ADVERTISEMENT

ജനിതക വ്യതിയാനം വരുത്തിയ ഏതാനും ഭക്ഷ്യവിളകളെ പരിചയപ്പെടാം.ജീന്‍, ജനിതക എന്‍ജിനീയറിങ് - ഇതേക്കുറിച്ചൊക്കെ ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കാനുണ്ടല്ലോ. കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇരുളിൽ പ്രകാശം പരത്തി പറന്നുവരുന്ന മിന്നാമിനുങ്ങുകൾ എന്നും നമുക്കൊരു അദ്ഭുത കാഴ്ചയാണ്.  നമുക്കു ചുറ്റുമുള്ള സസ്യങ്ങൾ മിന്നാമിനുങ്ങുകളെ പോലെ പ്രകാശിച്ചാൽ എന്തൊരു രസമായിരിക്കും അല്ലേ

എന്നാൽ, ഇന്ന് ഇതൊരു അദ്ഭുത കാഴ്ചയല്ല. 1986ൽ കലിഫോർണിയ സര്‍വകലാശാലയിലെ ഡോ.ഡോണൾഡ് ആർ.ഹെലിൻസ്കി (Dr. Donald R.Helinski) യുടെ നേതൃത്വത്തിൽ ഗവേഷകർ മിന്നാമിനുങ്ങിന്റെ പ്രകാശ ഉൽപാദനത്തിനു കാരണമായ ലൂസിഫെറേയ്സ് (Luciferase) ജീൻ അവയുടെ ക്രോമസോമിൽ നിന്നു വേർതിരിച്ചെടുത്ത് പുകയിലച്ചെടിയിൽ വച്ചുപിടിപ്പിച്ചു. ജനിതക വ്യതിയാനം വരുത്തിയ പുകയിലച്ചെടിയുടെ ഇലകൾ അങ്ങനെ രാത്രിയില്‍ പ്രകാശിക്കുവാൻ തുടങ്ങി. 

ഇത്തരത്തിൽ ഒരു ജീവിയുടെ DNAയിൽനിന്നു മുറിച്ചെടുക്കുന്ന അതിന്റെ ജീൻ, ഒരു ബന്ധവുമില്ലാത്ത മറ്റേതെങ്കിലും ജീവിയുടെ DNAയിലേക്ക് (ജനിതക ഘടനയിലേക്ക്) തിരുകിക്കയറ്റുന്ന സാങ്കേതിക വിദ്യയാണ് റീക്കോമ്പിനന്റ് DNA ടെക്നോളജി (Recombinant DNA Technology). 

 

genetically-modified-crops

മനുഷ്യന്റെ ആവശ്യങ്ങൾക്കനുയോജ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി സസ്യങ്ങളിലും ജന്തുക്കളിലും ബാക്റ്റീരിയയിലും വൈറസിലും ധാരാളം ജനിതക വ്യതിയാനങ്ങൾ മനുഷ്യന്‍ നടത്തിയിട്ടുണ്ട്. ഇത്തരം ജനിതക വ്യതിയാനങ്ങൾ വരുത്തിയ ജീവികളെ Genetically Modified Organisms (GMOs) അല്ലെങ്കിൽ Transgenic എന്ന് വിളിക്കുന്നു.

സുവർണ നെല്ല് (Golden Rice) – പോഷകാഹാര ദൗർലഭ്യത്തിന് പരിഹാരം

ലോകത്താകമാനം 300 കോടിയോളം ജനങ്ങൾ അരി മുഖ്യാഹാരമായി ദിവസവും ഉപയോഗിക്കുന്നുണ്ട് എന്നു കണക്കുകൾ പറയുന്നു. എന്നാൽ അരി മുഖ്യാഹാരമായി ഉപയോഗിക്കുന്ന ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളിലെ കോടിക്കണക്കിനു കുട്ടികളിൽ വൈറ്റമിൻ ദൗർലഭ്യം ആരോഗ്യ പ്രശ്നമാണ്. ഇതിനൊരു പരിഹാരമാണ് സുവർണ അരി. വിറ്റാമിൻ A സ്വയം ഉല്‍പാദിപ്പിക്കാൻ കഴിയും എന്നതാണ് ഈ നെല്ലിന്റെ സവിശേഷത. 

ഫ്ലാവർ സാവർ തക്കാളി (Flavr Savr Tomato)

ചരിത്രത്തിൽ ആദ്യമായി പൊതുകമ്പോളത്തില്‍ വില്‍ക്കാൻ അനുവാദം ലഭിച്ച ജനിതകമാറ്റം വരുത്തിയ (GM) ഭക്ഷ്യവസ്തുവായിരുന്നു ഫ്ലാവർ സാവർ തക്കാളി. കലിഫോർണിയയിലെ കാൽജീൻ (Calgene) എന്ന അഗ്രോ ബയോടെക് കമ്പനി 1994ൽ FDA (US Food and Drug Administration) യുടെ അനുമതിയോടെ ഫ്ലാവർ സാവർ തക്കാളി വിപണിയിലിറക്കി. അമേരിക്കയിലെ ഗ്രാമ മേഖലകളിലെ കൃഷിത്തോട്ടങ്ങളിൽനിന്നു വിളവെടുക്കുന്ന പച്ചത്തക്കാളികള്‍ ആയിരക്കണക്കിനു കിലോമീറ്റര്‍  ദിവസങ്ങളോളം സഞ്ചരിച്ച് നഗരപ്രദേശത്തെ വിൽപന കേന്ദ്രങ്ങളിലെത്തുമ്പോഴേക്കും അമിതമായി പഴുത്ത് ഉപയോഗശൂന്യമായി മാറുമായിരുന്നു. 

genetically-modified-crops0pappaya

 

എന്നാൽ, ഫ്ലാവർ സാവർ തക്കാളിയിൽ, പഴുക്കലിനു (Fruit ripening) കാരണമാകുന്ന Polygalacturonase (PG) എൻസൈമിനെ (enzyme) ഉൽപാദിപ്പിക്കുന്ന PG ജീനിന്റെ പ്രവർത്തനത്തെ RNA Silencing എന്ന ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിഷ്ക്രിയമാക്കുന്നു. ഇതോടെ ദിവസങ്ങൾ കഴിഞ്ഞാലും തക്കാളി അമിതമായി പഴുക്കാതെ പുതുമയോടെ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നു. എന്നാൽ ഭീമമായ ഉൽപാദനചെലവും മറ്റ് സാമ്പത്തിക പരാധീനതകളും കാരണം 1997 ഓടെ ഫ്ലാവർ സാവർ തക്കാളിയുടെ ഉൽപാദനം കമ്പനി നിർത്തിവച്ചു.

മഴവിൽ പപ്പായ (Rainbow Papaya)

ഹവായ് ദ്വീപില്‍ പൈനാപ്പിൾ  കഴിഞ്ഞാല്‍, രണ്ടാം സ്ഥാനത്തുള്ള കൃഷിയാണ് പപ്പായ. എന്നാൽ 1990ൽ റിങ് സ്പോട്ട് (Ringspot virus) വൈറസിന്റെ രൂക്ഷമായ ആക്രമണത്താൽ പപ്പായയുടെ ഉൽപാദനം തകർച്ചയിലേക്കു കൂപ്പുകുത്തി.

ഹവായ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചറിന്റെ ധനസഹായത്താൽ ഗവേഷണങ്ങൾ നടത്തപ്പെടുകയും 1992ഓടെ റിങ് സ്പോട്ട് വൈറസ് ആക്രമണത്തെ ചെറുക്കാൻ പര്യാപ്തമായ വിധത്തിലുള്ള ജനിതക വ്യതിയാനം വരുത്തിയ പപ്പായ നിർമിച്ചെടുക്കുകയും ചെയ്തു. അവ മഴവിൽ പപ്പായ എന്ന് അറിയപ്പെട്ടു. 

ജനിതകമാറ്റം വരുത്തിയ ഉരുളക്കിഴങ്ങ്, മത്തൻ, വഴുതന, മധുരക്കിഴങ്ങ്, ചോളം, സോയാബീൻ, കാബേജ് തുടങ്ങിയ വിളകൾ ഇന്നു വിവിധ രാജ്യങ്ങളിൽ വ്യത്യസ്തരീതിയിൽ കൃഷി െചയ്തുകൊണ്ടിരിക്കുന്നു.

ഉയർന്ന പോഷകമൂല്യം, കീടങ്ങളെ െചറുക്കുന്നതിനുള്ള ശേഷി, രോഗപ്രതിരോധ ശക്തി, കഠിനമായ പരിസ്ഥിതികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവ GM വിളകളുടെ സവിശേഷതയാണ്. എന്നാൽ ഇന്ത്യയിൽ Bt കോട്ടൺ (പരുത്തി) ഒഴികെ മറ്റ് GM വിളകൾ കൃഷി ചെയ്യുവാനുള്ള അനുമതി ഗവൺമെന്റ് നൽകിയിട്ടില്ല.

English summary: Genetically modified crops 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com