ADVERTISEMENT

നവംബർ 26- ഭരണഘടനാ ദിനം. രാജ‍്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ കൂടുതൽ വിശേഷങ്ങൾ അറിയാം

 

അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ഓരോ പൗരനെയും ബോധ്യപ്പെടുത്തുന്നതാണു ഭരണഘടന. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണു നമ്മുടേത്. 1949 നവംബർ 26ന് ഭരണഘടനാ നിർമാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിവസമായി ആചരിക്കുന്നു. സംവിധാൻ ദിവസ് എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. മുൻപ് ദേശീയ നിയമദിനമായിരുന്നു നവംബർ 26. സംവിധാൻ ദിവസമായി ആചരിച്ചു തുടങ്ങിയത് 2015ലാണ്.

 

ഭരണഘടനയുടെ ചരിത്രം

 

ഇന്ത്യയിലാദ്യമായി ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത് 1934ൽ എം.എൻ.റോയ് ആണ്. 1940ൽ ഓഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയ്ക്കായി ഒരു ഭരണഘടന എന്ന ആശയം ബ്രിട്ടിഷുകാർ അംഗീകരിച്ചു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടനാ നിർമാണ സഭ രൂപീകരിച്ചതോടെയാണ് ഭരണഘടനയെന്ന സ്വപ്നം യാഥാർഥ്യത്തോടടുത്തത്. ഡോ.രാജേന്ദ്രപ്രസാദായിരുന്നു സഭയുടെ അധ്യക്ഷൻ.

 

1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമാണ സഭ, കരട് നിർമാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി.ആർ.അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. അദ്ദേഹമാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയെന്ന് അറിയപ്പെടുന്നത്. 

1948 ഫെബ്രുവരിയിൽ ഭരണഘടനാ നിർമാണ സഭാ അധ്യക്ഷനു മുന്നിൽ ഭരണഘടന സമർപ്പിക്കുകയും മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. അഭിപ്രായം രേഖപ്പെടുത്താൻ 8 മാസത്തെ സമയമാണ് അനുവദിച്ചത്. 1949 നവംബർ 26ന് ഭരണഘടനാ നിർമാണ സഭ അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു.

 

ഭരണഘടനയുടെ ആത്മാവും ആണിക്കല്ലും 

 

ഭരണഘടനയുടെ ആത്മാവ് എന്ന വിശേഷിപ്പിക്കപ്പെടുന്നത് ആമുഖമാണ്. ഭരണഘടനയുടെ മനസ്സാക്ഷി, താക്കോൽ തുടങ്ങിയ വിശേഷങ്ങണങ്ങളുമുണ്ട്. 

ആമുഖത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് ജവാഹർലാൽ നെഹ്റുവാണ്. 1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. 

ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ആമുഖത്തിൽ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. 1976ലെ 42–ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.

മൗലികാവകാശങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഇന്ത്യയുടെ മാഗ്നകാർട്ട എന്നും ഭരണഘടനയുടെ ആണിക്കല്ല് എന്നും അറിയപ്പെടുന്നു. സർദാർ വല്ലഭ്ഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശിൽപി എന്നറിയപ്പെടുന്നത്.

 

ഭരണഘടനയുടെ ആമുഖം

 

ഭാരതത്തിലെ ജനങ്ങളായ നാം  ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ      റിപ്പബ്ലിക്കായി സംവിധാനം 

ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്ത‌യ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവർക്കെല്ലാമിടയിൽ    വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ  പ്രദാനം ചെയ്യുകയും ചെയ്യുന്നു.

 

* കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ   ഔദ്യോഗിക പരിഭാഷ

 

ഭരണഘടനാ കരട് നിർമാണ കമ്മിറ്റി അധ്യക്ഷൻ ഡോ. ബി.ആർ.അംബേദ്‌കർ, ഭരണഘടനയുടെ പൂർത്തിയായ പ്രതി ഭരണഘടനാ നിർമാണ സഭയുടെ അധ്യക്ഷൻ ഡോ.രാജേന്ദ്രപ്രസാദിനു കൈമാറുന്നു.

 

കടംകൊണ്ട ഭരണഘടന

 

വിവിധ രാജ്യങ്ങളിൽനിന്നും സംവിധാനങ്ങളിൽ നിന്നും ആശയങ്ങൾ സ്വീകരിച്ചിട്ടുള്ളതിനാൽ ഇന്ത്യൻ ഭരണഘടന കടംകൊണ്ട ഭരണഘടന (ബോറോവ്ഡ് കോൺസ്റ്റിറ്റ്യൂഷൻ) എന്ന് അറിയപ്പെടുന്നു. എന്നാൽ, മറ്റുരാജ്യങ്ങളിലെ ഭരണഘടനകളേക്കാൾ  ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിനോടാണ്. ഇതിൽനിന്നാണ് ഗവർണർ പദവി, ഫെഡറൽ ഘടന, പബ്ലിക് സർവീസ് കമ്മിഷൻ തുടങ്ങിയവയെല്ലാം ഭരണഘടന സ്വീകരിച്ചിട്ടുള്ളത്.

 

മറ്റു രാജ്യങ്ങളിനിന്ന് സ്വീകരിച്ച ആശയങ്ങൾ

 

∙ബ്രിട്ടൻ–പാർലമെന്ററി ജനാധിപത്യം, സ്പീക്കർ, ഏക പൗരത്വം, നിയമവാഴ്ച, സിഎജി, തിരഞ്ഞെടുപ്പ് സംവിധാനം, ദ്വിമണ്ഡല സഭ, കാബിനറ്റ് സമ്പ്രദായം, റിട്ടുകൾ, രാഷ്ട്രത്തലവൻ നാമമാത്രമായ അധികാരം.

 

∙ റഷ്യ –മൗലിക കടമകൾ,         പഞ്ചവത്സര പദ്ധതി.

 

∙ ഓസ്ട്രേലിയ– കൺകറന്റ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം

∙ കാനഡ-യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ 

 

∙ജർമനി- അടിയന്തരാവസ്ഥ.

 

∙ ഫ്രാൻസ്-റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം.

 

∙ദക്ഷിണാഫ്രിക്ക-ഭരണഘടനാ ഭേദഗതി .

 

∙ അയർലൻഡ്-പ്രസിഡന്റ് തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള പ്രസിഡന്റിന്റെ നാമനിർദേശങ്ങൾ, നിർദേശക തത്വങ്ങൾ.

 

∙യുഎസ്എ-ആമുഖം, മൗലികാവകാശങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, ഇംപീച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്.

 

English Summary : Hiistory of Indian constitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com