രാജ്യത്തിന്റെ അഭിമാനമായ ശ്രീഹരിക്കോട്ട !
Mail This Article
1971 ഒക്ടോബർ 9...ആന്ധ്രാതീരത്തുള്ള ശ്രീഹരിക്കോട്ട എന്ന ആരും ശ്രദ്ധിക്കാതെ കിടന്ന ദ്വീപിൽ ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം) സ്ഥാപിച്ച വിക്ഷേപണ കേന്ദ്രത്തിൽ നടന്ന പരീക്ഷണ റോക്കറ്റ് വിക്ഷേപണങ്ങൾ വിജയിച്ചു. അങ്ങനെ കേന്ദ്രം പ്രവർത്തനനിരതമായി. ഇതു കഴിഞ്ഞ് 50 വർഷങ്ങൾ പിന്നിടുന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട ബഹിരാകാശ വിക്ഷേപണങ്ങളിൽ മിക്കതും നടന്നത് ഈ സ്പേസ്പോർട്ടിൽ നിന്നാണ്. തുമ്പ അല്ലാതെയുള്ള ഇസ്റോയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കൂടിയാണ് ശ്രീഹരിക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന സതീഷ് ധവാൻ സ്പേസ് സെന്റർ.
ഉരുക്കുകോട്ട
ആന്ധ്രപ്രദേശിന്റെ കിഴക്കൻ തീരത്ത് പുലിക്കട്ട്് തടാകത്തെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന ദ്വീപായാണ് ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്. നെല്ലൂർ ജില്ലയുടെ ഭാഗമാണ് ഇത്. 16 കിലോമീറ്റർ അകലെയുള്ള സുല്ലൂർപേട്ടയാണ് കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പട്ടണം. അടുത്തുള്ള പ്രധാനനഗരം ചെന്നൈയാണ്, 100 കിലോമീറ്റർ തെക്ക്. 1969ലാണ് ശ്രീഹരിക്കോട്ട ദ്വീപിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം തുടങ്ങിയത്. ആദ്യകാലത്ത് ശ്രീഹരിക്കോട്ട റേഞ്ച് (ഷാർ) എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടത്. 2002 സെപ്റ്റംബറിൽ ഇസ്റോ മുൻ ചെയർമാനും ബഹിരാകാശമേഖലയിലെ ഇന്ത്യയുടെ ഭീഷ്മാചാര്യനുമായ പ്രഫ.സതീഷ് ധവാന്റെ പേര് കേന്ദ്രത്തിനു നൽകി.
ശ്രീഹരിക്കോട്ടയിൽ പോകാൻ പറ്റുമോ?
പോകാം. സ്കൂളുകളുടെയും കോളജുകളുടെയും വിദ്യാഭ്യാസയാത്രാ പരിപാടികൾ സ്പേസ് സെന്റർ അനുവദിക്കാറുണ്ട്.
ശ്രീഹരിക്കോട്ട അതീവസുരക്ഷ നിലനിൽക്കുന്ന സ്ഥലമാണ്. എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ യാത്രികർക്ക് അനുവാദമില്ല. എങ്കിലും ലോഞ്ച് പാഡുകൾ, കൺട്രോൾ സെന്ററുകൾ, സ്പേസ് മ്യൂസിയം തുടങ്ങിയവ കാണാം. റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തുമ്പോൾ കാണാൻ ഇന്ത്യൻ പൗരൻമാർക്ക് അവസരവുമുണ്ട്. ഇതിനായി ഇസ്റോയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. സുല്ലൂർപേട്ടയിൽ റെയിൽവേസ്റ്റേഷനുണ്ട്. ഇങ്ങോട്ടേക്ക് റെയിൽമാർഗമെത്തിയ ശേഷം ശ്രീഹരിക്കോട്ടയിലെത്താം. ചെന്നൈയിൽ നിന്നു റോഡ് മാർഗവും ഇവിടെയെത്താൻ അവസരമുണ്ട്. ഇങ്ങോട്ടേക്കുള്ള ബസ് സർവീസും ലഭ്യം.
ശ്രീഹരിക്കോട്ട വിക്ഷേപണങ്ങൾ
ആകെ– 82
വിജയം–73
പരാജയം–9
പിഎസ്എൽവി
ആകെ –53
വിജയം–51
പരാജയം–2
ജിഎസ്എൽവി
ആകെ –14
വിജയം–10
പരാജയം–4
ജിഎസ്എൽവി മാർക് ത്രീ
ആകെ –4
വിജയം–4
പരാജയം–0
* മറ്റു വിക്ഷേപണങ്ങൾ എസ്എൽവി പോലുള്ള ആദ്യകാല റോക്കറ്റുകൾ ഉപയോഗിച്ച്.
യൂക്കാലിപ്റ്റസ് ടു റോക്കറ്റ്
രണ്ട് വിക്ഷേപണത്തറകളുള്ള സ്പേസ്പോർട്ടാണ് ഇപ്പോൾ സതീഷ് ധവാൻ സ്പേസ് സെന്റർ. 2005ൽ ആണ് രണ്ടാമത്തെ വിക്ഷേപണത്തറ പൂർത്തിയാക്കിയത്. ഇസ്റോയുടെ കൈയിലുള്ള എല്ലാത്തരം റോക്കറ്റുകളെയും വിക്ഷേപിക്കാനുള്ള ശേഷി രണ്ടാമത്തെ വിക്ഷേപണത്തറയ്ക്കുണ്ട്. ഇന്ത്യ ആദ്യമായി സ്വന്തം നിലയിൽ ബഹിരാകാശത്ത് ആളെയെത്തിക്കുന്ന ഭാവി ദൗത്യമായ ഗഗൻയാനെപ്പറ്റി അറിയാമല്ലോ. ഇതിന്റെ വിക്ഷേപണം നടക്കുന്നതും ഇവിടെയാണ്. ഇതു പക്ഷേ, പറന്നുയരുക ഇപ്പോൾ വികസനത്തിലിരിക്കുന്ന മൂന്നാമത്തെ വിക്ഷേപണത്തറയിൽ നിന്നാകും. 500 കോടി രൂപയാണ് മൂന്നാമത്തെ വിക്ഷേപണത്തറയുടെ ചെലവ്.
145 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട് ബഹിരാകാശ കേന്ദ്രത്തിന്. ഭൂമധ്യരേഖയുമായുള്ള അടുത്ത സാമീപ്യവും ജനവാസമില്ലാത്ത വലിയ മേഖലയും വിക്ഷേപണത്തിന് അനുകൂലമായ കാര്യങ്ങളാണ്. 27 കിലോമീറ്ററോളം നീളമുള്ള തീരവും ശ്രീഹരിക്കോട്ടയ്ക്കുണ്ട്.പണ്ട് കാലത്ത് യൂക്കാലിപ്റ്റസ് തോട്ടങ്ങൾ സ്ഥിതി ചെയ്ത മേഖലയായിരുന്നു ദ്വീപ്. പിന്നീട് ഇസ്റോ ഏറ്റെടുത്തു. സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന ദ്വീപ് ഉൾപ്പെടെയുള്ളവ ഷാർ (ശ്രീഹരിക്കോട്ട റേഞ്ച്) സെറ്റിൽമെന്റ് എന്ന ഗ്രാമത്തിന്റെ ഭാഗമാണ്. 2011ലെ സെൻസസ് പ്രകാരം 6,097 പേർ ഇവിടെ താമസിക്കുന്നുണ്ട്.
രോഹിണി മുതൽ മംഗൾയാൻ വരെ
1979 ഓഗസ്റ്റ് 10ന് ആണ് രോഹിണി ടെക്നോളജി പേലോഡ് ഉപഗ്രഹവുമായി ഇന്ത്യയുടെ എസ്എൽവി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തിൽ നിന്നു പറന്നുയർന്നത്. ഈ ആദ്യ ഉപഗ്രഹദൗത്യം ഭാഗികമായി മാത്രമേ വിജയിച്ചുള്ളൂ. റോക്കറ്റിന്റെ രണ്ടാം സ്റ്റേജ് പരാജയപ്പെട്ടതാണു കാരണം.1980 ജൂലൈ 18ന് രോഹിണി ആർഎസ് 1 ഉപഗ്രഹവുമായി വീണ്ടും പരീക്ഷണം നടന്നു.
എസ്എൽവി റോക്കറ്റാണ് ഇത്തവണയും ഉപയോഗിച്ചത്. ഇതു വിജയമായി. ഇന്ത്യ സ്വന്തംനിലയിൽ വിജയകരമായി ബഹിരാകാശത്തെത്തിച്ച ആദ്യ ഉപഗ്രഹം എന്ന പേരും അതോടെ രോഹിണി സ്വന്തമാക്കി. അതൊരു കിടിലൻ യാത്രയുടെ തുടക്കമായിരുന്നു. ബഹിരാകാശ വൻശക്തികളിലൊന്നാകാനുള്ള ഇന്ത്യയുടെ മഹാപ്രയാണത്തിന്റെ ആരംഭം.
1993 സെപ്റ്റംബർ 20ന് ഇന്ത്യയുടെ വിഖ്യാത റോക്കറ്റായ പിഎസ്എൽവിയുടെ ആദ്യ പരീക്ഷണം ശ്രീഹരിക്കോട്ടയിൽ നടന്നു.
എന്നാൽ രണ്ടാം സ്റ്റേജിലെ കുഴപ്പങ്ങൾ മൂലം ഇതു പരാജയമായി. എന്നാൽ 1994 ഒക്ടോബർ 15ന് പിഎസ്എൽവി രണ്ടാം ദൗത്യത്തിൽ വിജയകരമായി കുതിച്ചുയർന്നു.
2001ൽ ആദ്യ ജിഎസ്എൽവി റോക്കറ്റിന്റെ പരീക്ഷണം നടന്നു. 2014 ഡിസംബർ 18ന് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക്ക് ത്രീയും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നു പറന്നു പൊങ്ങി.
ഇന്ത്യയുടെ ഐതിഹാസിക ദൗത്യങ്ങളായ ചന്ദ്രയാൻ 1 (2008), മംഗൾയാൻ (2013), ചന്ദ്രയാൻ 2( 2019) എന്നിവയുടെയൊക്കെ ഉപഗ്രഹവിക്ഷേപണം നടന്നത് ശ്രീഹരിക്കോട്ടയിലെ ഈ ബഹിരാകാശത്തറവാട്ടിലാണ്.
English summary : History of Sriharikota