിവസവും രക്തം ആവശ്യമുള്ളൂ. ബാക്കി ശരീരം സൂക്ഷിച്ചിരിക്കുന്നതാണു ദാനം ചെയ്യുക. 

∙ദാനം ചെയ്ത് 24 –     36 വരെ മണിക്കൂറിനകം രക്തത്തിന്റെ അളവ് പഴയപടിയാകുകയും ചെയ്യും.              

∙രക്തം അതേ പടിയോ, പ്ലാസ്മ, പ്ലേറ്റ്‌ലറ്റ് എന്നിങ്ങനെ വേർതിരിച്ചോ സൂക്ഷിക്കാം. ഓരോ രോഗിക്കും ആവശ്യമുള്ളതനുസരിച്ചു നൽകാം. 

 

∙എ, ബി, എബി, ഒ എന്നിങ്ങനെ ബ്ലഡ് ഗ്രൂപ്പുകൾ (പോസിറ്റീവും നെഗറ്റീവും) ഉള്ളത് അറിയാമല്ലോ. രക്തത്തിലെ ആന്റിജൻ ഘടകങ്ങൾ (പ്രോട്ടീൻ പദാർഥം) വിലയിരുത്തിയാണിതു നിർണയിക്കുന്നത്. വളരെ അപൂർവമായ എച്ച്എച്ച് എന്ന ഗ്രൂപ്പുമുണ്ട്. 1952ൽ അന്നത്തെ ബോംബെയിൽ കണ്ടെത്തിയ ഇത് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്നും അറിയപ്പെടുന്നു. 

∙ഓരോ ഗ്രൂപ്പിനും യോജിക്കുന്ന രക്തം മാത്രമേ നൽകാനാകൂ. ഇല്ലെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാം. രോഗിയുടെയും ദാതാവിന്റെയും രക്തം ചേരുമോ എന്നു പരിശോധിക്കുന്നതാണ് ക്രോസ് മാച്ചിങ്.

∙ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും മഹത്തായ മാർഗങ്ങളിലൊന്നാണു രക്തദാനം. 18 വയസ്സ് പൂർത്തിയാകുമ്പോൾ, കൂട്ടുകാരും രക്തദാന പ്രതിജ്ഞയെടുക്കുമല്ലോ. 

 

English summary: World blood donation day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com