ഓൺലൈൻ ക്ലാസും ഡിജിറ്റൽ ഐ സ്ട്രെയിനും; എന്തൊക്കെ ശ്രദ്ധിക്കണം? നേത്ര രോഗ വിദഗ്‌ധ പറയുന്നു
Mail This Article
കൂട്ടുകാർ ഇപ്പോൾ പഠിക്കുന്നത് ടി വി, മൊബൈൽ ഒക്കെ ഉപയോഗിച്ചാണല്ലോ കണ്ണിന് കൂടുതൽ ആയാസം വരുന്ന ഈ സാഹചര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം? പൊതുവെ ആരോഗ്യ കാര്യങ്ങളിൽ അനുവർത്തിക്കേണ്ട രീതികൾ എന്തൊക്കെ? നേത്ര രോഗ വിദഗ്‌ധ ഡോ. എസ്. സവിത പറയുന്നു.
സാമൂഹിക അകലം ഒഴിവാക്കാൻ പറ്റാത്ത ഈ കോവിഡ് സാഹചര്യത്തിൽ ഏറ്റവുമധികം പ്രതിസന്ധിയിലായത് നമ്മുടെ സ്‌കൂൾ വിദ്യാർഥികളാണ്. ഡിജിറ്റൽ മീഡിയയുടെ സഹായത്തോടെയുള്ള ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് വലിയൊരു ആശ്വാസം ആയെങ്കിലും കംപ്യൂട്ടർ മൊബൈൽ ഫോൺ ടാബ്‌ലറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഡിവൈസുകളുടെ ഉപയോഗം വർധിച്ചതോടെ കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങളും കൂടുതലായി കണ്ടു തുടങ്ങി. ഡിജിറ്റൽ സ്‌ക്രീനിന്റെ അമിതമായ ഉപയോഗം മൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളെയാണ് നമ്മൾ ഡിജിറ്റൽ ഐ സ്‌ട്രെയിൻ എന്നു പറയുന്നത്. അതായത് എന്തൊക്കെയാണ് ഈ ഡിജിറ്റൽ ഐ സ്‌ട്രെയ്‌നിന്റെ കാരണങ്ങൾ അല്ലെങ്കിൽ എങ്ങനെ ഇവ പരിഹരിക്കാൻ സാധിക്കുമെന്ന് നോക്കാം.
ഇത് ഒരു കാഴ്‌ച മങ്ങൽ അല്ലെങ്കിൽ കാഴ്‌ച കുറവിന്റെ മാത്രം പ്രശ്നമല്ല ഒരു പുസ്‌തകമോ പ്രിന്റഡ് മെറ്റീരിയലോ വായിക്കുന്നതിനേക്കാൾ കൂടുതൽ ഐ സ്‌ട്രെയിൻ തോന്നുന്നത് മൊബൈലിലോ കംപ്യൂട്ടർ സ്‌ക്രീനിലോ അത് വായിക്കുമ്പോഴാണ്. അതിന് ഒരു കാരണം ഈ പ്രിന്റിന്റെ വ്യക്തത കുറവാണ്. ബുക്കിൽ അല്ലെങ്കിൽ പ്രിന്റിൽ ഉള്ള അത്രയും ക്ലാരിറ്റി നമുക്ക് ഈ ഡിജിറ്റൽ സ്‌ക്രീനിൽ കിട്ടാറില്ല. മാത്രമല്ല ഈ ഡിവൈസസിൽ നിന്നും എമിറ്റ് ചെയ്യുന്ന ലൈറ്റ് വളരെ നേരം നമ്മുടെ കണ്ണിൽ പതിക്കുന്നത് നമ്മുടെ കണ്ണിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഡിജിറ്റൽ ഐ സ്ട്രെയിനിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നത് കണ്ണിന് ക്ഷീണം തോന്നുക, വേദന, ചുവപ്പ്, വെള്ളമെടുപ്പ്, കണ്ണിന് ചൂടനുഭവപ്പെടുക, കാഴ്‌ച മങ്ങുന്നതു പോലെയോ കണ്ണ് ഉണങ്ങുന്നതു പോലെയോ തോന്നുക, തലവേദന എന്നിവയാണ്.
ചില കുട്ടികളിൽ കൂടെക്കൂടെ കൺകുരു വരുന്നതും കാണുന്നുണ്ട്. ഇവ തോന്നിയാൽ ആദ്യമായി ചെയ്യേണ്ടത് കാഴ്ചക്കുറവോ കണ്ണിന്റെ മസിൽ ബാലൻസ് കുറവുണ്ടോയെന്നും പരിശോധിപ്പിക്കുകയാണ്. ഷോർട്ട് സൈറ്റ് ലോങ്ങ് സൈറ്റ്, അസ്റ്റിഗ്മാറ്റിസം മുതലായ ചില കാഴ്ച വൈകല്യങ്ങൾ ചില കുട്ടികളിൽ കാണാറുണ്ട്. ഇത് നമ്മൾ ആദ്യമേ തന്നെ പരിശോധിച്ച് കണ്ണട ആവശ്യമെങ്കിൽ അത് കറക്റ്റ് ചെയ്‌ത് ഉപയോഗിക്കേണ്ടതാണ്. മസിൽ വീക്നെസ് ഉണ്ടെങ്കിൽ അതിനൊരു കൺവെർജെൻസ് എക്സർസൈസ് ചെയ്‌ത് കറക്റ്റ് ചെയ്യാവുന്നതുമാണ്. കാഴ്ചക്കുറവുള്ള കുട്ടികളിലും ഇല്ലാത്ത കുട്ടികളിലും ഡിജിറ്റൽ സ്‌ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
അതിൽ ഏറ്റവും പ്രധാനം ലൈറ്റിങ്ങ് ആണ്. സ്‌ക്രീൻ ലൈറ്റും റൂമിന്റെ ലൈറ്റും ഏകദേശം ഒരേ ഇന്റെൻസിറ്റിയിൽ ക്രമീകരിക്കുന്നത് ആണ് നല്ലത്. കാരണം നമ്മൾ റൂമിൽ ഡിം ലൈറ്റ് ആണെങ്കിൽ സ്‌ക്രീനിന്റെ ലൈറ്റ്‌നസ് കൂടിയിരിക്കുന്നത് കണ്ണിന് കൂടുതൽ സ്‌ട്രെയിൻ ഉണ്ടാക്കാം. ലൈറ്റ് സ്ക്രീനിലും കണ്ണിലും നേരിട്ട് പതിക്കാതെ ലാറ്ററൽ ഇല്യൂമിനേഷൻ അതായത് സൈഡിൽ നിന്നുള്ള ഇല്യൂമിനേഷൻ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. കൂടാതെ ജനലിൽ നിന്നോ മറ്റോ ശക്തിയായ സൂര്യപ്രകാശം റൂമിൽ കടക്കുന്നുണ്ടെങ്കിൽ ഒരു കർട്ടൻ വഴി അതും നമുക്കൊന്ന് ക്രമീകരിച്ച് കൊടുക്കേണ്ടതാണ്.
ടേബിളിൽ നമ്മൾ കംപ്യൂട്ടർ വച്ച് ഉപയോഗിക്കുന്നതു പോലെ തന്നെ മൊബൈൽ ഫോണും നമുക്ക് മൌണ്ട് ചെയ്‌ത് ടേബിളിൽ വച്ചു കൊടുക്കുന്നതായിരിക്കും നല്ലത്. സ്ക്രീനും നമ്മുടെ കണ്ണും തമ്മിൽ ഏകദേശം ഒരു മീറ്റർ അകലം പാലിക്കാൻ ശ്രദ്ധിക്കണം. സ്‌ക്രീനിന്റെ പൊസിഷനിങ്ങും വളരെ പ്രധാനപ്പെട്ടതാണ്. കണ്ണിന്റെ ലെവലിനേക്കാളും ഏകദേശം ഒരു പതിനഞ്ചോ ഇരുപതോ ഡിഗ്രി താഴ്ത്തി ആയിരിക്കണം സ്‌ക്രീൻ ഫിക്‌സ് ചെയ്യേണ്ടത്. കണ്ണിന്റെ ലെവലിൽ നിന്ന് സ്‌ക്രീൻ തന്നിരിക്കുമ്പോൾ നമ്മുടെ കണ്ണ് കുറച്ചു ഭാഗം അടഞ്ഞിരിക്കുകയും കണ്ണിന്റെ ഡ്രൈനെസ് കുറയ്ക്കാൻ ഇത് സഹായിക്കുകയും ചെയ്യും. അതേ സമയം കണ്ണിന്റെ ലെവലിലോ കുറച്ചു മുകളിലോ ഇരിക്കുമ്പോൾ കൂടുതൽ ഭാഗം തുറന്നിരിക്കാനും കണ്ണിന് സ്‌ട്രെയിൻ കൂടുതൽ തോന്നിക്കാനും അത് കാരണമാകും.
കൂടാതെ നമ്മുടെ കഴുത്തിനും ഒരു സ്‌ട്രെയിൻ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ നമ്മൾ പർപ്പസ്ഫുൾ ആയിട്ട് കണ്ണ് ചിമ്മണം (blink ചെയ്യണം). കാരണം നമ്മുടെ കൃഷ്ണമണിയുടെ ക്ലാരിറ്റിക്ക് കണ്ണ് നനഞ്ഞിരിക്കുന്നതാണ് നല്ലത്. കണ്ണിൽ നനവ് നിലനിർത്താനുള്ള നാച്ചുറൽ മെക്കാനിസം ആണ് നമ്മുടെ ഈ കണ്ണു ചിമ്മൽ. സാധാരണയായി ഒരു മിനിറ്റിൽ പന്ത്രണ്ടോ പതിഞ്ചോ പ്രാവശ്യം നമ്മൾ അറിയാതെ ബ്ലിങ്ക് ചെയ്യാറുണ്ട്. എന്നാൽ ശ്രദ്ധയോടെ ഗാഡ്ജെറ്റ്സ് ഉപയോഗിക്കുമ്പോൾ ബ്ലിങ്ക് റേറ്റ് കുറയുന്നു. അതിനായി ഇടയ്ക്കിടെ നിർബന്ധിച്ച് കണ്ണു ചിമ്മാൻ കുട്ടികളെ പ്രേരിപ്പിക്കണം.
സ്‌ക്രീൻ ടൈം വളരെ പ്രധാനമാണ്. ഇരുപത് മിനിറ്റ് നമ്മൾ സ്ക്രീനിൽ നോക്കുമ്പോൾ ഇരുപത് സെക്കന്റെങ്കിലും കണ്ണ് റിലാക്‌സ് ചെയ്യാനായിട്ട് ദൂരേക്കു നോക്കണം. ഏകദേശം ഒരു ഇരുപതടി ദൂരമെങ്കിലും നോക്കാൻ ശ്രമിക്കണം. ഇതിനെ നമ്മൾ 20 - 20 റൂൾ എന്നൊക്കെ പറയാറുണ്ട്. ഇന്നത്തെ കുട്ടികളിൽ ഷോർട്ട് സൈറ്റ് കൂടാനുള്ള ഒരു പ്രധാന കാരണമായി പഠനങ്ങൾ തെളിയിക്കുന്നത് കൂടുതൽ നേരം അടുത്തുള്ള വസ്‌തുക്കളെ നോക്കുന്നതും പ്രത്യേകിച്ച് ഫ്ലാറ്റിനുള്ളിലും വീടുകളിലും മാത്രം ഒതുങ്ങി ദൂരെ നോക്കാനുള്ള അവസരം കുറവായി കിട്ടുന്ന കുട്ടികളിൽ മാത്രമാണ് ഇതു കാണുന്നത്. ആറു മണിക്കൂറെങ്കിലും ഇൻഡോർ ആക്ടിവിറ്റീസ് ചെയ്യുന്ന ഒരു കുട്ടി തീർച്ചയായും രണ്ടു മണിക്കൂർ ദൂരെയുള്ള വസ്തുക്കളെ കാണാൻ ശ്രമിക്കണം. സന്ധ്യയ്ക്ക് പക്ഷികൾ പറന്നു പോകുന്നതും നക്ഷത്രങ്ങളോ ഒക്കെ കാണാൻ അവരെ പ്രേരിപ്പിക്കുകയും ക്രിക്കറ്റ് ബാഡ്‌മിന്റൺ പോലുള്ള ദൂരോട്ട് ദൃഷ്‌ടി പതിയുന്ന ഗെയിമുകളിലേക്ക് അവരെ പരിശീലിപ്പിക്കുന്നതും നന്നായിരിക്കും.
സൂര്യപ്രകാശവും കണ്ണിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. എല്ലാ കുട്ടികളിലും സ്‌കൂൾ പ്രവേശന സമയത്ത് ഒരു നേത്ര പരിശോധന നടത്തി കാഴ്ച വൈകല്യങ്ങളുണ്ടോ എന്ന് മനസിലാക്കുന്നത് നല്ലതാണ്. കാഴ്ച വൈകല്യമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ ഇത് പാരമ്പര്യമായി വരാൻ സാധ്യതയുള്ളതിനാൽ നിർബന്ധമായും അവരെ ഒരു നേത്ര പരിശോധനയ്ക്കു വിധേയരാക്കണം. കുട്ടികളിൽ വളർച്ചയുടെ ഭാഗമായി കണ്ണടയുടെ പവറിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. അതിനാൽ കണ്ണട ഉപയോഗിക്കുന്ന കുട്ടികളിൽ ആറുമാസം ആറുമാസം കൂടുമ്പോൾ തന്നെ നേത്ര പരിശോധന നടത്തി പവറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊടുക്കേണ്ടതുമാണ്. ചില കുട്ടികളിൽ ചിലപ്പോൾ ഒരു കണ്ണിനാകും കാഴ്ചക്കുറവ് അപ്പോൾ രണ്ടു കണ്ണും തുറന്നിരിക്കുന്ന അവസ്ഥയിൽ അവർക്ക് ഈ കാഴ്‌ചക്കുറവ് മനസ്സിലാകില്ല. ഓരോ കണ്ണും പ്രത്യേകം മാറി മാറി ടെസ്റ്റ് ചെയ്യുമ്പോഴാണ് ഈ കാഴ്ചക്കുറവ് കണ്ടു പിടിക്കേണ്ടത്.
ഷോർട്ട് സൈറ്റ് വരാൻ പ്രത്യേക കാരണമില്ല. പല പ്രായത്തിലും ഇത് തുടങ്ങാറുണ്ട്. പതിനഞ്ചു വയസ്സിനു മുകളിലും ആദ്യമായി ഷോർട്ട് സൈറ്റ് തുടങ്ങിയതായി കാണാറുണ്ട്. എല്ലാ വർഷവും ഒരു നേത്ര പരിശോധന നോർമൽ വിഷൻ ഉള്ള കുട്ടികളിൽ പോലും ഒരു നേത്ര പരിശോധന നൽകുന്നത് നമുക്കിത് നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും. 45 മിനിറ്റോ ഒരു മണിക്കൂറോ ഒക്കെ കണ്ടിന്യൂസ് ആയിട്ട് സ്‌ക്രീനിന്റെ മുൻപിൽ ഇരിക്കുന്ന കുട്ടികളെ നമ്മൾ ഒരു പതിനഞ്ചു മിനിറ്റെങ്കിലും എഴുന്നേൽപ്പിച്ചു കൈ വീശി നടത്തണം. കഴുത്ത് മുകളിലോട്ടും താഴോട്ടും വശങ്ങളിലേക്കും ചലിപ്പിക്കാനും ഷോൾഡർ റൊട്ടേഷൻ ചെയ്യാനും പ്രേരിപ്പിക്കണം. ഒരേ ഇരുപ്പിൽ കഴുത്തിൽ വേദന വരാനും തല വേദന വരാനും ഒക്കെ കാരണമായേക്കാം. അതുകൊണ്ട് കഴുത്തിന്റെ ചെറിയ റിലാക്‌സിങ് എക്സർസൈസും കൂടെ ചെയ്യിക്കണം. അതുപോലെ തന്നെ കണ്ണുകൾ വശങ്ങളിലേക്ക് ചലിപ്പിക്കുന്നതും കറക്കുന്നതും കണ്ണിന്റെ ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ നല്ലതാണ്.
ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുന്നതും മുഖവും കണ്ണും തണുത്ത വെള്ളത്തിൽ കഴുകുന്നതും കണ്ണിന്റെ ക്ഷീണം കുറയ്ക്കാൻ സഹായിക്കും. പഠിക്കുന്ന കുട്ടികളുടെ ഭക്ഷണക്രമവും വളരെ പ്രാധാന്യമർഹിക്കുന്നു. ചെറിയ കുട്ടികളിൽ ബ്രെയിനിന്റെ വളർച്ചയുടെ ഏറിയ പങ്കും ആറുവയസ്സിനുള്ളിൽ തന്നെയാണ് നടക്കുന്നത്. ഈ സമയത്ത് കുട്ടികളുടെ ബ്രെയിനിന്റെ ഡെവലപ്മെന്റിന് ആവശ്യമായ വൈറ്റമിൻസും പോഷക ആഹാരങ്ങളും നമ്മൾ കൊടുക്കേണ്ടതായിട്ടുണ്ട്. അതിൽ ഒരു പ്രധാന ഫാക്ടർ ആണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. ഇത് നമ്മുടെ വെണ്ണയിലും മത്സ്യത്തിലും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൂടുതലായി കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം.
കുട്ടികൾക്ക് ആവശ്യമായ പോഷകഗുണങ്ങളെല്ലാം പാലിലും അടങ്ങിയിട്ടുണ്ട്. അവരുടെ വളർച്ചയ്ക്ക് ആവശ്യമായ ഗ്രോത്ത് ഹോർമോണും പാലിൽ ഉള്ളതുകൊണ്ട് പാലും കുട്ടികൾക്ക് തീർച്ചയായും കൊടുക്കണം. ബ്രേക്ക്ഫാസ്റ്റ് പ്രഭാത ഭക്ഷണം നല്ല രീതിയിൽ എല്ലാ പ്രായത്തിലുള്ള കുട്ടികളെയും നല്ല രീതിയിൽ കഴിപ്പിക്കേണ്ടതാണ്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ അവരുടെ ക്ലാസ് അറ്റൻഡ് ചെയ്യുന്നതിനും ഒക്കെയുള്ള പ്രഭാത സമയത്തേക്കുള്ള തലച്ചോറിലേക്ക് വേണ്ടുന്ന ഊർജം മുഴുവൻ ഈ ബ്രേക്ക്ഫാസ്റ്റിൽ നിന്നാണ് കുട്ടികളിൽ എത്തുന്നത്. ഇപ്പോൾ ഓൺലൈൻ ക്ലാസ്സിന്റെ സമയം ആയതുകൊണ്ട് കുട്ടികൾ വീട്ടിൽ ഉള്ളതു കൊണ്ടും മാതാപിതാക്കൾക്ക് അവരുടെ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും. സ്‌കൂളിൽ പോകുന്ന സമയത്ത് പെട്ടെന്ന് റെഡിയായി പകുതി കുട്ടികളും ഭക്ഷണം കഴിക്കാതെ പോകുന്ന ഒരു പതിവായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഈ ഒരു സമയം നമ്മുടെ കുട്ടികളിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ശീലം കൂടെ വളർത്തിയെടുക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ചു വയസ്സിനു മുകളിലേക്ക് ശാരീരിക വളർച്ച അതായത് നമ്മുടെ മസിലുകളും ബോണും ഡെവലപ്മെന്റ് കൂടുതലായിട്ട് വരുന്ന സമയത്ത് ആവശ്യത്തിന് പ്രോട്ടീനും കാൽസ്യവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം. ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു മുട്ടയോ ഏത്തപ്പഴമോ കുട്ടികൾക്ക് കൊടുക്കാം. പതിനൊന്നു മണി ഒക്കെ ആകുമ്പോൾ അവർക്ക് സ്‌നാക്‌സ് ആയിട്ട് ഡ്രൈ ഫ്രൂട്ട്സോ പഴവർഗങ്ങളോ ഈന്തപ്പഴമോ കപ്പലണ്ടിയോ ഇങ്ങനെയുള്ളവയും കൂടെ കൊടുക്കാവുന്നതാണ്. ഉച്ചയ്ക്ക് ചോറിന്റെ കൂടെ ധാരാളം പച്ചക്കറികൾ കൂടെ കഴിക്കാൻ പ്രേരിപ്പിക്കണം. മീൻ അവർക്ക് വളരെ നല്ലതാണ്. ഇടയ്ക്ക് ചിക്കനോ മാംസ്യം അടങ്ങിയ ഭക്ഷണങ്ങളോ അവർക്ക് കൊടുക്കാവുന്നതാണ്.
കഴിവതും റെഡ് മീറ്റുകൾ കൊച്ചിലേ തന്നെ ഒഴിവാക്കി കൊണ്ടുപോകുന്നതായിരിക്കും നല്ലത്. നാലുമണി സമയങ്ങളിൽ നമുക്ക് കുട്ടികൾക്ക് പയർ വർഗങ്ങളോ കടലയോ ചേർത്തുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാം. അത് ഉണ്ടാക്കി കൊടുക്കാൻ സാധിക്കുന്നില്ലെങ്കിൽ പഴവർഗങ്ങൾ കഴിപ്പിച്ച് ശീലിപ്പിക്കാം. പാലും അധികം പുളിയില്ലാത്ത പഴവർഗങ്ങളും ചേർത്ത് മിക്‌സ് ചെയ്‌ത് ഷേക്ക് ആയി കൊടുക്കാം. കഴിവതും ജ്യൂസ് അല്ലാതെ കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. ജ്യൂസ് ആക്കി കൊടുത്താലും അതിൽ കഴിവതും പഞ്ചസാരയോ മറ്റു മധുരമോ ചേർക്കാതെ വേണം കുട്ടികളെ ശീലിപ്പിക്കാൻ.
രാത്രിയിൽ ഭക്ഷണം കഴിവതും എട്ടരയ്ക്ക് മുന്നായി തന്നെ കൊടുക്കാൻ ശ്രദ്ധിക്കണം. മധുര പാനീയങ്ങളും പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുന്നതു വഴി കുട്ടികളുടെ അമിത വണ്ണം വരാതെ നോക്കാനും നമ്മൾ ശ്രദ്ധിക്കണം. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും ഇലക്ട്രോണിക് ഡിവൈസസ് മാറ്റി വച്ച് അവരെ ശീലിപ്പിക്കുന്നതും അവരുടെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം നമ്മൾ കുട്ടികൾക്ക് കൊടുക്കാൻ ശ്രമിക്കുക. എല്ലാ മഞ്ഞനിറത്തിലുള്ള പഴവർഗങ്ങളിലും വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. വാഴപ്പഴം, ചക്ക ഇതിലെല്ലാം ധാരാളം വൈറ്റമിൻ എ ഉണ്ട്. അതു കൂടാതെ പച്ചക്കറികൾ ഇലക്കറികൾ അതായത് മുരിങ്ങലയില, കറിവേപ്പില ഇവയിലെല്ലാം ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്.
കറിവേപ്പില ഭംഗിയ്ക്കായി കറികളിൽ ഇടാറുണ്ട് അത് കൂടാതെ അരച്ച് ചേർക്കുന്നത് കുട്ടികളുടെ ഉള്ളിൽ ഈ വൈറ്റമിൻ എ ആവശ്യത്തിന് എത്താൻ സഹായിക്കും. കൂടാതെ നമ്മുടെ കുട്ടികളുടെയെല്ലാം വീട്ടിൽ ഒരു മുരിങ്ങ, ഒരു പപ്പായ ഒരു കറിവേപ്പില ഇവ മൂന്നും നിർബന്ധമായും നമ്മൾ നട്ടു വളർത്തിക്കഴിഞ്ഞാൽ അവർക്ക് ആവശ്യമായ വൈറ്റമിൻ എ ഉൾപ്പെടെയുള്ള മിക്കവാറും പോഷക ഗുണങ്ങൾ എല്ലാം അതിൽ നിന്ന് അവർക്ക് നൽകാൻ സാധിക്കും. പുറത്തു നിന്ന് വിഷമയമായ പച്ചക്കറികൾ ഉപയോഗിക്കാതെ ഇവ മൂന്നും ഒരു വാഴ, മുരിങ്ങ, കറിവേപ്പ് ഇവ മൂന്നും നമ്മുടെ വീട്ടിൽ ഉണ്ടായാൽ കുട്ടികൾക്ക് ആവശ്യത്തിനുള്ള പോഷക ഗുണങ്ങൾ നമുക്ക് തീർച്ചയായിട്ടും അതിൽ നിന്ന് ലഭിക്കുന്നതാണ്. ശരിക്കുള്ള ഭക്ഷണക്രമവും വ്യായാമവും സൂര്യപ്രകാശം തട്ടുന്നതും നേത്രസംരക്ഷണവും എല്ലാം ചെയ്‌തു കൊണ്ട് നമുക്കീ കോവിഡ് പ്രതിസന്ധിയിലൂടെ ആരോഗ്യപരമായിട്ട് മുന്നേറാം.
English summary : Padhippura Special Podcast- Dr S Savitha talks about online classes and digital eye strain