ADVERTISEMENT

ഭോപാലിൽ പത്രപ്രവർത്തകനായിരുന്ന രാജ്കുമാർ കെസ്‌വാനി യൂണിയൻ കാർബൈഡിന്റെ കീടനാശിനി നിർമാണശാലയിലുള്ള സുരക്ഷാ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കാൻ കാരണമുണ്ടായിരുന്നു. ചോർച്ചയുണ്ടായാൽ സംഭവിക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവിടെ ജോലി ചെയ്തിരുന്ന സുഹൃത്ത് മുഹമ്മദ് അഷ്റഫ്, കെസ്‌വാനിയോടു പറഞ്ഞിരുന്നു. വൈകാതെ അത്തരമൊരു ചോർച്ചയെത്തുടർന്ന് ആ സുഹൃത്ത് മരിക്കുകയും ചെയ്തു. കമ്പനിയുടെ  രഹസ്യരേഖകളും സന്ദേശങ്ങളും സമർഥമായി ചോർത്തിയെടുത്ത കെസ്‌വാനി 1982 മുതൽ ഒട്ടേറെ അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. അക്കാലത്ത് അദ്ദേഹത്തിനു ലഭിച്ച ഒരു കമ്പനി രേഖയിൽ മീഥൈൽ ഐസോസയനേറ്റ് ഫോസ്ജീൻ പോലുള്ള വാതകങ്ങളായി മാറുന്നതിനെക്കുറിച്ചു പരാമർശമുണ്ടായിരുന്നു. ഫോസ്‌ജീൻ എന്ന വാക്ക് കെസ്‌വാനിയെ നടുക്കി. അതിനു മുൻപ് ആ വാക്ക് അദ്ദേഹം കണ്ടത് രണ്ടാം ലോകയുദ്ധത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിലായിരുന്നു. നാത്‌സികൾ ഗ്യാസ് ചേംബറുകളിൽ ജൂതവംശജരെ ഉന്മൂലനം ചെയ്യുന്നതിന് ഉപയോഗിച്ച രാസപദാർഥമായിരുന്നു ഫോസ്‌ജീൻ. 

അഗ്നിപർവതത്തിന്റെ മുകളിലെ ഭോപാൽ

ഭോപാലിനെ കാത്തിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് കെസ്‌വാനി ബോധവാനായി. തെളിവുകൾ സഹിതം ഒട്ടേറെ വാർത്തകൾ എഴുതി. ചോർച്ചയുള്ള പൈപ്പുകൾ ആവരണം ചെയ്യാൻ വില കുറഞ്ഞ പദാർഥം ഉപയോഗിച്ചാൽ മതിയെന്നു നിർദേശിച്ച് യൂണിയൻ കാർബൈഡിന്റെ യുഎസിലെ ആസ്ഥാനത്തു നിന്ന് ഇന്ത്യയിലെ മാനേജർക്ക് അയച്ച സന്ദേശമടക്കം അദ്ദേഹം പുറത്തുവിട്ടു. ആ വാർത്തകളിൽ ചിലതിന്റെ തലക്കെട്ടുകളിലൂടെ കണ്ണോടിക്കുമ്പോൾ എത്രമാത്രം പ്രവചനാത്മകമായിരുന്നു അതെന്നു നമുക്ക് മനസ്സിലാകും. ‘ദയവായി രക്ഷിക്കൂ, ഈ നഗരത്തെ രക്ഷിക്കൂ’, ‘ഭോപാൽ ഇരിക്കുന്നത് അഗ്നിപർവതത്തിന്റെ വക്കത്ത്’, ‘മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾ തുടച്ചുമാറ്റപ്പെടും’, ‘ഉണരൂ, ഭോപാൽ ഉണരൂ’..തുടങ്ങിയവ അതിൽ ഏതാനും ചില തലക്കെട്ടുകൾ മാത്രം. ആ വാർത്തകളെ ഭരണകൂടമോ കമ്പനിയോ കണ്ടതായി നടിച്ചില്ല.

ജീവൻ നഷ്ടപ്പെട്ടത് ആയിരങ്ങൾക്ക്

രാജ്‌കുമാർ കെസ്‌വാനി ഭയപ്പെട്ടത് 1984 ഡിസംബർ 2ന് അർധരാത്രി സംഭവിച്ചു. യൂണിയൻ കാർബൈഡിന്റെ നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് മീഥൈൽ ഐസോസയനേറ്റ് ചുറ്റുപാടും പടർന്നു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലായിരുന്നു കീടനാശിനി നിർമാണശാല സ്ഥിതിചെയ്തിരുന്നത് എന്നതിനാൽ ദുരന്തത്തിന്റെ തീവ്രത കൂടി. 45 ടൺ വാതകമാണ് ചോർന്നത്. 2,259 പേർ അപ്പോൾത്തന്നെ കൊല്ലപ്പെട്ടു. ഔദ്യോഗിക കണക്കനുസരിച്ച് ഭോപാൽ വിഷവാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,787 ആണ്. എന്നാൽ എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണമെന്നാണ് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിഷവാതകം ശ്വസിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി മല്ലടിച്ച് മരണമടഞ്ഞവരെക്കൂടി പരിഗണിക്കുമ്പോൾ മരണസംഖ്യ 15,000–20,000 ആകാം. 

ഇപ്പോഴും വിഷമയം

അഞ്ചരലക്ഷത്തിലേറെപ്പേർ വിഷവാതകത്തിന്റെ കെടുതികൾ അനുഭവിച്ചു. പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ പോലും ആ ദുരന്തത്തിന്റെ ഇരകളായി മാറുന്നു. അവർ കുടിക്കുന്ന മുലപ്പാലിൽ പോലും അപകടകരമായ രാസപദാർഥങ്ങളുണ്ട്. കുടിക്കുന്ന വെള്ളവും ചവിട്ടുന്ന മണ്ണും പതിറ്റാണ്ടുകൾക്ക് ഇപ്പുറവും വിഷമയമായി തുടരുന്നു. കാർബരൈൽ, മെർക്കുറി, ക്രോമിയം, നാഫ്തോൾ തുടങ്ങിയവയുടെ സാന്നിധ്യം അനുവദനീയമായതിലുമേറെ അളവിലുണ്ട്. 400 ടണ്ണിലേറെ വ്യാവസായിക അവശിഷ്ടങ്ങൾ ഇപ്പോഴുമുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായി ഭോപാൽ ദുരന്തം ഭൂപടത്തിൽ അടയാളപ്പെടുന്നു. 

സുരക്ഷയിലെ അനാസ്ഥ

ദുരന്തം നടക്കുന്ന കാലത്ത് കീടനാശിനികൾ ഉൽപാദിപ്പിച്ചിരുന്നില്ലെങ്കിലും അതിമാരകമായ രാസവസ്തുക്കൾ വേണ്ടത്ര സുരക്ഷയില്ലാതെ കൂടിക്കിടക്കുകയായിരുന്നു. അതിവേഗം പ്രതിപ്രവർത്തിക്കുന്ന മീഥൈൽ ഐസോസയനേറ്റ് കർശനമായ മുൻകരുതലുകൾ എടുക്കാതെ ടാങ്കറുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുരുമ്പെടുത്ത പൈപ്പ് നന്നാക്കുന്നതിനിടെ പലയിടത്തും ചോർച്ചയുണ്ടാകുകയും അതിലൂടെ വെള്ളം ടാങ്കിലേക്ക് എത്തുകയും പ്രതിപ്രവർത്തനം നടക്കുകയുമായിരുന്നു എന്നാണ് കമ്പനി വിശദീകരിച്ചത്. താപനില കൂടിയതോടെ ടാങ്കിന്റെ മൂടി തകർന്ന് വാതകം ചോർന്നു. ചോർച്ച തടയാനുണ്ടായിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ നിർജീവമായതു ദുരന്തത്തിന്റെ ആക്കം കൂട്ടി. 

അനാസ്ഥ വിചാരണയിലും

യൂണിയൻ കാർബൈഡിന്റെ മേധാവിയായിരുന്ന വാറൻ ആൻഡേഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തുക കെട്ടിവച്ച് പുറത്തിറങ്ങി രാജ്യം വിട്ടു. നരഹത്യാക്കുറ്റം ചുമത്തപ്പെട്ട ആൻഡേഴ്സനെ രക്ഷപ്പെടുത്താൻ രാഷ്ട്രീയ ഇടപെടലുകളുണ്ടായെന്നു പിൽക്കാലത്തു വെളിപ്പെടുത്തലുമുണ്ടായി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇന്ത്യയിലെ ഒരു നീതിന്യായ കോടതിയുടെ മുന്നിലും വിചാരണ ചെയ്യാൻ ആൻഡേഴ്സനെ വിട്ടുകിട്ടിയില്ല. ഭോപാൽ ദുരന്തത്തിന് ഇരയായ മനുഷ്യർ കാഴ്ച നഷ്ടമായും കാൻസർ പിടിപെട്ടും നരകിക്കുമ്പോൾ ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഒരിടത്ത് അത്യാഡംബര ജീവിതം നയിക്കുകയായിരുന്നു വാറൻ ആൻഡേഴ്സനെന്ന കുറ്റവാളി. ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനു സർക്കാർ യൂണിയൻ കാർബൈഡുമായി ഉടമ്പടിയുണ്ടാക്കിയെങ്കിലും ദുരന്തതീവ്രതയ്ക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരം നേടിയെടുക്കാൻ കഴിഞഞില്ല. 

ഭോപാൽ ദുരന്തത്തിന്റെ തീവ്രത ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എത്തിച്ച പുസ്തകമാണ് ഡൊമിനിക് ലാപിയറും ജാവിയേർ മോറോയും ചേർന്നെഴുതിയ ‘ഫൈവ് പാസ്റ്റ് മിഡ്‌നൈറ്റ് ഇൻ ഭോപാൽ’. ‘ഭോപാൽ: എ പ്രെയർ ഫോർ റെയിൻ’ എന്ന സിനിമയും വിഷവാതകച്ചോർച്ചയുടെ പശ്ചാത്തലത്തിലുള്ളതാണ്.

English Summary : Bhopal gas tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com