ഹിറ്റ്ലറിന്റെ ജർമനിയെ തരിപ്പണമാക്കിയ ധ്യാൻചന്ദ്! അനശ്വരനായ ഇന്ത്യൻ ഒളിംപ്യൻ
Mail This Article
1936 ഓഗസ്റ്റ് 1, നാത്‌സി ജർമനിയുടെ തലസ്ഥാനമായ ബെർലിൻ ഒളിംപിക്സ് നടക്കുന്നു. വംശീയവെറിയുടെയും ഏകാധിപത്യത്തിന്റെയും മകുടോദാഹരണമായ അഡോൾഫ് ഹിറ്റ്ലറിന്റെ ഭരണകൂടം ഇതിനു മുൻപും ഇതിനു പിൻപും ഇത്ര കെങ്കേമമായി ഒരു ഒളിംപിക്സ് നടന്നുകാണരുതെന്ന വാശിയിൽ വൻകിട സന്നാഹങ്ങളോടെയാണ് ബെർലിനിലെ ഒളിംപിക്സ് സംഘടിപ്പിച്ചത്. ഉദ്ഘാടന വേദിക്ക് മുകളിൽ ജർമനിയുടെ വമ്പൻ എയർഷിപ്പായ ഹിൻഡെർബെർഗ് സെപ്പലിൻ പറന്നു നിന്നു. ആകെ കമനീയമായിരുന്നു. ബർലിൻ നഗരം അതിന്റെ എല്ലാ പ്രൗഢിയിലും അണിഞ്ഞൊരുങ്ങിനിന്നു.
ഇതിനിടെ യൂറോപ്പിനെ കിടുകിടാവിറപ്പിച്ചുകൊണ്ടിരുന്ന സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ പരിവാരങ്ങളോടൊപ്പം വേദിയിലേക്കെത്തി. നാത്‌സി സൈനികർ ആചാരപ്രകാരമുള്ള സല്യൂട്ട് തങ്ങളുടെ ഫ്യൂറർക്ക് നൽകി. ഹിറ്റ്ലർ വിജയിക്കട്ടെ! എന്നുള്ള മുദ്രാവാക്യങ്ങൾ സ്റ്റേഡിയത്തിൽ ഇടതടവില്ലാതെ മുഴങ്ങി. പല രാജ്യങ്ങളിൽ നിന്നു വന്ന അത്‌ലീറ്റുകൾ ഹിറ്റ്ലർക്ക് ഉപചാരപൂർവം സല്യൂട്ട് നൽകി. എന്നാൽ രണ്ടു കൂട്ടർ അതിനു തയാറായില്ല.
ഒന്ന് യുഎസായിരുന്നു. ഹിറ്റ്ലർ പുലർത്തുന്ന വംശീയത മൂലം അയാൾക്ക് സല്യൂട്ട് നൽകില്ലെന്ന് നേരത്തെ തന്നെ അമേരിക്കൻ അത്‌ലീറ്റുകൾ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. എന്നാൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഹിറ്റ്ലറിനു സല്യൂട്ട് നിഷേധിച്ച രണ്ടാമത്തെ ഒളിംപിക്സ് സംഘം ഇന്ത്യയായിരുന്നു. നാത്‌സി ശൈലികളോടുള്ള എതിർപ്പ് തന്നെയാണ് ധീരമായ ആ നിലപാടിനു വഴിയൊരുക്കിയത്. പിറ്റേന്ന് അത് പ്രധാനമാധ്യമങ്ങളിൽ വാർത്തയായി. അന്ന് ഇന്ത്യൻ സംഘത്തിന്റെ പതാക വഹിച്ചത് ധ്യാൻ ചന്ദാണ്. തൊട്ടുമുൻപ് നടന്ന ഒളിംപിക്സുകളിൽ രണ്ടു തവണ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം. ഇത്തവണ ഹോക്കി ടീമിന്റെ ക്യാപ്റ്റനായായിരുന്നു ധ്യാൻ ചന്ദിന്റെ വരവ്.
വംശീയതാബോധത്തിൽ അടിയുറച്ചു വിശ്വസിക്കാൻ തുടങ്ങിയ അഡോൾഫ് ഹിറ്റ്ലർക്ക് എല്ലാ മത്സരയിനങ്ങളിലും ജർമനി തന്നെ ജയിക്കണമെന്നായിരുന്നു ശാഠ്യം. പ്രത്യേകിച്ച് കറുത്തവർഗക്കാരോ ഏഷ്യക്കാരോ വെളുത്തവർഗക്കാർക്ക് മേൽ വിജയം നേടുന്നത് അയാൾക്ക് സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഒളിംപിക്സിലെ അക്കാലത്തെ ഏറ്റവും കാഴ്ചക്കാരുള്ള ടീം ഗെയിം എന്ന നിലയിൽ ഹോക്കിയിലെ സ്വർണവും ജർമൻ ടീമിനു കിട്ടുമെന്ന് ഹിറ്റ്ലർ പ്രതീക്ഷിച്ചു. ശക്തമായിരുന്നു ബെർലിൻ ഒളിംപിക്സിലെ ജർമൻ ഹോക്കി ടീം. ശക്തമായ പരിശീലനസൗകര്യങ്ങളും മെച്ചപ്പെട്ട ഭക്ഷണക്രമവുമൊക്കെ അത്‌ലീറ്റുകൾക്കായി നാത്‌സികൾ ഏർപ്പെടുത്തിയിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിച്ചില്ല.
എന്നാൽ ഇന്ത്യൻ ടീമിന് ഒട്ടേറെ പരിമിതികളും പരാധീനതകളുമുണ്ടായിരുന്നു. ബ്രിട്ടിഷ് ഭരണത്തിനെതിരെ ശക്തമായ ദേശീയവികാരം കത്തി നിൽക്കുന്ന സമയമായിരുന്നു അത്. ഓരോ ഇന്ത്യൻ മനസ്സും പ്രക്ഷുബ്ധം. ഇവയെല്ലാം ടീമിന്റെ പ്രകടനത്തെ ബാധിക്കാമെന്ന് കായികരംഗത്തെ വിദഗ്ധർ വിധിയെഴുതി. സാമ്പത്തിക പ്രശ്നങ്ങളും ഒട്ടേറെയുണ്ടായിരുന്നു. ഒളിംപിക്സിനു ടീമിനെ അയയ്ക്കാൻ 40000 രൂപയായിരുന്നു വേണ്ടത്. ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ കൈയിലുള്ളത് വെറും 6600 രൂപയും. ബറോഡയിലെയും ഹൈദരാബാദിലെയും ഭരണാധികാരികൾ ഉൾപ്പെടെ കുറച്ച് അഭ്യുദയകാംക്ഷികളുടെ സംഭാവനകൾ കൊണ്ടാണ് ടീമിനെ ബെർലിനിലെത്തിക്കാൻ ഫെഡറേഷന് കഴിഞ്ഞത്.
എങ്കിലും ബെർലിനിൽ ഇന്ത്യയുടെ പ്രകടനം മിന്നിത്തന്നെയായിരുന്നു. ഹംഗറിയെ 4–0 എന്ന സ്കോറിനു തോൽപിച്ചു. യുഎസിനെ എതിരില്ലാതെ ഏഴു ഗോളുകൾക്കും ജപ്പാനെ എതിരില്ലാതെ 9 ഗോളുകൾക്കും സെമി ഫൈനലിൽ ഫ്രാൻസിനെ 10–0 എന്ന സ്കോറിനും ഇന്ത്യ തോൽപിച്ചു. എന്നാൽ എല്ലാവരും കാത്തിരുന്നത് ജർമനിയുമായുള്ള പോരാട്ടമായിരുന്നു. ഹിറ്റ്ലറുടെ ജർമനിയിൽ, നാസി ഭരണകൂടത്തിന്റെ ഈറ്റില്ലമായ ബെർലിനിൽ, പ്രഗത്ഭരായ ജർമൻ പടയുടെ മുന്നിൽ ഇന്ത്യയെന്ന ഏഷ്യൻ ഹോക്കി ശക്തി ഇത്തവണ മുട്ടുമടക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഒളിംപിക്സിനു മുൻപുള്ള പരിശീലനമത്സരത്തിൽ ജർമനി ഇന്ത്യയെ 4–1 ന് തോൽപിച്ചിരുന്നു. ഇതും ഈ വാദത്തിനു ശക്തി പകർന്ന സംഭവമാണ്.
ജർമൻ ടീമും ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും പരകോടിയിലായിരുന്നു. ഫൈനൽ നടക്കുന്നതിനു ദിവസങ്ങൾക്കു മുൻപ് തന്നെ, ഫൈനലിന്റെ അന്നു വൈകുന്നേരം തങ്ങളൊരുക്കുന്ന വിജയാഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടുള്ള കത്തുകൾ അവർ ഇന്ത്യൻ ടീമിന് അയച്ചുകൊടുത്തു. ഒരു തരം അവഹേളനമായിരുന്നു അത്.
1936 ഓഗസ്റ്റ് 15ന് ആയിരുന്നു എല്ലാവരും കാത്തിരുന്ന ആ ഫൈനൽ മത്സരം. ബെർലിനിലെ മത്സരവേദി ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. സ്വാഭാവികമായും അവർ ഭൂരിഭാഗവും ജർമൻ ഹോക്കി ടീമിനായി ആർത്തു മുദ്രാവാക്യങ്ങൾ വിളിച്ചു. മത്സരം കാണുന്നതിനായി അഡോൾഫ് ഹിറ്റ്ലർ നേരിട്ടെത്തിയിരുന്നു. ജർമൻ ടീം വിജയസ്വർണം നേടുന്നത് കാണാനുള്ള പ്രതീക്ഷയുമായി അയാൾ സ്റ്റേഡിയത്തിലെ അതിസുരക്ഷാ സ്റ്റാൻഡിൽ ഇരിപ്പുറപ്പിച്ചു.
താമസിയാതെ കളി തുടങ്ങി. ഉരുക്കുകോട്ട പോലെ നിന്ന ജർമൻ പ്രതിരോധത്തെ തുളച്ചുകയറാൻ ഇന്ത്യൻ ടീം ബുദ്ധിമുട്ടി. അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലാകുന്ന രംഗമായിരുന്നു അത്. ഇതിനിടയിൽ ഗാലറിയിൽ വെടിക്കെട്ടുപോലെയുള്ള കരഘോഷത്തിനും ആർപ്പുവിളിക്കും തുടക്കമിട്ടുകൊണ്ട് ഒരു ഗോൾ ജർമനി അടിച്ചു. പിന്നീടുള്ള സംഭവമായിരുന്നു അതിദാരുണം. മുന്നോട്ടു കയറിക്കളിച്ച ധ്യാൻ ചന്ദ്, ജർമൻ ഗോൾക്കീപ്പറുമായി കൂട്ടിയിടിച്ച് മറിഞ്ഞുവീണു. ഗോൾക്കീപ്പറുടെ സ്റ്റിക് അദ്ദേഹത്തിന്റെ മുഖത്ത് പതിച്ചിരുന്നു. ഇതു മൂലം പരുക്കുപറ്റിയ ധ്യാൻ ചന്ദിനെ മത്സരക്കളത്തിൽ നിന്നു റൂമിലേക്കു കൊണ്ടുപോയി. എല്ലാത്തരത്തിലും നിസ്സഹായമായ അവസ്ഥയിലായി ഇന്ത്യ. കഴിഞ്ഞ രണ്ട് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിനു പകരം ഇത്തവണ തങ്ങൾക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്ന് അവർ ഉറപ്പിച്ചു. ധ്യാൻ ചന്ദിനെ ഡോക്ടർ ചികിത്സിച്ചു. അദ്ദേഹത്തിന്റെ ഒന്നു രണ്ട് പല്ലുകൾ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം തിരികെ കളിക്കാനെത്തില്ലെന്നായിരുന്നു എല്ലാവരുടെയും ചിന്ത.
എന്നാൽ റൂമിൽ നിന്നു വർധിത വീര്യത്തോടെ ധ്യാൻചന്ദ് തിരിച്ചു കളിക്കളത്തിലെത്തി. പിന്നീട് ബെർലിൻ കണ്ടത്, എന്തുകൊണ്ടാണു ധ്യാൻ ചന്ദിനെ ഹോക്കി മാന്ത്രികൻ എന്നു വിളിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ജർമൻ പ്രതിരോധത്തിലേക്ക് അസാമാന്യമായ മെയ്‌വഴക്കത്തോടെയും പന്തടക്കത്തോടെയും ഊളിയിട്ടിറങ്ങിയ ധ്യാൻ ചന്ദ് തുടരെത്തുടരെ മൂന്ന് ഗോളുകൾ അടിച്ചതോടെ ജർമൻ ആത്മവിശ്വാസത്തിൽ വിള്ളലുകൾ വീണു. പിന്നീട് രണ്ടു ഗോളുകൾ കൂടി ധ്യാൻ ചന്ദിന്റെ സ്റ്റിക്കിൽ നിന്നു പിറന്നു. ഇതോടെ കളി മുഴുവനും കാണാൻ കൂട്ടാക്കാതെ അഡോൾഫ് ഹിറ്റ്ലർ വേദി വിട്ടുപോയി. മൂന്നു ഗോളുകൾ മറ്റു ടീമംഗങ്ങൾ കൂടി അടിച്ചതോടെ കരുത്തരായ ജർമനിയെ ഇന്ത്യ മുക്കി. ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. അതിന്റെ ആത്മവിശ്വാസം ഒട്ടേറെക്കാലം ഇന്ത്യൻ ടീമിനു തുണയായി.
1980 വരെയുള്ള കാലയളവിൽ ആകെ 8 തവണയാണ് ഇന്ത്യ ഹോക്കിയിൽ ഒളിംപിക് സ്വർണം കരസ്ഥമാക്കിയത്.
ലോകമെമ്പാടുമുള്ള കായികപ്രേമികൾക്ക് വിരുന്നൊരുക്കി ഒളിംപിക്സ് ഇപ്പോൾ ടോക്കിയോയിൽ പുരോഗമിക്കുകയാണ്. ഒളിംപിക്സ് എന്നു പറയുമ്പോൾ അന്നും ഇന്നും ഇന്ത്യക്കാർക്ക് ആദ്യം ഓർമ വരുന്നത് ധ്യാൻചന്ദ് എന്ന പേരു തന്നെയാകും.1905ൽ യുപിയിലെ അലഹബാദിൽ ജനിച്ച ധ്യാൻ ചന്ദിന് ആദ്യകാലത്ത് ഹോക്കിയിൽ വലിയ താൽപര്യമില്ലായിരുന്നു. പിന്നീട് അദ്ദേഹം സൈന്യത്തിൽ ചേർന്നു. അപ്പോഴാണ് ഹോക്കി ഗൗരവമായി പരിശീലിക്കുന്നതും കളിക്കുന്നതും. നാനൂറിലധികം രാജ്യാന്തര ഗോളുകൾ തന്റെ കരിയറിൽ ഇന്ത്യയ്ക്കായി സൃഷ്ടിച്ച ഈ ഹോക്കി മാന്ത്രികൻ 1958ൽ കളിക്കളത്തിൽ നിന്നു വിരമിച്ചു, 1956ൽ സൈന്യത്തിൽ നിന്നും. മേജർ റാങ്കിലായിരുന്നു ആ വിരമിക്കൽ. ഇന്ത്യ പദ്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള ഈ മഹാപ്രതിഭയുടെ ജന്മദിനമായ ഓഗസ്റ്റ് 29 ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിച്ചു വരുന്നു.
English summary: Dhyan Chand the Hockey Wizard in 1936 Olympics